യുവാക്കളുടെ മുഖത്ത് മഷി തേച്ച്, ചൊറിയണം കൊണ്ട് അടിച്ച് യുവതികൾ; പിന്നാലെ നടന്ന് ശല്യം ചെയ്തതിനുള്ള ശിക്ഷ, വീഡിയോ വൈറൽ

Published : Aug 02, 2026, 09:10 PM IST
women punishing men in Uttarakhand

Synopsis

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ യുവതികളെ ശല്യം ചെയ്തെന്ന് ആരോപിച്ച് രണ്ട് യുവാക്കൾക്ക് നാട്ടുകാർ ശിക്ഷ നൽകി. മുഖത്ത് കരിതേക്കുകയും 'ബിച്ചൂ ബൂട്ടി' എന്ന ചെടി ഉപയോഗിച്ച് ശിക്ഷിക്കുകയും ചെയ്ത ശേഷം ഇവരെ പൊലീസിന് കൈമാറി. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നിയമം കയ്യിലെടുക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉയർന്നു.

ത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ യുവതികളെ ശല്യം ചെയ്തെന്നാരോപിച്ച് രണ്ട് യുവാക്കൾക്ക് നാട്ടുകാർ നൽകിയ വ്യത്യസ്ത ശിക്ഷയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് യുവാക്കളുടെ മുഖത്ത് കരി ഒഴിക്കുകയും 'ബിച്ചൂ ബൂട്ടി' എന്നറിയപ്പെടുന്ന കുത്തുന്ന സ്വഭാവമുള്ള ചെടി ഉപയോഗിച്ച് ശിക്ഷിക്കുകയും ചെയ്ത ശേഷമാണ് ഇവരെ പൊലീസിന് കൈമാറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പിന്തുടർന്ന ശല്യം ചെയ്തെന്ന് പരാതി

നൈനിറ്റാൾ ജില്ലയിലെ മുക്തേശ്വർ മേഖലയിലെ ഒരു ഗ്രാമത്തിൽ സ്കൂളിലേക്കും മാർക്കറ്റിലേക്കും പോയിരുന്ന യുവതികളെ രണ്ട് യുവാക്കൾ പിന്തുടരുകയും അസഭ്യ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതികൾ ആദ്യം ഇവരെ അവഗണിച്ചെങ്കിലും ശല്യം തുടർന്നതോടെ യുവതികൾ തന്നെ ഇരുവരെയും തടഞ്ഞുനിർത്തി. പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. യുവാക്കളെ മർദിച്ച ശേഷം മുഖത്ത് കരി പൂശുകയും, തൊലിയിൽ കടുത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാക്കുന്ന 'ബിച്ചൂ ബൂട്ടി' ചെടി കൊണ്ട് ഉരയ്ക്കുകയും ചെയ്തു. വീഡിയോയിൽ യുവതികൾ, യുവാക്കളെ ചെരിപ്പു കൊണ്ട് അടിക്കുന്നതും കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. കൊടിത്തുവ, ചൊറിയണം എന്നീ പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്ന ചെടിയുടെ വകഭേദമാണ് ബിച്ചൂ ബൂട്ടി. ഇത് ദേഹത്ത് തൊട്ടാൽ അവിടെ അസഹ്യമായ ചൊറിച്ചിലോ പൊള്ളുന്നത് പോലുള്ള അനുഭവമോ ഒപ്പം ശരീരത്തിന് തടിപ്പും ഉണ്ടാകും.

 

 

 

വിരുദ്ധാഭിപ്രായങ്ങളുമായി നെറ്റിസെൺസ്

വീഡിയോ പ്രചരിച്ചതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവതികളുടെ ധൈര്യത്തെ അഭിനന്ദിച്ചു. സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി അനിവാര്യമാണെന്നും, യുവാക്കൾക്ക് ലഭിച്ച ശിക്ഷ അർഹിച്ചതാണെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, നിയമം കൈയിലെടുക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും, കുറ്റക്കാരാണെങ്കിൽ നിയമനടപടിയിലൂടെയാണ് ശിക്ഷ ലഭിക്കേണ്ടതെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ തെളിവുകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

'തുടക്കം ഗംഭീരം, പക്ഷേ ഹോസ്റ്റൽ...'; ഐഐടി ഹൈദരാബാദിലെ ആദ്യ ജാപ്പനീസ് വിദ്യാർഥിനിയുടെ അനുഭവം വൈറൽ
ഉടമകൾ തമ്മിൽ കയ്യാങ്കളി, പരസ്പരം കടിച്ചുകീറാൻ നായ്ക്കളും, വീഡിയോ വൈറൽ, വൻ വിമർശനം