'നമ്മുടെ ആചാരങ്ങൾ മനോഹരമാണ്, പക്ഷേ...'; തേംസ് നദിയിലെ ഗണേശ നിമജ്ജനം ചോദ്യം ചെയ്ത് യുവതി; വീഡിയോ വൈറൽ

Published : Sep 28, 2026, 01:30 PM IST
Ganesh Visarjan in Thames River

Synopsis

ലണ്ടനിലെ തേംസ് നദിയിൽ ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനെതിരെ നീലാഞ്ജന ഹസൂരിക വർമ്മ എന്ന യുവതി രംഗത്തെത്തി. പാരിസ്ഥിതികാഘാതം പരിഗണിക്കാതെ ഇത്തരം ആചാരങ്ങൾ നടത്തുന്നതിനെ അവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിമർശിച്ചു. എവിടെപ്പോയാലും പരിസ്ഥിതിയെ ബഹുമാനിച്ച് ഉത്തരവാദിത്തത്തോടെ സംസ്കാരം ആഘോഷിക്കണമെന്ന് യുവതി കൂട്ടിച്ചേർത്തു.

ലണ്ടനിൽ ടൈംസ് നദിയിൽ നടന്ന ഗണേശ നിമജ്ജനത്തിനെതിരെ ഒരു യുവതി പങ്കുവെച്ച പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാരിസ്ഥിതികാഘാതം കണക്കിലെടുക്കാതെയാണോ മതപരമായ ആചാരങ്ങൾ പിന്തുടരേണ്ടതെന്ന് ചോദ്യം ചെയ്തുകൊണ്ട് നീലാഞ്ജന ഹസൂരിക വർമ്മ എന്ന യുവതി പങ്കുവെച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഒപ്പം വേണം സ്വന്തം സംസ്കാരം, പക്ഷേ...

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നീലാഞ്ജന ഹസൂരിക തന്‍റെ പ്രതികരണം രേഖപ്പെടുത്തിയത്. താൻ ഒരു ഇന്ത്യക്കാരിയായതിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്നും എവിടെപ്പോയാലും നമ്മൾ സ്വന്തം സംസ്കാരം കൂടെക്കരുതണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീലാഞ്ജന വീഡിയോയിൽ വ്യക്തമാക്കുന്നു. തുടർന്ന് താൻ നിൽക്കുന്ന ലണ്ടനിലെ ടെംസ് നദിക്കരയും ആ പ്രദേശത്തിന്‍റെ ശുചിത്വവും അവർ ക്യാമറയിൽ കാണിക്കുന്നു. "ഈ പ്രദേശം നോക്കൂ. ലണ്ടനിലെ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ പ്രദേശങ്ങളിലൊന്നാണിത്. ഇവിടെ ഈ വെള്ളത്തിൽ നിങ്ങൾക്ക് ഒരു തരി അഴുക്ക് പോലും കാണാൻ കഴിയില്ല.

ഒരു ഇല പോലും ഈ നദിയിൽ ഒഴുകിനടക്കുന്നത് കാണില്ല" നീലാഞ്ജന വീഡിയോയിൽ പറയുന്നു. നീന്തുന്നതും പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് നദിക്കരയിൽ വിലക്കുണ്ടെന്നും നീലാഞ്ജന ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ സമാപനം കുറിച്ച് ഭക്തർ വിഗ്രഹങ്ങൾ കടലിലൊഴുക്കുന്ന ഗണേശ നിമജ്ജനത്തെക്കുറിച്ച് അവർ സംസാരിച്ചത്. സംസ്കാരം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണെന്ന പേരിലാണ് തേംസ് നദിയിൽ ഗണേശ വിഗ്രഹം ഒഴുക്കുന്നതെന്നും, നദിയെക്കൂടി പവിത്രമാക്കുകയാണെന്ന ഭാവത്തിൽ ആളുകൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് തലയൂരുകയാണെന്നും അവർ അങ്ങേയറ്റം പരിഹാസത്തോടെ വിമർശിച്ചു.

ഉത്തരവാദിത്വം വേണം

വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ നീലാഞ്ജന താൻ ഉദ്ദേശിച്ച കാര്യത്തെക്കുറിച്ച് വ്യക്തത വരുത്തി: "നിങ്ങൾ സ്വന്തം സംസ്കാരത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ഇങ്ങനെയല്ല. നമ്മുടെ ആചാരങ്ങൾ മനോഹരമാണ്, എന്നാൽ അതിനൊപ്പം തന്നെ നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ ബഹുമാനിക്കുന്നതും മനോഹരമായ കാര്യമാണ്. ദയവായി, നമ്മൾ എവിടെപ്പോയാലും ഉത്തരവാദിത്തത്തോടെ സംസ്കാരം ആഘോഷിക്കാം," അവർ കുറിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഉത്തരവാദിത്തമുള്ള ആഘോഷങ്ങളെക്കുറിച്ചുള്ള അവരുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. "പ്രകൃതിയോട് ഉത്തരവാദിത്തമില്ലാത്ത ഭക്തി അതിന്‍റെ യഥാർത്ഥ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുന്നു," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഇത്തരം പെരുമാറ്റങ്ങൾ കൊണ്ടാണ് നമുക്ക് മറ്റുള്ളവരിൽ നിന്ന് വെറുപ്പ് സമ്പാദിക്കേണ്ടി വരുന്നത് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

"കണ്ടന്‍റ് ക്രിയേറ്റർമാരുടെ വാക്ക് കേട്ട് കോർപ്പറേറ്റ് ജോലി രാജിവെക്കരുത്": കാരണം വ്യക്തമാക്കി മുൻ ജീവനക്കാരി
'കരഞ്ഞ് കൊണ്ട് അയാൾ കൈകൂപ്പി'; യാത്രയ്ക്കിടെ കണ്ടുമുട്ടിയ അപരിചിതന് സഹായം വാഗ്ദാനം ചെയ്ത് യുവതി, വീഡിയോ വൈറൽ