
വന്യജീവികളുടെ അനേകം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. സോഷ്യൽ മീഡിയ സജീവമായതിനാൽ തന്നെ അത്തരം പല കാഴ്ചകളും നമുക്ക് പരിചിതമായി കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മൃഗങ്ങളുടെയും പക്ഷികളുടെയും കാടിന്റെയും എല്ലാം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട് 'നേച്ചർ ഈസ് അമേസിങ്' എന്ന അക്കൗണ്ട്. അതിൽ നിന്നുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഒരു ദിവസം നിങ്ങൾ വീട്ടിലെത്തി താക്കോലിട്ട് വാതിൽ തുറക്കുന്നു. എന്നാൽ, തുറക്കുന്ന ഉടനെ നിങ്ങൾ കാണുന്നത് നിങ്ങൾക്ക് നേരെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളാണ്. അതും മനുഷ്യരുടെ കണ്ണുകളല്ല, ഒരു കടുവയുടെ കണ്ണുകൾ. എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. ഓടുന്ന വഴിക്ക് പുല്ലുപോലും മുളക്കില്ല അല്ലേ? അത് തന്നെയാണ് ഈ വീഡിയോയിലും കാണുന്നത്.
ഒരു സ്ത്രീ താക്കോൽ ഉപയോഗിച്ച് ഒരു വാതിൽ തുറക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. അപ്പോൾ അപ്പുറത്ത് അവരെ തുറിച്ച് നോക്കി നിൽക്കുന്ന കണ്ണുകൾ കാണാം. അവർ വാതിൽ കുറച്ചുകൂടി തുറക്കുമ്പോഴാണ് അത് കടുവയാണ് എന്ന് വ്യക്തമായി കാണുന്നത്.
എന്നാൽ, അവർ പെട്ടെന്ന് വാതിൽ വലിച്ചടക്കുന്നില്ല, ഒന്നുകൂടി തുറക്കാൻ നോക്കുമ്പോൾ കടുവ മുന്നോട്ടായുന്നതും അവർ അപ്പോൾ തന്നെ വാതിൽ അടയ്ക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 'നിങ്ങൾ നിങ്ങളുടെ വാതിൽ തുറക്കുമ്പോൾ ഇങ്ങനെയൊരു കാഴ്ചയാണ് കാണുന്നത് എന്ന് സങ്കല്പിക്കൂ, എന്ത് ചെയ്യും' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ ചോദിച്ചിരിക്കുന്നത്. നിരവധിപ്പേർ ഇതിന് കമന്റുകൾ നൽകിയിട്ടുണ്ട്. കുറച്ചുപേർ രസകരമായ കമന്റുകൾ നൽകിയപ്പോൾ മറ്റ് ചിലർ പേടിയാണ് പങ്കുവച്ചത്. എന്തായാലും, ഈ വീഡിയോ പകർത്തിയത് എവിടെ നിന്നാണ് എന്ന് വ്യക്തമല്ല.