വാഷിംഗ്ടൺ ഡിസിയിൽ നടന്ന നാഷണൽ കിസ് അണ്ടർ ദി നാഷണൽ മിസ്റ്റ്ലെറ്റോ പരിപാടിയിൽ 1,435 ദമ്പതികൾ ഒരേ സമയം ചുംബിച്ച് പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ഡൗൺ ടൗൺ ഡിസി ബിസിനസ് ഇംപ്രൂവ്‌മെന്‍റ് ഡിസ്ട്രിക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.
ഏറ്റവും മനോഹരമായ സ്നേഹ നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു വാഷിംഗ്ടൺ ഡിസി. ഡിസംബർ 13 -ന് നടന്ന നാഷണൽ കിസ് അണ്ടർ ദി നാഷണൽ മിസ്റ്റ്ലെറ്റോ പരിപാടിയിൽ 1,435 ദമ്പതികളാണ് ഒരേ സമയം ചുംബിച്ചത്. ഭീമൻ മിസ്റ്റ്ലെറ്റോ ചെടിക്ക് കീഴിൽ നടന്ന ഈ ചുംബനം പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു.
റെക്കോർഡ് ചുംബനം
മുൻപത്തെ റെക്കോർഡായ 480 ദമ്പതിമാരേക്കാൾ മൂന്നിരട്ടിയോളം ദമ്പതിമാരാണ് ഇത്തവ ചുംബനത്തിയെത്തിയത്. ഡൗൺ ടൗൺ വാഷിംഗ്ടണിൽ ഏകദേശം 30 അടി ഉയരത്തിൽ സ്ഥാപിച്ച 10 അടി വീതിയുള്ള ഭീമാകാരമായ മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷന് താഴെയാണ് റെക്കോർഡ് ചുംബനം നടന്നത്. പ്രാദേശിക കലാകാരനായ മൈ ലൈ രൂപകൽപ്പന ചെയ്ത മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷൻ പച്ചിലകൾ, റിബണുകൾ, ജിംഗിൾ ബെൽ എന്നിവയാൽ അലങ്കരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന മനോഹരമായ ക്രിസ്മസ് ദിനങ്ങളെ ഓർമിപ്പിച്ചു.
അഞ്ച് സെക്കൻഡ് ചുംബനം
റെക്കോർഡിന് യോഗ്യത നേടുന്നതിനായി ദമ്പതിമാർ ഒരു മിസ്റ്റ്ലെറ്റോ ചെടിയുടെ ചില്ല കൈയ്യിൽ പിടിച്ചുകൊണ്ട് കുറഞ്ഞത് അഞ്ച് സെക്കൻഡ് നേരമെങ്കിലും ചുംബിക്കണമായിരുന്നു. ഔദ്യോഗിക ഗിന്നസ് വിധി കർത്താവിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിപാടി നടന്നത്. അവസാനം റെക്കോർഡ് സ്വന്തമായി എന്ന വാർത്ത പുറത്തുവന്നപ്പോൾ സംഘാടകരും പങ്കെടുത്തവരും ഒരുപോലെ ആഹ്ളാദം പങ്കുവെച്ചു. എന്തായാലും ഈ ആഘോഷം സ്നേഹത്തിൻറെയും ഒത്തുചേരലിന്‍റെയും അവധിക്കാല സന്തോഷത്തിന്‍റെയും നിമിഷമായി മാറി. ഡൗൺ ടൗൺ ഡിസി ബിസിനസ് ഇംപ്രൂവ്‌മെന്‍റ് ഡിസ്ട്രിക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതിലുപരി, എല്ലാവരെയും ഒരുമിപ്പിക്കാനും ഈ ആഘോഷ ദിനങ്ങളിൽ സ്നേഹവും സന്മനസ്സും പ്രചരിപ്പിക്കാനുമുള്ള ഒരു മാർഗ്ഗമായാണ് പരിപാടിയെ കണ്ടതെന്ന് അവർ വ്യക്തമാക്കി.


