
ട്രെയിൻ യാത്രയ്ക്കിടെ വനിതാ യാത്രക്കാർ ചേർന്ന് പാട്ടുപാടുകയും ബഹളം വെയ്ക്കുകയും ചെയ്ത വീഡിയോയ്ക്ക് താഴെ വിമർശന വുമായി നെറ്റിസെൺസ്. പൊതുസ്ഥലങ്ങളിലെ പെരുമാറ്റവും യാത്രക്കാരോടുള്ള പരിഗണനയെയും കുറിച്ച് ഇന്ത്യക്കാർക്ക് എന്ന് ബോധം വെയ്ക്കുമെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രധാനമായും ചോദിച്ചത്. വീഡിയോയിൽ ഒരു കൂട്ടം സ്ത്രീകൾ ട്രെയിൻ യാത്രയ്ക്കിടെ പാട്ടുപാടുകയും ബഹളും വയ്ക്കുകയും ഭക്ഷണം വിതരണം ചെയ്യുന്നതും കാണാം.
വീഡിയോ ആദ്യം ശ്രദ്ധയിൽപ്പെടുത്തിയ എക്സ് ഉപയോക്താവ് സിദ്ധാർഥ്, സംഭവത്തെ വിമർശിക്കുകയും വിഷയത്തിൽ ഇടപെട്ട റെയിൽവേ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു. പണം നൽകി യാത്ര ചെയ്യുന്നതിനാൽ ട്രെയിനിൽ എന്തും ചെയ്യാമെന്ന മനോഭാവം ശരിയല്ലെന്നും മറ്റുള്ള യാത്രക്കാരുടെ സൗകര്യവും കൂടി പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു റെയിൽവേ ജീവനക്കാരൻ എത്തി സ്ത്രീകളോട് ആഘോഷം നിർത്താൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
This dehati behaviour “we paid money so we can do even a little mahila sangeet here” just does not go away. No sensitivity.
This mindset is so toxic & if you complain, you are the villain. Dehatis support dehatis.
Kudos to Railway staff that he at least came to stop them. pic.twitter.com/10xJ0hUdYE— Siddharth's Echelon (@SiddharthKG7) August 26, 2026
എന്നാൽ, സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രണ്ടായി. യാത്രയ്ക്കിടെ യാത്രക്കാർ സന്തോഷിക്കുന്നത് തെറ്റല്ലെന്നും വിഷയം അനാവശ്യമായി വലുതാക്കുകയാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ഇത്തരം ആഘോഷങ്ങൾ പ്രത്യേകിച്ച് രാത്രി യാത്രകളിൽ പതിവാണെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി. അതേസമയം, ട്രെയിൻ പോലുള്ള പൊതുസ്ഥലങ്ങൾ എല്ലാവർക്കും സൗകര്യപ്രദമായിരിക്കേണ്ടതാണെന്നും വ്യക്തിപരമായ ആഘോഷങ്ങൾ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യ ഇടവും സമാധാനവും മാനിക്കേണ്ടതിന്‍റെ ആവശ്യകതയെയും ചിലർ ചൂണ്ടിക്കാട്ടി. ചിലർ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം ആവർത്തിക്കുന്നവർക്കെതിരെ ഭാവിയാത്രയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ റെയിൽവേ പരിഗണിക്കണമെന്ന നിർദേശവും ഉയർന്നു.