മുംബൈയിലെ തിരക്കേറിയ തെരുവുകളെ ഒരു അന്താരാഷ്ട്ര ഫാഷൻ റൺവേയാക്കി മാറ്റിയ ആ 'കൂൾ ഗേളിനെ' നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടുണ്ടോ? ഒരു നിമിഷം ചായ കുടിച്ചിരിക്കുന്ന പെൺകുട്ടി, തൊട്ടടുത്ത സെക്കൻഡിൽ നടന്നുനീങ്ങുന്നു. Meet Diya Joukani The Cool Girl From India
മുംബൈ: സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ, മനോഹരമായ ഹൈ-ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് മുംബൈയുടെ തിരക്കേറിയ തെരുവുകളിലൂടെ അനായാസം നടന്നുനീങ്ങുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കണ്ടിട്ടുണ്ടാകും. 'Cool girl from India' എന്ന ക്യാപ്ഷനോടെ ആഗോളതലത്തിൽ തരംഗമായി മാറിയിരിക്കുകയാണ് 25 വയസ്സുകാരിയായ ഫാഷൻ ഡിസൈനർ ദിയ ജൗക്കാനി. വെറുമൊരു ഇൻഫ്ലുവൻസർ എന്നതിലുപരി, ഇന്ത്യൻ ഫാഷൻ സങ്കൽപ്പങ്ങളെ ആഗോള ഭൂപടത്തിൽ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തുകയാണ് ഈ മുംബൈ സ്വദേശിനി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് ദിയ. സ്വന്തം ബ്രാൻഡായ 'DiyaDiya Studio'-യുടെ സ്ഥാപകയും. ഫാഷൻ ലോകത്തെ പരമ്പരാഗതമായ റൺവേ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, സാധാരണക്കാരുടെ ഇടയിലേക്ക് തന്റെ ഡിസൈനുകളെ എത്തിച്ചുവെന്നതാണ് ദിയയെ വ്യത്യസ്തയാക്കുന്നത്. തന്റെ ക്രിയേറ്റീവ് ലോകത്തെ വിപുലീകരിക്കുന്നതിനായി 'Diya’s Duniya' എന്ന പേരിൽ ഒരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിന് അപ്പുറം തന്റെ ഫാഷൻ ഐഡന്റിറ്റി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇതിലൂടെ ദിയ ലക്ഷ്യമിടുന്നത്.
വൈറലായ ആ 'നോൺചലന്റ്' ശൈലി
ദിയയുടെ വീഡിയോകൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം അവയുടെ സ്വാഭാവികതയാണ്. ഫ്രാങ്ക് ഓഷ്യന്റെ 'Nights' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, വളരെ ശാന്തമായി ചായ കുടിച്ചുകൊണ്ടോ റോഡിലൂടെ നടന്നുകൊണ്ടോ ആണ് വീഡിയോകൾ ആരംഭിക്കുന്നത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വീഡിയോയുടെ മൂഡ് മാറുന്നു. തിരക്കേറിയ ട്രാഫിക്കിലൂടെ ബൈക്ക് ഓടിക്കുക, റോഡരികിലെ ആടിനെ കൈപിടിച്ച് നടക്കുക, ജെസിബിക്ക് മുകളിൽ കയറിയിരിക്കുക, ബാർബർ ഷോപ്പുകളിലോ ലോക്കൽ ഹോട്ടലുകളിലോ കയറി അവിടുള്ള സാധാരണക്കാരോട് കുശലാന്വേഷണം നടത്തുക എന്നിങ്ങനെ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ദിയ ചെയ്യുന്നത്. ദിയയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്ലാത്ത ആ 'കൂൾ' ലുക്ക് അതാണ് ആരാധകരെ വീഡിയോകളിലേക്ക് ആകർഷിക്കുന്നത്.
തെരുവുകളാണ് ദിയയുടെ റൺവേ
ലക്ഷ്വറി ബ്രാൻഡുകൾസ്റ്റുഡിയോകളോ വിദേശ രാജ്യങ്ങളിലെ മനോഹരമായ ലൊക്കേഷനുകളിലോ ആണ് അവരുടെ വസ്ത്രങ്ങൾ ഷൂട്ട് ചെയ്യാനായി തിരഞ്ഞടുക്കാറുള്ളത് . എന്നാൽ ദിയ തന്റെ ഹൈ-എൻഡ് വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങുന്നത് മുംബൈയിലെ സാധാരണ മാർക്കറ്റുകളിലേക്കും ഗല്ലികളിലേക്കുമാണ്.
എംബ്രോയ്ഡറി വർക്ക് പാറ്റേണുകൾ ദിയയുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. മിക്ക വസ്ത്രങ്ങളും ഓവർസൈസ്ഡ് അല്ലെങ്കിൽ ബാഗി ഫിറ്റിംഗിലുള്ളവയാണ്. ഇത് ഒരേസമയം കംഫർട്ടബിളും സ്റ്റൈലിഷുമാണ്. പച്ചക്കറി വണ്ടിക്കാരും ഓട്ടോറിക്ഷക്കാരും കുട്ടികളും ദിയയുടെ വീഡിയോകളിൽ സ്വാഭാവികമായി കടന്നുവരുന്നു. മുംബൈയുടെ ഊർജ്ജത്തെ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദിയ പറയുന്നു.
ആഗോളതലത്തിൽ പടരുന്ന ‘ദിയ ട്രെൻഡ്’
ഫെബ്രുവരിയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ ഈ ശൈലി അനുകരിക്കാൻ തുടങ്ങി. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലും, മോസ്കോയിലെ മൈനസ് 20 ഡിഗ്രി തണുപ്പിലും, ബെയ്റൂട്ടിലെ ബൈക്ക് യാത്രകളിലും വരെ ദിയയുടെ 'കൂൾ ഗേൾ' സ്റ്റൈൽ പകർത്തിക്കൊണ്ട് വീഡിയോകൾ പുറത്തുവന്നു. ബെംഗളൂരുവിൽ ദോശ കഴിച്ചും ഓട്ടോയിൽ യാത്ര ചെയ്തും വിദേശ സഞ്ചാരികൾ പോലും ഈ ട്രെൻഡിന്റെ ഭാഗമായി.
വലിയ റൺവേകളോ ആഡംബര വെളിച്ചമോ ഇല്ലാതെ തന്നെ ഒരു കലാകാരന് തന്റെ സർഗ്ഗാത്മകത ലോകത്തെ അറിയിക്കാൻ കഴിയുമെന്ന് ദിയ ജൗക്കാനി തെളിയിച്ചിരിക്കുന്നു. വിപണന തന്ത്രങ്ങൾക്കും അപ്പുറം തന്റെ നാടിന്റെ സംസ്കാരത്തെയും തനിമയെയും ഫാഷനുമായി ഇണക്കിച്ചേർത്തതാണ് ദിയയെ ഇന്ന് ഇന്റർനെറ്റിലെ യഥാർത്ഥ 'കൂൾ ഗേൾ' ആക്കി മാറ്റുന്നത്. മുംബൈയുടെ മണ്ണിൽ ചവിട്ടി നിന്ന് ആഗോള ഫാഷൻ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ദിയയുടെ യാത്ര യുവ ഡിസൈനർമാർക്ക് വലിയൊരു പ്രചോദനമാണ്.


