താടി വച്ച നായക കഥാപാത്രം, ഓടുന്ന ട്രെയിൻ, മഴ... റാമിൻ്റെ മാജിക്കുകളിന്മേൽ പ്രതീക്ഷ വയ്ക്കാൻ പോന്നതെല്ലാം ട്രെയ്‌ലറിലുണ്ട്...
'തരമണി', 'തങ്കമീൻകൾ', 'കട്രത് തമിഴ്', മമ്മൂട്ടി നായകനായ 'പേരൻപ്' എന്നീ ചിത്രങ്ങളുടെ സംവിധായകൻ നിവിൻ പോളിയെ നായകനാക്കിയൊരുക്കുന്ന ചിത്രം. 2024ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു 'യേഴു കടൽ യേഴു മലൈ' പ്രീമിയർ ചെയ്തത്. ഈ മാർച്ചിൽ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രെയ്‌ലർ പുറത്തെത്തിയത്. താടി വച്ച നായക കഥാപാത്രം, ഓടുന്ന ട്രെയിൻ, മഴ... റാമിൻ്റെ മാജിക്കുകളിന്മേൽ പ്രതീക്ഷ വയ്ക്കാൻ പോന്നതെല്ലാം ട്രെയ്‌ലറിലുണ്ട്...
നീണ്ട യാത്രയെ സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റിൽ. 8000 വർഷങ്ങൾ കടന്നുവന്ന നിവിൻ പോളി കഥാപാത്രവും അയാളുടെ പ്രണയവും മരണമില്ലാത്തതാണ്. കഥാനായകൻ നായികയെ തേടി പല ആയിരം വർഷങ്ങൾ യാത്രചെയ്യുന്ന ഫാൻ്റസി ചിത്രമാകുമിതെന്ന സൂചനായിരുന്നു നേരത്തെ പുറത്തെത്തിയ ഗ്ലിംപ്സും രണ്ട് പാട്ടുകളും നൽകിയത്. എന്നാൽ അവിടെയുമൊതുങ്ങാതെ മിസ്റ്ററിയും ആക്ഷനും ഡിസ്റ്റോർട്ടട് ടൈംലൈനുമായി വ്യത്യസ്തമായ സിനിമ അനുഭവമാകാം 'യേഴു കടൽ യേഴു മലൈ' എന്ന സൂചനയാണ് ട്രെയ്‌ലറിൽ നിന്ന് ലഭിക്കുന്നത്.
8000 വർഷങ്ങൾ കടന്നുവന്ന ഇമ്മോർട്ടലായ നായകൻ. അയാൾ ട്രെയിനിൽ കണ്ടുമുട്ടുന്ന 33കാരനായ മറ്റൊരാൾ. പല കാലഘട്ടങ്ങളിൽ അയാൾ അനുഭവിച്ച കോൺഫ്ലിക്ടുകൾ എന്ന് തോന്നും വിധത്തിലുള്ള സാഹചര്യങ്ങൾ കടന്നുവരുന്നുണ്ട്. ഈ കാലത്ത് കഥാപാത്രത്തിന് കോൺഫ്ലിക്ടുകൾ സൃഷ്ടിക്കുന്നത് ട്രെയിനിൽ കണ്ടുമുട്ടുന്ന സൂരിയുടെ കഥാപാത്രമാകാം. ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും അവർക്കിടയിൽ വരുന്ന ഒരു എലിയെയും പ്രാധാന്യത്തോടെ ട്രെയ്‌ലർ കാണിക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമോ അത്തരമൊരു രാഷ്ട്രീയമോ സംസാരിക്കാനാകും വിധമുള്ള സാധ്യതകളുടെ സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്.
കൊവിഡ് കാലത്താണ് യേഴു കടൽ യേഴു മലൈയുടെ കഥയെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് സംവിധായകൻ റാം പറഞ്ഞത്. ലോക്ഡൗൺ കാലത്ത് മനുഷ്യർ മുഴുവൻ അകത്തിരുന്നപ്പോൾ മറ്റ് മൃഗങ്ങൾ റോഡുകളിലേയ്ക്കും നഗരങ്ങളിലേയ്ക്കും ഇറങ്ങി. കാലങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നതുപോലെ മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒരേസ്പേസിൽ ജീവിച്ചു. ഈ കാഴ്ചയിൽ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കമെന്നാണ് സംവിധായകൻ പറഞ്ഞത്. 8000 വർഷങ്ങൾ പ്രായമുള്ള മരണമില്ലാത്ത മനുഷ്യൻ ഒരുപക്ഷേ പ്രകൃതിയുടെ റെപ്രെസെൻ്റേഷനാകാം. 33 വയസുള്ളയാൾ സാധാരണ ഒരു മനുഷ്യൻ്റെ പ്രതിനിധിയും. അറിഞ്ഞോ അറിയാതെയോ പ്രകൃതിയെയും മറ്റ് ജീവജാലങ്ങളെയും വേദനിപ്പിക്കുന്ന മനുഷ്യനെന്നതുമാകാം റാം പറഞ്ഞുവയ്ക്കുന്ന ആശയം.
ട്രെയിലറിലെവിടെയും കഥാപാത്രങ്ങൾ പരസ്പരം പേരെടുത്ത് വിളിക്കുന്നില്ല. ഒരാളുടെ വ്യക്തിത്വത്തെ തന്നെ അപ്രധാനമാക്കും വിധത്തിൽ സാഹചര്യങ്ങളും പ്രകൃതിയെന്ന ഐഡിയയുമാകാം കഥയുടെ കാതൽ. സിനിമയിലെ വിഎഫ്എക്സ് സിജിഐ സീനുകൾ പൂർണതയിലെത്തിക്കുന്നത് റിലീസ് നീളുന്നതിന് കാരണമായെന്ന് സംവിധായകൻ റാം തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നുവെന്ന് തോന്നും വിധത്തിൽ മനോഹരമാണ് ട്രെയ്‌ലറിലെ വിഷ്വലുകളും.
2024 മെയ് മാസത്തിൽ നെതർലണ്ടിൽ വെച്ച് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആയിരുന്നു 'യേഴു കടൽ യേഴു മലൈ'യുടെ പ്രീമിയർ നടന്നത്. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് അവിടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 46-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് 'ബ്ലോക്ക്ബസ്റ്റേഴ്സ് എറൗണ്ട് ദ വേൾഡ്' എന്ന വിഭാഗത്തിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയാണ് സിനിമ തിയേറ്ററുകളിലേയ്ക്കെത്തുന്നത്.
പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളിയുടെ തിരിച്ചുവരവിന് വേണ്ടുന്ന എല്ലാം റാം ചിത്രത്തിലൊരുക്കിവച്ചിട്ടുണ്ട്. വിടുതലൈയിലൂടെ വിസ്മയിപ്പിച്ച സൂരിയും, അഞ്ജലിയും മോശമാക്കാനിടയില്ല. റൊമാന്റിക്ക് ഫാന്റസി ഡ്രാമ ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജയും ഛായാഗ്രഹണം എൻ.കെ ഏകാംബരവും ആണ്. മദി വി എസ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കോറിയോഗ്രാഫി. 2025 മാർച്ചിൽ റിലീസെന്ന് പറയുമ്പോഴും തീയതി പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ച സംവിധായകനിൽ നിന്ന് മറ്റൊരു മികച്ച ചിത്രം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.