
ഉത്തർപ്രദേശിലെ നോയിഡയിൽ സെക്യൂരിറ്റി തുക തിരികെ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും അടിക്കുകയും കൈ തിരിക്കുകയും ചെയ്ത പിജി ഹോസ്റ്റൽ ഉടമയ്ക്കെതിരെ നടപടി ആവശ്യം ശക്തം. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നോയിഡയിൽ സെക്ടർ 62 ലെ രാജ് ഹോംസ് പിജിയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിജി ഓപ്പറേറ്റർ ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം, അതേസമയം, കെട്ടിടത്തിന് പുറത്ത് നിന്നും സംഭവം കണ്ട ആളുകൾ അത് വീഡിയോയില്‍ ചിത്രീകരിച്ചതല്ലാതെ ഇടപെടാതെ മാറി നിന്നത് വിമർശനത്തിന് ഇടയാക്കി. മുറി ഒഴിഞ്ഞ ശേഷം, വിദ്യാർത്ഥിനി തന്‍റെ സെക്യൂരിറ്റി പണം തിരികെ വാങ്ങാനായി പിജി ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിദ്യാര്‍ത്ഥിനി സെക്യൂരിറ്റി പണം ആവശ്യപ്പെട്ടത് പിജി ഓപ്പറേറ്ററെ ദേഷ്യം പിടിപ്പിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ തർക്കം നടന്നു. ഇതിനിടെ പിജി ഓപ്പറേറ്റർ വിദ്യാര്‍ത്ഥിനിയുടെ കൈ പിടിച്ച് തിരിക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് അടിക്കുകയുമായിരുന്നു. കെട്ടിടത്തിന് ഉള്ളില്‍ കടക്കാന്‍ അനുവാദമില്ലാത്ത പെണ്‍കുട്ടിയുടെ ഒരു പുരുഷ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. ഇയാൾ പെണ്‍കുട്ടിയോട് പുറത്തിറങ്ങിവരാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയോടെ മോശമായി പെരുമാറിയ യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായി. പലരും പോലീസിനെ വീഡിയോ ടാഗ് ചെയ്തു. പിന്നാലെ വീഡിയോയില്‍ പ്രതികരിച്ച് കൊണ്ട് പോലീസും രംഗത്തെത്തി. സെക്ടർ 58 കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തെന്നും പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് മൊഴി എടുത്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിജി ഓപ്പറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസിപി കൂട്ടിച്ചേർത്തു.