
കൊൽക്കത്ത: കൊൽക്കത്തയിലെ തിരക്കേറിയ സീൽദ–ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്‍റെ എഞ്ചിന് മുകളിലേക്ക് ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണ് വീണ് തീ പടര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബുധനാഴ്ച രാത്രി 8.50-ഓടെ ദക്ഷിണേശ്വർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇലക്ട്രിക് ലൈൻ പൊട്ടി വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചതോടെ നൂറുകണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.
ദാൻകുനിയിൽ നിന്ന് സീൽദയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ ദക്ഷിണേശ്വറിന് സമീപമെത്തിയപ്പോഴാണ് തൊട്ടു മുകളിലെ ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ ഉഗ്രശബ്ദത്തോടെ ട്രെയിനിന്‍റെ എഞ്ചിന് മുകളിലേക്ക് പൊട്ടി വീണ് തീ പിടിച്ചത്. ഇതോടെ യാത്രക്കാര്‍ സ്റ്റേഷനിലൂടെ പരിഭ്രാന്തരായി ഓടി. അപകട വിവരമറിഞ്ഞയുടൻ റെയിൽവേ എൻജിനീയർമാരും ടവർ വാഗണും സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് തകരാറിലായ ലോക്കൽ ട്രെയിൻ ട്രാക്കിൽ തന്നെ കിടന്നതോടെ ഈ വഴിയുള്ള മറ്റ് സർവീസുകൾ പൂർണമായും മുടങ്ങി. ട്രാക്കുകളുടെ സുരക്ഷയും വൈദ്യുതി വിതരണവും ഉറപ്പാക്കിയ ശേഷമാണ് പിന്നീട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്.
കൊൽക്കത്ത മെട്രോപൊളിറ്റൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സബർബൻ പാതകളിലൊന്നാണ് സീൽദ–ദാൻകുനി റൂട്ട്. ആയിരക്കണക്കിന് ജീവനക്കാരും വിദ്യാർത്ഥികളുമാണ് ദിനംപ്രതി ഈ റൂട്ടിനെ ആശ്രയിക്കുന്നത്. രാത്രിയിലെ തിരക്കേറിയ സമയത്തുണ്ടായ ഗതാഗത തടസം യാത്രക്കാരെ ദുരിതത്തിലാക്കി. മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വന്ന പലരും പിന്നീട് ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. ദാൻകുനി റൂട്ടിലുണ്ടായ തകരാർ കാരണം സമീപത്തെ മറ്റ് സബർബൻ പാതകളിലെയും ട്രെയിൻ ഗതാഗതം താറുമാറായി. സീൽദ മെയിൻ ലൈൻ, ബംഗാവ് ലൈൻ എന്നിവിടങ്ങളിലൂടെയുള്ള സർവീസുകൾ വൈകിയാണ് ഓടിയത്. ഇത് കൊൽക്കത്തയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം ജനത്തിരക്കിനും യാത്രാക്കുരുക്കിനും കാരണമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക