
ഇന്ത്യക്കാരുടെ പൗരബോധത്തെ കുറിച്ച് വിദേശികൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ നിരവധി തവണ തെളിവുകൾ സഹിതം പരാതിപ്പെട്ടിരുന്നു. എന്നാൽ, പൊതു സ്ഥലങ്ങൾ വൃത്തികേടാക്കുന്നത് തുടരുകയാണ് ഓരോരുത്തരും. ഏറ്റവും ഒടുവിലായി ദില്ലി മെട്രോയുടെ പ്ലാറ്റ്ഫോമിൽ പരസ്യമായി മൂത്രമൊഴിക്കുന്ന ഒരു യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ പൗരബോധത്തെ കുറിച്ചും വലിയൊരു ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നു പോകുന്ന ഒരു സ്ഥലത്ത് പരസ്യമായി ഒരാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഇടയിൽ വലിയ രോഷം തന്നെ ഉയർത്തി. ഇയാളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് ശക്തമായ ശിക്ഷ നൽകണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. ദില്ലി മെട്രോയുടെ പ്ലാറ്റ് ഫോമിലെ ഒരു ഗ്ലാസ് ഇടനാഴിയിലാണ് ഇയാൾ പരസ്യമായി മൂത്രമൊഴിച്ചത്. തന്‍റെ പ്രവർത്തി വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ പെട്ടെന്ന് തന്നെ അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ പങ്കുവച്ച് കൊണ്ട് ദില്ലിയിലെ പലർക്കും പൗരബോധം കുറവാണെന്ന് ശുഭം തന്‍റെ എക്സ് ഹാന്‍റിലിൽ എഴുതി. മെട്രോ പരിസരങ്ങളിൽ, ചിലർ പരസ്യമായി മൂത്രമൊഴിക്കുകയോ കുട്ടികളെ അത് ചെയ്യാൻ അനുവദിക്കുകയോ ചെയ്യുന്നു. ഉപയോഗിച്ച മെട്രോ ടിക്കറ്റുകൾ ചവറ്റുകുട്ടകളിൽ ഇടുന്നതിന് പകരം വലിച്ചെറിയുന്നു. ആളുകൾ സ്റ്റേഷനുകളിൽ ഭക്ഷണം കഴിക്കുകയും മാലിന്യം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ഉപരിയായി രാജ്യ തലസ്ഥാനത്ത് അടിസ്ഥാന പൗര ഉത്തരവാദിത്തത്തിന്‍റെ അഭാവം ആശങ്കാജനകമാണെന്നും ശുഭം കൂട്ടിച്ചേർത്തു.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പൗരബോധത്തിന്‍റെ അഭാവത്തെ കുറിച്ച് എഴുതിയത്. ചിലർ മാനസികപ്രശ്നമായിരിക്കാമെന്ന് എഴുതി. ആളുകൾ ദില്ലി മെട്രോയെ ഒരു വീടായി കരുതുന്നു. അവർ സുഖമായി ജീവിക്കുന്നു, മൂത്രമൊഴിക്കുന്നു, അവർക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. സർക്കാർ എന്തെങ്കിലും നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദില്ലി നമ്മുടെ തലസ്ഥാന നഗരമാണ്, അത് നശിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. നിരവധി പേർ അയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് മറ്റുള്ളവർക്ക് ഒരു മാതൃകയാക്കണമെന്ന് നിർദ്ദേശിച്ചു.