
വിദേശത്ത് താമസിക്കുന്ന അനേകം ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ അവിടെ നിന്നുള്ള വ്യത്യസ്തങ്ങളായ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ന്യൂയോർക്ക് സിറ്റിയിൽ നിന്നും ഒരു യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വിദേശത്ത് പോയാൽ അധികമാരും സാരി ധരിക്കാൻ മെനക്കെടാറില്ല അല്ലേ? അത് മിക്കവാറും അത്ര ധരിക്കാനും ധരിച്ചിട്ട് നടക്കാനും സുഖകരമാവില്ല, ആളുകൾ അമ്പരപ്പോടെ നോക്കും തുടങ്ങി ഒരുപാട് കാരണങ്ങൾ അതിനുണ്ട്. എന്നാൽ, ന്യൂയോർക്ക് സിറ്റിയിൽ സാരി ധരിച്ച് പോയ ഒരു അനുഭവമാണ് ഒരു യുവതി ഇവിടെ ഷെയർ ചെയ്തിരിക്കുന്നത്.
യുവതി പറയുന്നത്, ആദ്യം സാരി ധരിച്ച് ഇറങ്ങിയപ്പോൾ ന്യൂയോർക്ക് സിറ്റിയാണ് എന്നതുവച്ച് നോക്കുമ്പോൾ താൻ അല്പം ഓവറായി ഡ്രസ് ചെയ്തതായി തോന്നി എന്നാണ്. എന്നാൽ, ഇന്ത്യക്കാരായ കുറച്ച് ആന്റിമാരോട് അഭിപ്രായം ചോദിച്ചപ്പോഴാണ് യുവതിക്ക് സമാധാനമായത്. അവരുടെ പ്രതികരണമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
യുവതി ആന്റിമാരോട് തന്റെ വസ്ത്രരീതി അല്പം ഓവറാണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അല്ല എന്നാണ് അവരുടെ അഭിപ്രായം. അവരുടെ വാക്കുകൾ കേട്ടപ്പോൾ 8000 മൈലുകൾക്ക് അകലെ ആണെങ്കിലും വീട് പോലെ തോന്നി. ആത്മവിശ്വാസത്തോടെ സാരി ധരിക്കാൻ ആഗ്രഹിക്കുന്ന ഓരോ ഇന്ത്യൻ പെൺകുട്ടിയും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ഇത് എന്നാണ് വീഡിയോയ്ക്കൊപ്പം രുചിക ജെയിൻ കുറിച്ചിരിക്കുന്നത്.
അവിടെ ഇരിക്കുന്ന ആന്റിമാർ രുചികയോട് പറയുന്നത് ആ വേഷത്തിൽ അവൾ വളരെ മനോഹരി ആണെന്നും ആ വേഷം ധരിച്ച് പോകുന്നതിന് ഒരു കുഴപ്പവും ഇല്ല എന്നുമാണ്. രുചികയുടെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ആ ആന്റിമാർ പറഞ്ഞത് സത്യമാണ്, സാരി ധരിച്ച് രുചിക വളരെ സുന്ദരിയായിട്ടാണിരിക്കുന്നത് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.