ട്രെയിൻ ജീവനക്കാർ യാത്രക്കാർക്ക് ഭക്ഷണവും പത്രങ്ങളും നൽകുന്നതും, കൃത്യമായ ഇടവേളകളിൽ സീറ്റുകളിലെത്തി ഉപയോഗിച്ച ട്രേകളും പ്ലാസ്റ്റിക് വേസ്റ്റുകളും ശേഖരിക്കുന്നതും വീഡിയോയുടെ ആദ്യ ഭാഗത്ത് കാണിക്കുന്നുണ്ട്. എന്നാൽ, എന്നിട്ടുപോലും സീറ്റുകൾക്ക് അടിയിലും മറ്റ് ഭാഗങ്ങളിലും യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണാനാവുന്നത്.

ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് ട്രെയിനുകൾ വലിയ ആശ്വാസമാണ് പലപ്പോഴും. എങ്കിലും, യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധ പലപ്പോഴും അതിന്റെ വൃത്തിയെ ബാധിക്കാറുണ്ട്. അതുപോലെ, സുനിൽ ആർ എന്ന യുവാവ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വ്യാപകമായ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 9 മില്ല്യണിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

ട്രെയിൻ ജീവനക്കാർ യാത്രക്കാർക്ക് ഭക്ഷണവും പത്രങ്ങളും നൽകുന്നതും, കൃത്യമായ ഇടവേളകളിൽ സീറ്റുകളിലെത്തി ഉപയോഗിച്ച ട്രേകളും പ്ലാസ്റ്റിക് വേസ്റ്റുകളും ശേഖരിക്കുന്നതും വീഡിയോയുടെ ആദ്യ ഭാഗത്ത് കാണിക്കുന്നുണ്ട്. എന്നാൽ, എന്നിട്ടുപോലും സീറ്റുകൾക്ക് അടിയിലും മറ്റ് ഭാഗങ്ങളിലും യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് വീഡിയോയുടെ അവസാന ഭാഗത്ത് കാണാനാവുന്നത്. ഡസ്റ്റ്ബിനുകൾ ലഭ്യമായിട്ടും, ജീവനക്കാർ നിരന്തരം വൃത്തിയാക്കിയിട്ടും ചില യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം.

നിരവധിപ്പേരാണ് സിവിക് സെൻസ് ഇല്ലാത്ത ഈ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇത് വളരെ സങ്കടകരമാണ്', 'പണം ഉണ്ടായതുകൊണ്ട് മാത്രം സംസ്കാരമുണ്ടാകില്ല', 'പൊതുവിടങ്ങളെ സ്വന്തം വീട് പോലെ കാണാത്തിടത്തോളം കാലം നമ്മുടെ രാജ്യം വൃത്തിയാകില്ല' എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റ്.

View post on Instagram
 

വന്ദേ ഭാരത് ട്രെയിനുകളെയോ ഇന്ത്യൻ റെയിൽവെയെയോ ലക്ഷ്യമിട്ടല്ല താൻ ഈ വീഡിയോ ചെയ്തതെന്ന് സുനിൽ പിന്നീട് വ്യക്തമാക്കി. ട്രെയിൻ മികച്ച രീതിയിൽ വൃത്തിയാക്കുന്നുണ്ടെന്നും ജീവനക്കാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും യുവാവ് പറഞ്ഞു. എന്നാൽ, ട്രെയിനുകളിൽ ഡസ്റ്റ്ബിനുകൾ ഉണ്ടായിട്ടും ജീവനക്കാർ വൃത്തിയാക്കാൻ ഉണ്ടായിട്ടും ചില യാത്രക്കാർ സീറ്റുകളിലും തറയിലും മാലിന്യം ഉപേക്ഷിക്കുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബീച്ചുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'ഈ റീൽ വന്ദേ ഭാരത്തിന് എതിരല്ല. ലോകനിലവാരമുള്ള സൗകര്യങ്ങൾ നമ്മൾ ആവശ്യപ്പെടുമ്പോൾ, അവയെ നമ്മുടെ സ്വന്തം പോലെ കണ്ട് സംരക്ഷിക്കാനും നമ്മൾ തയ്യാറാകണം' എന്നും സുനിൽ കുറിച്ചു.