
സമൂഹ മാധ്യമങ്ങളിൽ ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും ലഭിക്കാനായി പുത്തൻ ആശയങ്ങൾ തിരയുകയാണ് ഉള്ളടക്ക സൃഷ്ടാക്കൾ. സമൂഹത്തിന് ഗുണവും ദോഷവും വരുത്തുന്ന പ്രവർത്തികൾ ചെയ്ത് വൈറലാകുന്നവർ നിരവധിയുണ്ട്. അത്തരത്തിൽ അമേരിക്കൻ ഇൻഫ്ലുവൻസറായ കീത്ത് കാസ്റ്റില്ലോ ശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്ത ഒരു പ്രവർത്തിയാണ് വ്യാപക വിമർശനത്തിന് വഴിവെച്ചത്.
തെരുവിൽ കഴിയുന്നവർക്ക് വെട്ടു കത്തികളും മദ്യവും സിഗരറ്റും വിതരണം ചെയ്യുകയായിരുന്നു ഇയാൾ. തെരുവിൽ കഴിയുന്നവരെ സുരക്ഷിതരാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി എന്നാണ് ഇയാളുടെ വാദം. അതോടൊപ്പം കൂടുതൽ കാഴ്ചക്കാരെയും ലൈക്കുകളും താൻ ആഗ്രഹിക്കുന്നുവെന്നും കീത്ത് പറയുന്നു.
ഓൺലൈനിൽ povwolfy എന്ന പേരിലറിയപ്പെടുന്ന കാസ്റ്റില്ലോ ഓസ്റ്റിൻ, ന്യൂ ഓർലിയൻസ്, ലിറ്റിൽ റോക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് വെട്ടുകത്തിയും മദ്യവും ഇയാൾ വിതരണം ചെയ്തത്. 18 ഇഞ്ച് നീളമുള്ള വെട്ടുകത്തികൾ ഓരോന്നിനും 5 യു.എസ് ഡോളറോളം നൽകി ഇയാൾ മൊത്തമായി വാങ്ങുകയായിരുന്നു. വിതരണം നടത്തുന്നതിന് മുമ്പ് പ്രാദേശിക പോലീസുമായി കൂടിയാലോചനകൾ നടത്തിയിരുനെന്നും ഇത് നിയമലംഘനമല്ലെന്ന് അവർ അറിയിച്ചതായും കാസ്റ്റില്ലോ പറയുന്നു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഓസ്റ്റിൻ, ലിറ്റിൽ റോക്ക്, ന്യൂ ഓർലാന്‍സ്, ന്യൂയോർക്ക് പോലീസ് വകുപ്പുകൾ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇത് തെരുവിൽ കഴിയുന്നവരുടെ സംരക്ഷണം മാത്രം ഉദ്ദേശിച്ചാണ്, അവർക്ക് യാതൊരു തരത്തിലും ദോഷം വരാൻ താൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ, ഈ പ്രവർത്തി വഴി ഓൺലൈനിൽ കാഴ്ചക്കാർ വളരെയധികം വർദ്ധിക്കുമെന്ന ചിന്തയും തന്നെ അതിന് പ്രേരിപ്പിച്ചതായി കാസ്റ്റില്ലോ വ്യക്തമാക്കി.
തന്‍റെ കാറിൽ ഏകദേശം 30 വെട്ടുകത്തികൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഇനിയും വിതരണം നടത്താൻ പദ്ധതിയിടുന്നതായും കാസ്റ്റില്ലോ അവകാശപ്പെടുന്നു. എന്തായാലും ന്യായീകരണങ്ങൾക്കിടയിലും ഈ പബ്ലിസിറ്റി സ്റ്റണ്ട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ ഇദ്ദേഹത്തിൻറെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് പലരും അപലപിച്ചു. കത്തിയും മദ്യവും നൽകിയ പ്രവർത്തിയെ 'ദുരന്തത്തിനുള്ള കോക്ടെയ്ൽ" എന്നാണ് ഒരാൾ വിശേഷിപ്പിച്ചത്.