
വിക്കി കൗശല്‍, തൃപ്തി ദിംറി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ബാഡ് ന്യൂസ്. ഈ സിനിമയിലെ തൊബ തൊബ എന്ന പാട്ട് ഇപ്പോൾ ഇൻസ്റ്റ റീലുകളിലെ താരമാണ്. ഒരു ദിവസം ഒരാളെങ്കിലും ഇതിന് ചുവടു വയ്ക്കാൻ ശ്രമിക്കുന്നത് നമ്മുടെ ഫീഡിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. എന്നാൽ, സകലതിനേയും കടത്തിവെട്ടുന്ന, പ്രൊഫഷണൽ ഡാൻസർമാരെ വരെ വെല്ലുവിളിക്കുന്ന ഒരു പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തിനേറെ പറയുന്നു, സാക്ഷാൽ വിക്കി കൗശലിനെ വരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഈ അസാധ്യ പ്രകടനം.
'വാവ്' (wow) എന്നാണ് വീഡിയോയ്ക്ക് വിക്കി കൗശലിന്റെ കമന്റ്. കൊറിയോഗ്രാഫർ ബോസ്‌കോ മാർട്ടിസും വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. യുവതിയുടെ പ്രകടനം കാണുമ്പോൾ നമുക്കും മനസിലാകും ഈ കമന്റുകളിൽ അതിശയപ്പെടേണ്ടതില്ല എന്ന്. ആരെക്കൊണ്ടും കയ്യടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വീഡിയോയിലുള്ള യുവതി നടത്തുന്നത്. sad_rupaa -യാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുമ്പും ഇതുപോലെ പല ഡാൻസുകളുടെയും വീഡിയോകൾ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്തായാലും, ഈ പ്രകടനം അതിഗംഭീരമെന്നും പെർഫെക്ട് എന്നും പറയാതെ യാതൊരു തരവുമില്ല. 30 ലക്ഷം ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതുവരെയായി കിട്ടിയിരിക്കുന്നത്. വീഡിയോയിൽ ഒരു കുഞ്ഞുവീട്ടിന് മുന്നിൽ വച്ച് യുവതി ഡാൻസ് ചെയ്യുന്നത് കാണാം. അവൾക്കൊപ്പം രണ്ട് കുട്ടികളും കൂടിയുണ്ട്. അവരും ചുവടുകൾ വയ്ക്കാൻ ശ്രമിക്കുന്നുണ്ട്. യുവതിയുടെ കുട്ടികളാണോ ഇത് എന്ന് വ്യക്തമല്ല. എന്തായാലും യുവതിയുടെ പ്രകടനത്തിൽ പലരും ശരിക്കും അമ്പരന്നു പോയിട്ടുണ്ട്. ഒരുപാട് പേരാണ് യുവതിയെ അഭിനന്ദിച്ചു കൊണ്ട് കമന്റുകളും നൽകിയിരിക്കുന്നത്.
വൈറലായ ആ വീഡിയോ കാണാം: