സ്വന്തം അധ്വാനത്തിൽ നിന്നും അച്ഛനുമമ്മയ്ക്കും ആദ്യ വിമാനയാത്ര; സ്വപ്ന സാക്ഷാത്ക്കാരമെന്ന് മകൻ, വീഡിയോ

Published : Aug 17, 2026, 12:40 PM IST
First Flight journey

Synopsis

രാജസ്ഥാൻ സ്വദേശിയായ ഖേമു സൈനി എന്ന യുവാവ് തന്‍റെ മാതാപിതാക്കളുടെ ആദ്യ വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിച്ചു. പ്രതിമാസം 6,000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന കാലത്തുനിന്നും കഠിനാധ്വാനത്തിലൂടെയാണ് ഖേമു ഈ നേട്ടം കൈവരിച്ചത്. ഈ വൈകാരിക നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും എക്കാലത്തെയും വലിയൊരു ആഗ്രഹം സ്വന്തം അധ്വാനത്തിലൂടെ സാക്ഷാത്കരിച്ചു നൽകിയ ഒരു യുവാവിന്‍റെ ജീവിതമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രാജസ്ഥാൻ സ്വദേശിയായ ഖേമു സൈനി എന്ന യുവാവാണ് തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും ആദ്യമായി വിമാനത്തിൽ കയറ്റി അവരുടെ സ്വപ്നയാത്ര യാഥാ‍‍ർത്ഥ്യമാക്കിയത്. ഖേമു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വൈകാരിക നിമിഷങ്ങളുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

ആഗ്രഹങ്ങളുടെ ചിറകിലേറി

പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ച അച്ഛനോടും അമ്മയോടും വിമാനയാത്രയെക്കുറിച്ച് സംസാരിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിമാനത്തിൽ കയറുകയെന്നത് തങ്ങളുടെ വലിയൊരു സ്വപ്നമാണെന്ന് അവർ വ്യക്തമാക്കുന്നു. തുടർന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിനുള്ളിലിരുന്ന് ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയും യാത്ര ആസ്വദിക്കുന്ന കുടുംബത്തെ കാണാം.

മാസം 6,000 രൂപ വരുമാനത്തിൽ നിന്നുള്ള അതിജീവനം

താൻ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഖേമു വീഡിയോയോടൊപ്പം എഴുതി, "എന്നെ പിന്തുണച്ച എല്ലാവരുടെയും സ്നേഹം കൊണ്ടാണ് അമ്മയ്ക്കും അച്ഛനും അമ്മയെപ്പോലെ സ്നേഹിക്കുന്ന സഹോദരിക്കുമൊപ്പം ഈ യാത്ര സാധ്യമായത്. ഉയരത്തിൽ വെച്ച് എന്തെങ്കിലും കുഴപ്പമുണ്ടാകുമോയെന്ന് ഭയന്നിരുന്നെങ്കിലും എല്ലാവരും യാത്ര നന്നായി ആസ്വദിച്ചു. പ്രതിമാസം 6,000–7,000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന കാലത്ത് വീട്ടുചെലവുകൾ കഴിഞ്ഞാൽ വിമാനയാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നാൽ, കഠിനാധ്വാനം ജീവിതം മാറ്റിമറിച്ചു. എല്ലാവരും ലക്ഷ്യത്തിലേക്ക് മുന്നേറുക, ഒരു ദിവസം കാര്യങ്ങളെല്ലാം ശരിയാകും."

ഹൃദയം കവർന്ന് സോഷ്യൽ മീഡിയ

വീഡിയോ വൈറലായതോടെ വലിയ പ്രശംസയാണ് ഖേമുവിന് ലഭിക്കുന്നത്. "ഇതാണ് യഥാർത്ഥ വിജയം", "മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വലിയ മൂല്യം വേറെയൊന്നുമില്ല", "കഠിനാധ്വാനം ജീവിതം മാറ്റുക തന്നെ ചെയ്യും" എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബത്തിന്‍റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഒട്ടനേകം ചെറുപ്പക്കാർക്ക് വലിയൊരു പ്രചോദനമാവുകയാണ് ഖേമുവിന്‍റെ ഈ യാത്ര.

PREV
Read more Articles on
click me!

Recommended Stories

80 രൂപയ്ക്ക് കാപ്പിയും സ്വന്തം കാരിക്കേച്ചറും; കൊൽക്കത്തയിലെ ചായക്കട അനുഭവം മറക്കാൻ കഴിയാത്തതെന്ന് യുഎസ് സഞ്ചാരി, വീഡിയോ
'നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടാകണം'; ജർമ്മൻ റസ്റ്ററന്‍റിൽ വച്ച് മോശം അനുഭവമുണ്ടായെന്ന് ഇന്ത്യൻ യുവതി, വീഡിയോ