
പൗരന്മാരും മലയാളികളുൾപ്പടെയുള്ള പ്രവാസി സമൂഹവും കുവൈത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകും
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ ഓർമപ്പെടുത്തിക്കൊണ്ട് ഇന്നും നാളെയുമായി 64ാമത് ദേശീയ ദിനവും 34ാമത് വിമോചന ദിനവും ആഘോഷിക്കും. പൗരന്മാരും മലയാളികളുൾപ്പടെയുള്ള പ്രവാസി സമൂഹവും കുവൈത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകും. ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും കുവൈത്ത് സ്വതന്ത്രമാകുന്നത് 1961 ജൂൺ 19നാണ്. ഈ ദിനത്തിലായിരുന്നു രാജ്യം 1964 വരെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. പിന്നീട് ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന അമീർ ശൈഖ് അബ്ദുള്ള അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്നത് ഫെബ്രുവരി 25നായിരുന്നു. ഈ സ്മരണയിലാണ് ദേശീയ ദിനാഘോഷങ്ങൾ ഫെബ്രുവരി 25ലേക്ക് മാറ്റിയത്. ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിതമായതിന്റെ ഓർമ പുതുക്കിയാണ് ഫെബ്രുവരി 26 വിമോചന ദിനമായി ആഘോഷിക്കുന്നത്.