
തിരക്കേറിയ മുംബൈയിലെ റോഡിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരക്കുള്ള സമയത്ത് റോഡിൽ ഒരു യുവതി തന്റെ കാറിനുള്ളിലിരുന്ന് ഉറങ്ങിപ്പോയി. തുടർന്ന് മറ്റ് യാത്രക്കാർ ആകപ്പാടെ കൺഫ്യൂഷനിലാവുകയും ഇവിടെ വലിയ ട്രാഫിക് ബ്ലോക്കുണ്ടാവുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, യുവതിയുടെ കാർ റോഡിന് നടുവിൽ അനങ്ങാതെ കിടന്നതോടെ പിന്നാലെ വന്ന വാഹനങ്ങൾ ഒന്നൊന്നായി റോഡിൽ കുടുങ്ങുകയായിരുന്നു. കാർ എന്തുകൊണ്ടാണ് മുന്നോട്ട് എടുക്കാത്തതെന്ന് മനസിലാകാതെ പിന്നിലുള്ള ഡ്രൈവർമാർ ആകെ കൺഫ്യൂഷനിലായി.
റോഡിൽ ഏറെ നേരമായി കാർ അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രക്കാരനാണ് ഒടുവിൽ കാര്യത്തിൽ ഇടപെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാൻ യുവാവ് കാറിനടുത്തേക്ക് ചെന്നു. യുവതി കാറിനുള്ളിൽ കിടന്ന് ഉറങ്ങുന്നതാണ് അദ്ദേഹം കണ്ടത്. തുടർന്ന് യുവാവ് കാറിന്റെ വിൻഡോയിൽ തട്ടി അവരെ പതുക്കെ വിളിച്ച് ഉണർത്തുകയായിരുന്നു. ഉറക്കമുണർന്ന് സാഹചര്യം മനസ്സിലാക്കിയ യുവതി ഉടൻ തന്നെ കാർ അവിടെനിന്ന് മാറ്റുകയും ചെയ്തു. അതിനുശേഷമാണ് റോഡിലെ ഗതാഗതം പതുക്കെ സാധാരണ നിലയിലായത്. അതേസമയം, യുവതിയോട് വണ്ടി നീക്കാൻ പറഞ്ഞപ്പോൾ യുവാവിന്റെ ബൈക്ക് അവിടെ നിന്നും എടുത്ത് മാറ്റ് എന്നാണ് യുവതി പറഞ്ഞത്. ഇത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവര്‍ ജോലിസമ്മര്‍ദ്ദം കാരണം ഉറങ്ങിപ്പോയതായിരിക്കാമെന്നും വെറുപ്പ് പ്രചരിപ്പിക്കരുത് എന്നും യുവാവ് ക്യാപ്ഷനില്‍ പറയുന്നുണ്ട്. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. നടുറോഡിൽ എങ്ങനെയാണ് യുവതി ഉറങ്ങിപ്പോയത് എന്നാണ് പലരും ചോദിച്ചത്. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളെ കുറിച്ചും പലരും സൂചിപ്പിച്ചു. അതേസമയം, മറ്റ് അപകടങ്ങളുണ്ടാവാത്തത് വലിയ ഭാഗ്യമാണ് എന്ന് പ്രതികരിച്ചവരും ഉണ്ട്. ഉറക്കം വന്നാൽ എവിടെയെങ്കിലും വണ്ടി സൈഡാക്കി ഉറങ്ങുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.