മുംബൈയിലെ താമസസൗകര്യങ്ങൾ എന്നും കീശ കീറുന്നതാണ്. എന്നാൽ 23 വയസ്സുള്ള രണ്ട് യുവതികൾ ഒരു ഫ്ലാറ്റിന് മാസം ഒരു ലക്ഷം രൂപ വാടക നൽകുന്നു എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. പരേലിലെ 700 സ്ക്വയർഫീറ്റ് ഫ്ലാറ്റിലെ വിശേഷങ്ങളും വിമാനങ്ങൾ കാണാൻ കഴിയുന്ന ആ 'വിലകൂടിയ' കാഴ്ച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജീവിതച്ചെലവ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. മുംബൈയിലെ പരേലിൽ (Parel) വെറും 700 സ്ക്വയർഫീറ്റിലുള്ള ഫ്ലാറ്റിന് രണ്ട് പെൺകുട്ടികൾ നൽകുന്ന മാസവാടക കൃത്യം ഒരു ലക്ഷം രൂപയാണ്!.

ഇൻഫ്ലുവൻസറായ ആര്യ കോത്താരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം വൈറലായത്. 23 വയസ്സ് മാത്രം പ്രായമുള്ള രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ് ഈ ഫ്ലാറ്റിലെ താമസക്കാർ.

വാടക ഒരു ലക്ഷം, സൗകര്യങ്ങൾ കുറവ്?

വീഡിയോയിൽ ആര്യ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ ഈ ഫ്ലാറ്റിന്റെ വാടകയെക്കുറിച്ചാണ്. മെയിന്റനൻസ് ചാർജ് ഉൾപ്പെടെ കൃത്യം ഒരു ലക്ഷം രൂപയാണ് ഓരോ മാസവും ഇവർ വാടകയിനത്തിൽ നൽകുന്നത്. ഏകദേശം 700 സ്ക്വയർഫീറ്റുള്ള ഈ ടൂ ബിഎച്ച്ക ഫ്ലാറ്റ് രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത്. ഫ്ലാറ്റിന്റെ ലിവിംഗ് റൂമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.

View post on Instagram

ഒഴിവുസമയങ്ങളിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ ഇവർ തിരഞ്ഞെടുക്കുന്നത് ഈ ഭാഗമാണെന്നാണ് വീഡിയോയിൽ പറയുന്നത്. മാസ്റ്റർ ബെഡ്‌റൂമിന് മറ്റ് മുറികളേക്കാൾ അല്പം വലുപ്പമുണ്ടെങ്കിലും മുംബൈയിലെ സാധാരണ ഫ്ലാറ്റുകളുടെ അത്രയും സൗകര്യങ്ങൾ മാത്രമേ ഇതിനുള്ളൂ എന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.

ഫ്ലാറ്റിലെ പ്രധാന ആകർഷണം

ഈ ഫ്ലാറ്റിന് ഇത്രയും വലിയ വാടക വരാൻ കാരണമായി താമസക്കാർ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ കാഴ്ച്ചയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൂരെയായി കാണാൻ സാധിക്കും. 'വിമാനങ്ങൾ വന്നിറങ്ങുന്നത് നോക്കി നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്,' എന്നാണ് താമസക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ നടുവിൽ ഇത്തരം കാഴ്ചകൾ ലഭിക്കുന്ന സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നതും വാടക വർദ്ധിക്കാൻ കാരണമായി.

മുംബൈയിലെ ജീവിതം: തമാശയും കാര്യവും

മുംബൈയിൽ താമസിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പെൺകുട്ടികൾ നൽകിയത്. മുംബൈയിലെ ഗതാഗതക്കുരുക്കും ദൂരവും കാരണം ബാന്ദ്രയിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നത് 'ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്' പോലെയാണെന്ന് ഇവർ തമാശയായി പറയുന്നു. ഉയർന്ന വാടകയാണെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഇവർ സംതൃപ്തരാണ്.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. 23 വയസ്സുള്ള കുട്ടികൾ ഇത്രയും വലിയ തുക വാടക നൽകുന്നതിനെ പലരും വിമർശിച്ചു. 'ഒരു ലക്ഷം രൂപ മാസവാടക നൽകുന്നതിനേക്കാൾ നല്ലത് നാസിക്കിൽ ഇഎംഐ അടച്ച് രണ്ട് വീട് വാങ്ങുന്നതാണ്' എന്നാണ് ഒരാളുടെ കമന്റ്. തന്റെ മാസശമ്പളത്തേക്കാൾ കൂടുതലാണ് ഇവരുടെ വാടകയെന്ന് മറ്റൊരു യുവാവ് കുറിച്ചു.

എന്നാൽ മുംബൈയുടെ ഹൃദയഭാഗമായ പരേലിൽ ഇത്തരം നിരക്കുകൾ സാധാരണമാണെന്ന് വാദിക്കുന്നവരും കുറവല്ല. ലൊക്കേഷൻ, സുരക്ഷ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ഈ വാടക ന്യായമാണെന്ന് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നു.

മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അമിതമായ വിലക്കയറ്റത്തിലേക്കാണ് ഈ വൈറൽ വീഡിയോ വിരൽ ചൂണ്ടുന്നത്. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വാടക നിരക്കുകൾ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക് പോലും ഭാരമായി മാറുന്നുണ്ടോ എന്ന ചർച്ചയും ഇതോടെ സജീവമായി.