ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; വളർത്തുനായക്കൊപ്പം നടക്കാനിറങ്ങിയ യുവതി, പാഞ്ഞടുത്ത് കൂറ്റൻ കരടി

Published : Jun 27, 2026, 04:50 PM IST
viral video

Synopsis

വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്കു നേരെ പാഞ്ഞടുത്ത് കൂറ്റൻ കരടി. ഭയന്നോടാതെ ധൈര്യത്തോടെ ഉറച്ചുനിന്ന് യുവതി. ഞെട്ടിക്കുന്ന വീഡിയോ വൈറല്‍. മുന്നറിയിപ്പുമായി അധികൃതര്‍.

രാവിലെ വളർത്തുനായ്ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിച്ച് നടക്കാനിറങ്ങിയതാണ് ആ യുവതി. എന്നാൽ, ഏതാനും നിമിഷങ്ങൾക്കകം മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. കാനഡയിലെ ആൽബർട്ടയിൽ നിന്നുള്ള, ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 180 കിലോഗ്രാം ഭാരമുള്ള ഒരു കൂറ്റൻ കരടിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഒരു യുവതിയും അവരുടെ വളർത്തുനായയും രക്ഷപ്പെട്ടത്.

ആൽബർട്ടയിലെ 'മൗണ്ട് എൻഗഡിൻ ലോഡ്ജിന്' സമീപമുള്ള വനപാതയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, യുവതിയെയും നായയെയും ഒരു കൂറ്റൻ കരടി പിന്തുടരുന്നതും പലതവണ ആക്രമിക്കാൻ പാഞ്ഞുവരുന്നതും വ്യക്തമായി കാണാം. കരടിയെ കണ്ട് ഭയന്നോടാതെ, അസാധാരണമായ ആത്മസംയമനത്തോടെയാണ് യുവതി സാഹചര്യത്തെ നേരിട്ടത്. നായ കരടിക്ക് നേരെ തിരിയുമ്പോഴെല്ലാം യുവതി ശാന്തത കൈവിടാതെ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

'ഇല്ല, പോകൂ...' എന്ന് യുവതി ഉറക്കെ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും, പെട്ടെന്ന് വേഗത കൂട്ടിയ കരടി ഭയപ്പെടുത്തുന്ന രീതിയിൽ അവർക്ക് നേരെ പാഞ്ഞടുത്തു. യുവതി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ഓടാൻ നിൽക്കാതെ ഉറച്ചുനിന്നു. ഇതോടെ ആക്രമണത്തിൽ നിന്ന് പിന്മാറിയ കരടി കാട്ടിലേക്ക് കയറി അവരെത്തന്നെ നിരീക്ഷിക്കാൻ തുടങ്ങി. ഈ സമയം, യുവതി നായയുമായി പാർക്കിംഗ് ഏരിയ ലക്ഷ്യമാക്കി വേഗത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ആൽബർട്ട ഫോറസ്ട്രി ആൻഡ് പാർക്ക്സ് വകുപ്പ് ഈ പ്രദേശത്തും സമീപത്തുള്ള മൗണ്ട് ഷാർക്ക് റോഡ്, റമ്മൽ തടാക പാത എന്നിവിടങ്ങളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്: 'ഒരു കൈയിൽ നായയുടെ ലീഷും മറുകൈയിൽ ഫോണുമായി ഒരു ഗ്രീസ്ലി കരടിയെ നേരിടുക! ഈ സ്ത്രീയുടെ ധൈര്യം സമ്മതിക്കണം. ഞാനായിരുന്നെങ്കിൽ പേടിച്ചു വിറച്ചുപോയേനെ' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 'അത്രയും വലിയൊരു കരടി തൊട്ടുമുന്നിൽ വന്നിട്ടും അവർ ഓടിയില്ല. ഓടിയിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനെ. അവരുടെ ധൈര്യത്തിന് ബിഗ് സല്യൂട്ട്' എന്നും കമന്റുകൾ വരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഫ്രീയായി യാത്ര ചെയ്യണമെന്ന് പൊലീസുകാരൻ, സമ്മതിക്കാതെ ഓട്ടോ ഡ്രൈവർ, അസഭ്യവർഷം; ​ഗുരു​ഗ്രാമിൽ നിന്നുള്ള ദൃശ്യങ്ങൾ
എന്‍റെ മരുമോള് കഴിച്ചോളും; തങ്കക്കുടം തന്നെ ഈ അമ്മായിഅമ്മ, ഒരുപെട്ടി മാമ്പഴം, ബിഹാറില്‍ നിന്നും ബാംഗ്ലൂരിലേക്ക്