
പിരാന മത്സ്യങ്ങളുടെ ആക്രമണത്തിൽ വിരലിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ടെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ വ്യാജമാണെന്ന വിമർശനങ്ങൾ ശക്തമായതിന് പിന്നാലെയാണ് വീഡിയോയിൽ കാണുന്നത് യഥാർഥ സംഭവമാണെന്നും പിരാനയുടെ ആക്രമണത്തിൽ തന്‍റെ വിരലിന്‍റെ ഒരു ഭാഗം നഷ്ടമായെന്നും യുവാവ് പ്രതികരിച്ചത്. എന്നാൽ, സംഭവത്തിന്‍റെ വസ്തുത ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഓഗസ്റ്റ് 25 -ന് ലിയാൻഡ്രോ അപോണ്ടെ എന്നയാൾ പങ്കുവച്ച ഫേസ്ബുക്ക് വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം കുറിച്ചത്. ബെല്ലാവിസ്റ്റയിൽ വച്ച് പിരാനകൾ തന്‍റെ വിരൽ ഏതാണ്ട് കടിച്ചുമുറിച്ച സമയത്തെ ഓർമ്മയാണിതെന്നായിരുന്നു സ്പാനിഷ് ഭാഷയിലുള്ള കുറിപ്പിനൊപ്പമുള്ള വീഡിയോ. വെള്ളത്തിൽ നിൽക്കുന്ന ഒരാളുടെ ശരീരത്തിൽ, പ്രത്യേകിച്ചും പുറത്ത് കടിച്ച് പിടിച്ചിരിക്കുന്ന മത്സ്യങ്ങളെ കൈ കൊണ്ട് തട്ടിമാറ്റാൻ ശ്രമിക്കുന്ന ഒരാളെ ദൃശ്യങ്ങളിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി പേർ അതിന്‍റെ ആധികാരികത ചോദ്യം ചെയ്ത് രംഗത്തെത്തി. മത്സ്യങ്ങൾ സ്വാഭാവികമായി ചലിക്കുന്നില്ലെന്നും ദൃശ്യങ്ങൾ കൃത്രിമമായി ഒരുക്കിയതാണെന്നുമായിരുന്നു ചിലരുടെ വിമർശനം. മത്സ്യങ്ങൾ കടിച്ചിട്ടും ശരീരത്തിൽ മുറിവുകളൊ പാടുകളോ ഇല്ലെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. പിരാനകൾ ശരീരത്തിൽ ഒട്ടിപ്പിടിക്കാതെ കടിച്ച് മാംസം പറിച്ചെടുക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
എന്നാൽ വിമർശനങ്ങൾക്ക് മറുപടിയായി അപോണ്ടെ, “അവ എന്‍റെ വിരലിന്‍റെ ഒരു ഭാഗം എടുത്തു” എന്ന് അവകാശവാദം ആവർത്തിച്ചു. വീഡിയോയിലെ ദൃശ്യങ്ങൾ യഥാർഥ സംഭവമാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. അതേസമയം അപ്പോഴും വീഡിയോയിലെ മത്സ്യങ്ങൾ പിരാനകളാണോ, സംഭവം യഥാർഥത്തിൽ എവിടെയാണ് നടന്നത് തുടങ്ങിയ കാര്യങ്ങൾ അപോണ്ടെയും വിശദമാക്കിയിട്ടില്ല.