'ഇതുകൊണ്ടാണ് എല്ലാവരും വിദേശ മാനേജർമാരെ ഇഷ്ടപ്പെടുന്നത്'; ഇന്ത്യൻ യുവാവിന്‍റെ വെളിപ്പെടുത്തൽ വൈറൽ, വീഡിയോ

Published : Jun 22, 2026, 12:20 PM IST
foreign managers

Synopsis

മകന്‍റെ ആദ്യ പ്രീസ്‌കൂൾ ദിനത്തിൽ ജോലിക്ക് കയറിയ ഇന്ത്യൻ പ്രൊഫഷണലിന് നിർബന്ധിത അവധി നൽകിയ വിദേശ മാനേജരുടെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സൗരഭ് വർമ്മ എന്നയാൾ പങ്കുവെച്ച ഈ സംഭവം, ഇന്ത്യൻ തൊഴിൽ സംസ്കാരത്തെയും വർക്ക്-ലൈഫ് ബാലൻസിനെയും കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായി. ജീവനക്കാരോടുള്ള മാനേജർമാരുടെ സഹാനുഭൂതിയുടെ പ്രാധാന്യവും ഇത് എടുത്തു കാണിക്കുന്നു.

 

ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചും (Work Life Balance) തൊഴിലിടങ്ങളിലെ മാനുഷിക പരിഗണനകളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പുതിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ഇന്ത്യൻ പ്രൊഫഷണലിന്‍റെ അനുഭവം. തന്‍റെ മകന്‍റെ ആദ്യ പ്രീസ്‌കൂൾ ദിവസം ജോലി ചെയ്യുന്നത് വിലക്കിയ മാനേജർ തനിക്ക് നിർബന്ധ അവധി നൽകിയെന്നും ഒപ്പം മകനോടൊപ്പം സമയം ചിലവഴിക്കാൻ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. സൗരഭ് വർമ്മ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്‍റെ അനുഭവം ഇന്‍സ്റ്റാഗ്രാമിൽ പങ്കവച്ചത്. വീഡിയോ ഇതിനോടകം വൈറലാവുകയും ഇന്ത്യൻ തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.

വൈകിയെത്തിയ കാരണം പറഞ്ഞപ്പോൾ അമ്പരപ്പിച്ച് മനേജർ

തന്‍റെ മകന്‍റെ ആദ്യ പ്രീസ്‌കൂൾ ദിവസം സൗരഭ് ഓഫീസിലെ മീറ്റിംഗിൽ അല്പം വൈകിയാണ് കയറിയത്. മീറ്റിംഗിൽ എത്താൻ വൈകിയ കാരണം മാനേജറോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ പ്രതികരണം കേട്ട് അമ്പരന്നെന്നും സൗരവ് പറയുന്നു. 'ഈയൊരു ദിവസം നീ എന്തിനാണ് ജോലിക്ക് കയറിയത്?' എന്നായിരുന്നു വിദേശിയായ മാനേജരുടെ ചോദ്യം. "സൗരഭ്, നീ എന്തിനാണ് ഇന്ന് ജോലി ചെയ്യുന്നത്? ഇത് നിന്‍റെ കുട്ടിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. നീ ഇന്ന് അവനോടൊപ്പം ഉണ്ടായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്." എന്ന് മാനേജർ പറഞ്ഞതായി സൗരഭ് വീഡിയോയിൽ വ്യക്തമാക്കി. പ്രീസ്‌കൂളിലെ ആദ്യ ദിനമായതിനാൽ കുട്ടിക്ക് ഭയമോ ആശങ്കയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ മാതാപിതാക്കളുടെ സാന്നിധ്യം കുട്ടിക്ക് ആത്മവിശ്വാസം നൽകുമെന്നും ബോസ് സൗരഭിനെ ഓർമ്മിപ്പിച്ചു. ഉടൻ തന്നെ ലോഗ് ഔട്ട് ചെയ്ത് കുട്ടിയുടെ അടുത്തേക്ക് പോകാൻ മാനേജർ ആവശ്യപ്പെട്ടെന്നും സൗരഭ് വെളിപ്പെടുത്തി.

 

 

'ഇന്ത്യക്കാർ കണ്ട് പഠിക്കണം'

തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ മാനേജർമാരുടെ സമീപനത്തെ സൗരഭ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഒരു ഇന്ത്യൻ മാനേജർക്ക് ഇത്തരമൊരു കാര്യം ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് സൗരഭ് പറയുന്നു. "ഒരു ഇന്ത്യൻ മാനേജരാണെങ്കിൽ മിക്കവാറും പറയാൻ സാധ്യതയുള്ളത്, 'ശരി, നിങ്ങൾ കുട്ടിയെ സ്കൂളിലാക്കി കഴിഞ്ഞല്ലോ, ഇനി അവിടെ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ, അതുകൊണ്ട് നമുക്ക് ജോലി തുടരാം' എന്നായിരിക്കും" എന്ന് സൗരഭ് പരിഹസിക്കുന്നു. ഇന്ത്യൻ മാനേജർമാരും വിദേശ മാനേജർമാരും തമ്മിൽ ജീവനക്കാരോട് പുലർത്തുന്ന സഹാനുഭൂതിയിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിലെ ചില സുപ്രധാന നിമിഷങ്ങൾ ഓഫീസ് ജോലികളേക്കാൾ വളരെ വിലപ്പെട്ടതാണെന്ന് ഇന്ത്യൻ മാനേജർമാർ മനസ്സിലാക്കണമെന്നും വിദേശ സംസ്കാരങ്ങളിൽ നിന്ന് ഇത് കണ്ട് പഠിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യൻ മാനേജർമാരിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി പേരാണ് എഴുതിയത്. പല മാനേജർമാരും ജീവനക്കാരുടെ വ്യക്തിജീവിതത്തിന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും ചിലർ വിമർശിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തൂത്തുക്കുടിൽ 'കൂറ്റൻ ടോർനാഡോ', വൻ നാശനഷ്ടം; വീഡിയോ
മഴ തുടങ്ങിയില്ല, അതിനുമുമ്പ് ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്; 'ഗംഭീര ഓപ്പൺ ഷവർ' എന്ന് പരിഹസിച്ച് നെറ്റിസെൺസ്