ഒരാഴ്ച കൊണ്ട് വെളുക്കുന്ന ക്രീമുണ്ടോ? ചവറ്റുകൊട്ടയിലിട്ടേക്കൂ; കാണാതെ പോകരുത് അപകടങ്ങള്‍

Published : Nov 29, 2026, 06:53 PM IST
agora

Synopsis

ചികിത്സയ്ക്കായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ക്രീമുകളിൽ നിന്ന് വ്യത്യസ്തമായി, ഏഴ് ദിവസത്തിൽ വെളുക്കുമെന്ന് അവകാശപ്പെടുന്ന വിപണിയിലെ ക്രീമുകളിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാൽ ആരെങ്കിലും ഏഴ് ദിവസത്തിൽ വെളുക്കും എന്ന് പറഞ്ഞാൽ ആ ക്രീം നിങ്ങൾ ചവറ്റുകൊട്ടയിൽ ഇടണം.

നമ്മൾ കാണാനെങ്ങനെയിരിക്കണം എന്ന് തീരുമാനിക്കുന്നത് ഇന്ന് വിപണിയാണ്. ഇൻഫ്ലുവൻസർമാർ പറയുന്ന ഏത് പ്രൊഡക്ടും ഉപയോ​ഗിക്കാൻ പലരും തയ്യാറാവുന്നത് സമൂഹമുണ്ടാക്കിയിരിക്കുന്ന സൗന്ദര്യത്തിന്റെ നിർവചനങ്ങൾക്ക് അകത്ത് കയറാനാണ്. അതിന് നിർബന്ധിക്കുന്നതും അതേ സമൂഹം തന്നെ. ഇത്തരം ക്രീമുകളും ചികിത്സകളുമുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടേണ്ടുന്ന വിഷയമാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'അ​ഗോറ'യിലെ 'ഒരേ മാതൃകയിലേക്ക് മാറുന്ന സൗന്ദര്യസങ്കൽപ്പങ്ങൾ' എന്ന ചർച്ചയിലെ പ്രധാനഭാ​ഗങ്ങൾ.

സൗന്ദര്യസങ്കല്പങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ഇൻഫ്ലുവൻസർമാരും പരസ്യങ്ങളും നമ്മുടെ സൗന്ദര്യസങ്കല്പങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ചർച്ച തുടങ്ങിയത്. പ്രശസ്ത പ്ലാസ്റ്റിക് സർജനും സുവർണ്ണ എസ്തെറ്റിക്സിന്റെ സ്ഥാപകനുമായ ഡോ. എം. എസ്. ജയശേഖർ, ഡെർമറ്റോളജിസ്റ്റും സെറീൻ ഡെർമ ലേസർ ക്ലിനിക്സിന്റെ സ്ഥാപകയും ഡയറക്ടറുമായ ഡോ. സോണിയ ഫിറോസ്, എസ്തെറ്റിക് സർജനും കോസ്മെറ്റിക് ഹോസ്പിറ്റലിന്റെ സ്ഥാപകനും എം.ഡിയുമായ ഡോ. ബിബിലാഷ് ബാബു എന്നിവരായിരുന്നു ചർച്ചയിലുണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ബ്രോഡ്‍കാസ്റ്റ് ജേണലിസ്റ്റ് അഞ്ജലി പ്രിയദാസ് മോഡറേറ്ററായി.

മാറുന്ന സൗന്ദര്യസങ്കല്പങ്ങൾ

സൗന്ദര്യത്തിന് ഒരൊറ്റ അളവുകോലില്ല, അത് സാംസ്കാരികവും വംശീയവും ദേശീയവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും വെളുത്ത നിറവും മെലിഞ്ഞ ശരീരവും ഒരേ അച്ചിൽ വാർത്ത മുഖവും എന്ന രീതി പരസ്യങ്ങളും സോഷ്യൽ മീഡിയയും ചേർന്ന് ഉണ്ടാക്കിയെടുത്തതാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ബാർബി ഡോളിനെപ്പോലെയാവണമെന്ന ചിന്തയും ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്ന കൊറിയൻ കൾച്ചറിലെ വെളുത്ത, സ്ലിം ആയ, 'ഗ്ലാസ് സ്കിൻ' സങ്കല്പവും വരെ മാറി, ഇപ്പോൾ ജെൻസി തലമുറ റോബ്ലോക്സ്, സെപ്പീറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ എ.ഐ അവതാർ, ഫിൽട്ടർ എന്നീ സങ്കല്പങ്ങൾക്ക് പിന്നാലെയാണ് പോകുന്നത്.

കറുപ്പും വെളുപ്പും

വെളുത്തതാണ് നല്ലതെന്നും കറുത്തത് മോശമാണെന്നുമുള്ള ചിന്ത പഴയ കൊളോണിയലിസത്തിൽ നിന്നും സമൂഹത്തിൽ നിന്നും വന്നതാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല നമ്മുടെ വീടുകളിലും നിറത്തിന്റെ പേരിൽ ആളുകൾ വിമർശിക്കപ്പെടുന്നു. അതുകൊണ്ടാണ് ആളുകൾക്ക് വെളുക്കാൻ തോന്നുന്നത്.

ചികിത്സയ്ക്കായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ക്രീമുകളിൽ നിന്ന് വ്യത്യസ്തമായി, ഏഴ് ദിവസത്തിൽ വെളുക്കുമെന്ന് അവകാശപ്പെടുന്ന വിപണിയിലെ ക്രീമുകളിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് നമുക്കറിയില്ല. അതിനാൽ ആരെങ്കിലും ഏഴ് ദിവസത്തിൽ വെളുക്കും എന്ന് പറഞ്ഞാൽ ആ ക്രീം നിങ്ങൾ ചവറ്റുകൊട്ടയിൽ ഇടണം, ഒരാഴ്ച കൊണ്ട് വേഗത്തിൽ വെളുത്താൽ അത് ചർമ്മത്തിന് ദോഷം ചെയ്യുമെന്ന് മനസിലാക്കണം.

അതുപോലെ, കറുത്തിരിക്കുന്നത് കൊണ്ട് വിവാഹബന്ധം മുന്നോട്ട് പോകുന്നില്ല എന്നും പറഞ്ഞ് ചികിത്സയ്ക്ക് വരുന്നവരുണ്ട്. അവിടെ പ്രശ്നം നിങ്ങളുടെ വിവാഹജീവിതത്തിനാണ് നിറത്തിനല്ല. വെളുത്തിരുന്നാലും ആ ബന്ധം മുന്നോട്ട് പോകില്ല.

അപകടസാധ്യതയുള്ളവ ഒഴിവാക്കപ്പെടും

നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും വഴി ആരോഗ്യത്തോടെ ഇരിക്കുന്നതാണ് ബോഡിഷേപ്പിനും മറ്റും ഏറ്റവും നല്ല മാർഗ്ഗം. ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമുള്ള കൊഴുപ്പ് കുറയ്ക്കാൻ സർജറി കൂടാതെയുള്ള ക്രയോലൈപോളിസിസ് അല്ലെങ്കിൽ ലിപ്പോസക്ഷൻ പോലുള്ള ചികിത്സാ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാം, കൂടാതെ ശാസ്ത്രീയമായി കൂടുതൽ സുരക്ഷിതമായ രീതികൾ കാലക്രമേണ മുന്നോട്ട് വരികയും അപകടസാധ്യതയുള്ളവ ഒഴിവാക്കപ്പെടുകയും ചെയ്യുമെന്ന് ഡോ. ബിബിലാഷ് ബാബു പറയുന്നു.

കല്യാണി പ്രിയദർശനെ പോലെ മൂക്ക് വേണം

റിയലിസ്റ്റിക് അല്ലാത്ത രീതിയിൽ ചിന്തിക്കുന്ന ആളുകൾ വന്ന് കോസ്മെറ്റിക് സർജറി ആവശ്യപ്പെട്ടാൽ അവർക്കും അത് ചെയ്യുന്നവർക്കും പ്രശ്നമാണ്. ഉദാഹരണത്തിന്, കല്യാണി പ്രിയദർശനെ പോലെ എന്റെ മൂക്ക് ആക്കി തരൂ എന്ന് പറയുമ്പോൾ അത് യാഥാർത്ഥ്യത്തിന് നിരക്കാത്ത ആവശ്യമായതിനാൽ നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല. എന്നാൽ, മൂക്കിന്റെ വളവ് മാറ്റുക പോലുള്ള ചെറിയ മാറ്റങ്ങൾ ചെയ്യാമെന്നാണ് ഡോ. ജയശേഖർ പറയുന്നത്.

ട്രാൻസ്‌ജെൻഡറുകൾക്ക് ശസ്ത്രക്രിയ ചെയ്യുമ്പോൾ രണ്ട് സൈക്യാട്രിസ്റ്റുകൾ അവരെ നിരീക്ഷിച്ച് സ്വതന്ത്രമായി അഭിപ്രായം നൽകിയാൽ മാത്രമേ ചെയ്യാവൂ. ചികിത്സയുടെ ആവശ്യകത നോക്കി യാഥാർത്ഥ്യബോധത്തോടെയുള്ള മാറ്റം ആണെങ്കിൽ തീർച്ചയായും ചെയ്തു കൊടുക്കും.

ഫിൽട്ടർ ചെയ്ത മുഖം

സ്നാപ്ചാറ്റ് പോലുള്ള ആപ്പുകളിലെ ഫിൽട്ടർ ചെയ്ത മുഖം കാണിച്ച് എന്തുകൊണ്ട് അത് അതുപോലെ ചെയ്തു തരുന്നില്ല എന്ന് ചോദിക്കുന്നവരുണ്ടെന്ന് ഡോ. സോണിയ പറയുന്നു. ഫിൽട്ടറുകൾ എല്ലുകൾ വലുതാക്കുകയും രൂപം മാറ്റുകയും ചെയ്യുമ്പോൾ ഒരു ക്രീമോ സർജറിയോ കൊണ്ട് അങ്ങനെ എല്ലുകളുടെ വലിപ്പം മാറ്റാൻ കഴിയില്ല എന്നത് പലർക്കും മനസ്സിലാകുന്നില്ല. ജെൻ സി അല്ല. മിക്കവാറും 40 കളിലൊക്കെ നിൽക്കുന്നവരാണ് ഈ ആവശ്യവുമായി എത്തുന്നത്.

അതുപോലെ 12 വയസുള്ള കുട്ടികൾ വരെയും ഇന്ന് സൗന്ദര്യവർധകവസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ട്. അതിന്റെ അപകടങ്ങൾ വലുതാണ്.

വ്യത്യസ്തതയാണ് യഥാർത്ഥ സൗന്ദര്യം

സൗന്ദര്യസങ്കല്പങ്ങൾ നമ്മൾ കാണുന്നതും മനസ്സിലാക്കുന്നതുമായ വിവരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ടിവി, സോഷ്യൽ മീഡിയ, ചുറ്റുപാടുകൾ, സുഹൃത്തുക്കൾ എന്നിവയിലൂടെ ലഭിക്കുന്ന കാര്യങ്ങളാണ് നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നത്. എങ്കിലും, വ്യത്യസ്തതയാണ് യഥാർത്ഥ സൗന്ദര്യം എന്ന ആശയവും ഇപ്പോൾ ശക്തമായി വരുന്നുണ്ട്.

മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ

സൗന്ദര്യത്തെച്ചൊല്ലിയുള്ള ആകുലത വിഷാദം, ഈറ്റിംഗ് ഡിസോർഡേഴ്സ്, ആത്മവിശ്വാസക്കുറവ് തുടങ്ങിയ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

എങ്കിലും, 'ഡാർക്ക് ഈസ് ബ്യൂട്ടിഫുൾ', 'ബോഡി പോസിറ്റിവിറ്റി' തുടങ്ങിയ മൂവ്മെന്റുകളും സായ് പല്ലവിയെപ്പോലുള്ളവരുടെ നിലപാടുകളും വ്യത്യസ്തതയാണ് സൗന്ദര്യം എന്ന ആശയത്തെ പിന്തുണക്കുന്നതാണ്.

പല കാരണങ്ങൾ

പല കാരണങ്ങൾ കൊണ്ടും ആളുകൾ സൗന്ദര്യവർധക ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വരാറുണ്ട്. അതിന് പിന്നിൽ മറ്റ് ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളോ സമ്മർദ്ദങ്ങളോ ഉണ്ടാകാം. അതിനാൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ടതുണ്ട്.

ചെയ്യാൻ കഴിയാത്തതോ അപ്രായോഗികമായതോ ആയ ശസ്ത്രക്രിയയും മറ്റും വേണമെന്ന് ഒരാൾ വാശി പിടിച്ചാൽ, അത് ചെയ്യുന്നില്ലെന്ന് വിനയത്തോടെ വ്യക്തമാക്കി ഒഴിവാക്കുകയാണ് വേണ്ടത്.

കൊറിയൻ ട്രെൻഡ്

കൊറിയൻ ഉൽപ്പന്നങ്ങൾ എന്നിവയുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ യുവതലമുറയിലും കൗമാരക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്; എന്നാൽ കാലാവസ്ഥയിലും ചർമ്മത്തിന്റെ സ്വഭാവത്തിലും കൊറിയൻ ചർമ്മത്തിൽ നിന്ന് നമ്മുടെ ചർമ്മത്തിന് വലിയ വ്യത്യാസങ്ങളാണുള്ളത്. അമിതമായ ലെയറിംഗും ഉൽപ്പന്നങ്ങളുടെ ഉപയോഗവും ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകാം.

ലളിതമായ സ്കിൻ കെയർ

ഓരോരുത്തരുടെയും ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസിംഗ്, മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നിവ മാത്രമാണ് അടിസ്ഥാനപരമായി നമുക്ക് വേണ്ടത്. Acne പോലുള്ള പ്രശ്നങ്ങൾക്ക് രാത്രിയിൽ അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം, അല്ലാതെ സോഷ്യൽ മീഡിയയിൽ കാണുന്ന അമിതമായ രീതികൾ പിന്തുടരേണ്ടതില്ല.

ശസ്ത്രക്രിയ

കൊഴുപ്പ് കുറയ്ക്കുന്നതടക്കമുള്ള ശസ്ത്രക്രിയകളിൽ വ്യക്തികളുടെ ശരീരഘടനയും യഥാർത്ഥ ആവശ്യകതയും വിലയിരുത്തി, സുരക്ഷിതവും പ്രായോഗികവുമായ രീതികൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ശരീരത്തിലെ പേശികളുടെ ഘടനയ്ക്ക് അനുസൃതമായി മാത്രമേ ഫലങ്ങൾ ലഭിക്കൂ.

വ്യത്യസ്തതയുടെ സൗന്ദര്യം

എല്ലാവരും ഒരേ അച്ചിൽ വാർത്തവരായാൽ പിന്നെ അതിലെന്താണ് ഭം​ഗിയുള്ളത് അല്ലേ? എങ്കിലും സാന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് മാറാത്തിടത്തോളം കാലം ആളുകൾ പരസ്യങ്ങളുടെയും മറ്റും ചതിക്കുഴികളിൽ വീണുപോയേക്കാം. അതുപോലെ, സർക്കാരും നിയമവും കൃത്യമായ പരിശോധനങ്ങളും നിയന്ത്രണങ്ങളും സൗന്ദര്യവർധക വസ്തുക്കളുടെയും ചികിത്സകളുടെയും കാര്യത്തിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ചര്‍ച്ച അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ചായയിൽ മുക്കിയ ബിസ്കറ്റ് പോലെയാവരുത് ടൂറിസം കേന്ദ്രങ്ങൾ; കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാൻ വേണം സ്ലോ ടൂറിസവും ഇമ്മേഴ്സീവ് ടൂറിസവും
ഇത് വെറുമൊരു 'ഘട്ടം' മാത്രം, തിരിച്ചുവരാൻ പോകുന്നത് വായനക്കാരുടെ കാലം; പ്രതീക്ഷ പങ്കുവച്ച് 'ബാക് ടു ബുക്സ്'