കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു; ട്രെയിൻ സീറ്റിലിരുന്ന് കൈകഴുകി വെള്ളം നിലത്തൊഴിച്ചും കടലത്തോട് വലിച്ചെറിഞ്ഞും സ്ത്രീ

Published : Jun 29, 2026, 11:29 AM IST
viral video

Synopsis

ട്രെയിന്‍ യാത്രയില്‍ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ അങ്ങേയറ്റം നിരാശാജനകമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ട്രെയിനിന്‍റെ അകത്ത് തന്നെ കൈകഴുകി വെള്ളമൊഴിക്കുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന സ്ത്രീയാണ് വീഡിയോയില്‍. 

ഇന്ത്യക്കാരുടെ സിവിക് സെൻസില്ലായ്മയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എന്നാൽ, എത്ര കണ്ടാലും കൊണ്ടാലും മാറ്റമില്ലാത്തവരാണ് മനുഷ്യർ എന്നാണ് ചില കാഴ്ചകൾ കാണുമ്പോൾ തോന്നുക. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് ഒരു ട്രെയിനിന്റെ അകത്തു നിന്നാണ്. ഒരു സ്ത്രീ നിലക്കടല കഴിച്ച ശേഷം അതിന്റെ തോടുകൾ സീറ്റിന് താഴേക്കിടുന്നതാണ് വീഡിയോയിൽ കാണുന്നത്. അതും ഒന്നും രണ്ടുമൊന്നുമല്ല, കഴിക്കുന്ന ഓരോ നിലക്കടലയുടേയും തോടുകൾ അവർ ട്രെയിനിന്റെ സീറ്റിനടിയിലേക്ക് തന്നെയാണ് ഇടുന്നത്. അവിടം കൊണ്ടും തീർന്നില്ല, ട്രെയിനിനകത്ത് തന്നെ അവർ കൈകഴുകുന്നതും വീഡിയോയിൽ കാണാം.

സഹയാത്രികനായ ഒരാളാണ് വീഡിയോ പകർത്തി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വളരെ വേ​ഗത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. വലിയ വിമർശനമാണ് പിന്നാലെ ഉയർന്നതും. വീഡിയോ പങ്കുവച്ചിരിക്കുന്ന യാത്രക്കാരൻ പറയുന്നത്, യാത്രയിൽ അഞ്ച് മണിക്കൂറും സ്ത്രീ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്, തൊട്ടടുത്ത് തന്നെ വേസ്റ്റ് ബാസ്കറ്റ് ഉണ്ടായിരുന്നിട്ടും എന്നാണ്. സ്ത്രീ സീറ്റിലിരുന്നുകൊണ്ട് തന്നെ കയ്യിലിരുന്ന കുപ്പിയിൽ നിന്നും വെള്ളമെടുത്ത് ട്രെയിനിന്റെ നിലത്തേക്ക് കൈകഴുകിയൊഴിക്കുന്നതും വീഡിയോയിൽ കാണാം.

 

 

സിവിക് സെൻസിനെ കുറിച്ച് ആ സ്ത്രീയോട് സംസാരിക്കണമെന്നും അവരെ ചോദ്യം ചെയ്യണമെന്നും ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ, അത് വഴക്കിലോ മറ്റോ കലാശിക്കുമോ എന്ന് ഭയന്നതിനാലാണ് അത് ചെയ്യാതിരുന്നത് എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് സ്ത്രീയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. സിവിക് സെൻസില്ലായ്മയെ കുറിച്ചും മറ്റുള്ളവരെ കുറിച്ച് യാതൊരു കരുതലുമില്ലാത്തതിനെ കുറിച്ചുമെല്ലാം വലിയ ചർച്ചകളുയരാൻ ഈ പോസ്റ്റ് കാരണമായി.

അതേസമയം, ആ സ്ത്രീയുടെയും ബന്ധുക്കളുടെയും ശ്രദ്ധയിൽ ഈ വീഡിയോ പെട്ടിട്ടുണ്ട് എന്നും അവർ വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് തനിക്ക് മെസ്സേജ് അയച്ചിരുന്നുവെന്നും യുവാവ് പിന്നീട് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഓരോ മിഡിൽ ക്ലാസുകാരുടെയും സ്വപ്നം, പ്രയത്നിക്കുക ആ ദിവസം വരും; മകളുടെ ഓഫീസ് സന്ദർശനത്തിന്റെ വീഡിയോ വൈറൽ
ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷിലുള്ള മെസ്സേജ് കണ്ട് അമ്പരന്ന് യുവതി, എന്തൊരു പ്രൊഫഷണലിസമെന്ന് നെറ്റിസൺസ്