
ദില്ലി: വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നത് ആർക്കും അറിയാത്തതല്ല. ഇന്ത്യയിൽ പക്ഷെ പലപ്പോഴും ഇത് പാലിക്കാൻ ബഹുഭൂരിപക്ഷവും തയ്യാറാകാറില്ല. ട്രെയിനിൻ്റെ ഗ്ലാസ് ചില്ല് കഴുകി വൃത്തിയാക്കിയ യുവതിയുടെ പിന്നീടുള്ള പ്രവർത്തി കണ്ട് അതിരൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വെള്ളക്കുപ്പിയും ടിഷ്യു പേപ്പറും റെയിൽപാളത്തിലേക്ക് വലിച്ചെറിഞ്ഞതിലാണ് വിമർശനം.
സോഷ്യൽഅവെർനെസ് (@socialawarenezz) എന്ന എക്സ് ഹാൻഡിലിൽ പങ്കുവെച്ച ചിത്രമാണ് വ്യാപകമായി ചർച്ചയാകുന്നത്. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൻ്റെ ഗ്ലാസ് ചില്ല് യുവതി വെള്ളവും ടിഷ്യൂവും ഉപയോഗിച്ച് തുടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പിന്നീട് യുവതി ഈ കുപ്പിയും ടിഷ്യൂവും പാളത്തിലേക്ക് എറിയുകയാണ് ചെയ്യുന്നത്. റെയിൽപാളത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പ്രവർത്തിക്കെതിരെയാണ് ശക്തമായ വിമർശനം ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ ഉള്ള യുവതി ആരെന്നോ, ഇത് എവിടെ വച്ച് ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല.