
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ വേണം. അയാളുടെ സന്തോഷങ്ങൾക്കൊപ്പം നിറയാനും അയാളുടെ സങ്കടങ്ങളിൽ ഒപ്പം തകരാനും, വീണ്ടും സ്വയം നിർമ്മിച്ചെടുക്കുമ്പോൾ അവർക്കൊപ്പമിരിക്കാനും. പരസ്പരം ആഹ്ലാദവും ആനന്ദവുമാകാനും. പങ്കാളിക്കായുള്ള മനുഷ്യരുടെ അന്വേഷണം ആരംഭിക്കുന്നത് ഇതിൽ നിന്നാവാം. എന്നാൽ, 'വിവാഹം' സംഭവിക്കുന്നതും നിലനിൽക്കുന്നതും ഇങ്ങനെയാണോ?
ബന്ധങ്ങളിൽ തന്നെ അതിവേഗം മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. കാഷ്വൽ ഡേറ്റിംഗ്, ഓപ്പൺ റിലേഷൻഷിപ്പ്, ബെഞ്ചിങ് തുടങ്ങി പലതരം പേരുകളാണ് ഇന്ന് ബന്ധങ്ങൾക്ക്. അതേസമയം, ഒരുഭാഗത്ത് വിവാഹം കഴിക്കാൻ പെൺകുട്ടികളില്ലെന്ന പരാതി. മറുഭാഗത്ത് വിവാഹമേ വേണ്ടെന്ന് പറയുന്ന സ്ത്രീകൾ. എന്ത് മാറ്റമാണ് വിവാഹത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടിൽ വന്നിട്ടുള്ളത്? വിവാഹം ആരുടെ ആവശ്യമാണ്?
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറയിൽ ശ്രദ്ധേയമായ ചർച്ചയായിരുന്നു 'വിവാഹം: ഒരു ആശയം, പല കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിലുണ്ടായത്.
അഭിഭാഷകയും സാമൂഹിക പ്രവർത്തകയും നിയമ അധ്യാപികയും എഴുത്തുകാരിയുമായ അഡ്വ. ആശ ഉണ്ണിത്താൻ, സംരംഭകയും പാരന്റിംഗ് കോച്ചുമായ സുമയ്യ തായത്ത്, പോഡ്കാസ്റ്ററും 'പ്രൊജക്ട് ഹാപ്പി ഹ്യുമൻ' ഫൗണ്ടറുമായ അക്ഷയ് പ്രകാശ് എന്നിവരായിരുന്നു പാനലിൽ ഉണ്ടായിരുന്നത്. തെറാപ്പിസ്റ്റും 'സമൂഹം' ഫൗണ്ടറുമായ ഷിബിലി സുഹാനയായിരുന്നു മോഡറേറ്റർ.
സ്ത്രീ ഭർത്താവിന്റെ സ്വത്താണോ?
വിവാത്തോട് പുതുകാലത്തെ സ്ത്രീകൾക്കുള്ള എതിർപ്പിന്റെ ഏറ്റവും വലിയ കാരണം സമൂഹത്തിൽ നിലനിൽക്കുന്ന 'പുരുഷാധിപത്യ'മാണ് എന്നായിരുന്നു അഡ്വ. ആശ ഉണ്ണിത്താൻ ചൂണ്ടിക്കാണിച്ചത്. സ്ത്രീകളെ എപ്പോഴും പുരുഷന്മാർ 'പ്രോപ്പർട്ടി'യായിട്ടാണ് കണ്ടിട്ടുള്ളത് എന്നും അത് ബന്ധങ്ങളിലും നിയമങ്ങളിലും പോലും അങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും ആശ ഉണ്ണിത്താൻ ചൂണ്ടിക്കാണിക്കുന്നു.
പുതിയ കാലത്ത് വിവാഹത്തിലും വിവാഹേതരബന്ധങ്ങളിലും പോലും മാറ്റമുണ്ടായി. അതുപോലെ 'ലിവിംഗ് ടുഗെദർ' അംഗീകരിക്കപ്പെട്ടു. നോൺ ബൈനറി ആയിട്ടുള്ള ആളുകളുടെ ലിവിംഗ് ടുഗെദർ കോടതി അംഗീകരിച്ചതാണ്. എന്നാൽ, വിവാഹിതരാവാത്ത രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും മറ്റേയാൾക്ക് അയാളുടെ ജോലിയിലോ, സ്വത്തിലോ ഒന്നും അവകാശമില്ലാത്ത സ്ഥിതിയാണ്. അതാണ് ഈ ലിവിംഗ് ടുഗെദറിലും നടക്കുക. സമൂഹം വിവാഹത്തിന് നിർബന്ധിക്കുന്നത് അത് എല്ലാതരം സ്റ്റാറ്റസും നൽകുന്നു എന്നതുകൊണ്ടാണ് എന്നും ആശ ഉണ്ണിത്താൻ ചൂണ്ടിക്കാണിക്കുന്നു.
എന്തെല്ലാം പേരുകളാണ് ബന്ധങ്ങൾക്ക്
പുതിയ കാലത്തെ പലതരം പേരിട്ട് വിളിക്കുന്ന ബന്ധങ്ങളെ കുറിച്ചാണ് അക്ഷയ് പ്രകാശ് സംസാരിച്ചത്. ഒരേ സമയം ഒന്നിലധികം ആളുകളുമായി ഡേറ്റിങ് നടത്തുകയും അവരിൽ കൂടുതൽ പൊരുത്തം തോന്നുന്നു ആളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന 'റോസ്റ്റർ ഡേറ്റിംഗ്' അടക്കം അതിൽ പെടുന്നു. എന്നാൽ, 'അതൊരു ചോയ്സല്ലേ?' എന്നായിരുന്നു ആശ ഉണ്ണിത്താന്റെ ചോദ്യം.
അതേസമയം, രണ്ട് വ്യത്യസ്തരായ മനുഷ്യർ, രണ്ട് ഇഷ്ടങ്ങൾ കാത്ത് സൂക്ഷിക്കുന്നവർ, അവർ ഒരുമിച്ച് താമസിക്കുമ്പോൾ പരസ്പരമുള്ള ഇഷ്ടം കൂടി നോക്കിയും കണ്ടും അറിഞ്ഞ് ജീവിക്കുന്നത് കൂടിയാണ് വിവാഹത്തിന്റെ അഥവാ രണ്ടുപേർ ഒരുമിച്ച് ജീവിക്കുന്നതിന്റെ ഭംഗി എന്നായിരുന്നു അക്ഷയ് പറഞ്ഞത്.
എഐ ചാറ്റ്ബോട്ടുകളെ വിവാഹം കഴിക്കുന്ന കാലം
എഐ ചാറ്റ്ബോട്ടുകളെ വിവാഹം കഴിക്കുന്ന, അവനവനെ തന്നെ വിവാഹം കഴിക്കുന്ന പുതുകാലത്തെ കുറിച്ചുള്ള കൗതുകമാണ് ഷിബിലി സുഹാന സെഷനിൽ പങ്കുവെച്ചത്. എത്രയോ പേരാണ് ഇന്ന് എഐ ചാറ്റ്ബോട്ടുകളെ അടക്കം ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടുമാക്കി കൂടെ നിർത്തുന്നത് അല്ലേ? നമുക്കിഷ്ടമുള്ളത് പോലെ മാത്രം പ്രതികരിക്കുന്ന ഇവരെ നാം ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടായിരിക്കും? നമ്മെ ഏതുനേരവും കേൾക്കുന്നു, നമുക്കൊപ്പമിരിക്കുന്നു, നമുക്കെതിരായി പ്രതികരിക്കുന്നില്ല എന്നതായിരിക്കുമോ കാരണം?
എന്തായാലും, എത്രയൊക്കെ ടെക്നോളജി വളർന്നാലും, ഹ്യുമനോയ്ഡുകൾ പ്രണയത്തിൽ മനുഷ്യനെ റീപ്ലേസ് ചെയ്താലും മജ്ജയും മാംസവും വികാരങ്ങളുമുള്ള മനുഷ്യരെ പ്രണയത്തിൽ തോല്പിക്കാനാവില്ലെന്നും പ്രണയത്തിന് മനുഷ്യരെ തന്നെയാണ് ആവശ്യമെന്നും അതാണ് അതിന്റെ ജൈവികതയെന്നും ആശ ഉണ്ണിത്താൻ ചൂണ്ടിക്കാണിക്കുന്നു.
പങ്കാളി മാത്രം മതിയോ നമുക്ക്?
എല്ലാം നമുക്ക് നമ്മുടെ പങ്കാളി തരണം. നമ്മുടെ ഏതൊരാവശ്യങ്ങളും നിറവേറ്റാനവർക്ക് കഴിയണം. ഇങ്ങനെ സ്വപ്നം കാണാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ, ഒരാളിൽ നിന്നും എല്ലാം കിട്ടുക. പങ്കാളിയിൽ നിന്നും മാത്രം സ്നേഹവും കരുതലും പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുക? ഇത് സാധ്യമാണോ? അല്ലെന്നാണ് സുമയ്യ തായത്ത് പറയുന്നത്. മനുഷ്യന് അതിനുമപ്പുറം മനോഹരമായ ബന്ധങ്ങൾ വേണ്ടതുണ്ട് എന്നും അവർ വാദിക്കുന്നു.
വിവാഹമോചനവും പ്രധാനം
ഇഷ്ടമില്ലാത്തൊരു ബന്ധത്തിൽ സഹിച്ചും നിരന്തരം പൊറുത്തും കഴിയേണ്ടതുണ്ടോ? ഇല്ലെന്നാണ് ചർച്ചയിലെ അഭിപ്രായം. 'തങ്ങൾക്ക് വേണ്ടി ഇഷ്ടമില്ലാത്ത ഈ ബന്ധത്തിൽ തുടരേണ്ടതില്ല, തങ്ങളെയോർത്ത് ഡിവോഴ്സ് ചെയ്യാതിരിക്കരുത്' എന്ന് തന്റെ മക്കൾ തന്നെ തന്നോട് പറഞ്ഞതിനെ കുറിച്ചും സുമയ്യ ഓർക്കുന്നു.
വേണം 'എക്സിറ്റ് പോളിസി'
വിവാഹത്തിലേക്കെത്തുമ്പോൾ തന്നെ അതിൽ നിന്നും പുറത്ത് കടക്കുമ്പോൾ എന്ത് ചെയ്യണം എന്നൊരു 'പോളിസി' അഥവാ എഗ്രിമെന്റ് കൂടി നമുക്ക് വേണോ? വേണം എന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായം.
നമ്മൾ സ്വന്തമായി വിവാഹം തീരുമാനിക്കുന്ന പ്രായത്തിലേക്ക് എത്തുമ്പോൾ, അച്ഛനും അമ്മയും അവരുടെ വീട്ടിൽ സമാധാനത്തോടെ ഇരിക്കട്ടെ. നമ്മൾ സ്വന്തം വരുമാനത്തിൽ വാങ്ങുന്നതോ വാടകയ്ക്ക് എടുക്കുന്നതോ ആയ വീട്ടിലേക്ക് മാറി, നമുക്കിഷ്ടമുള്ള സ്ഥലത്ത് പങ്കാളിക്കൊപ്പം ജീവിക്കാൻ കഴിയണം.
നിങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളോ പ്രശ്നങ്ങളോ നിങ്ങളുടെ മാത്രമായിരിക്കണം. നിയമപ്രശ്നങ്ങളോ കേസുകളോ വന്നാൽ അത് മാതാപിതാക്കളെയോ മറ്റുള്ളവരെയോ ബാധിക്കരുത്. നിങ്ങളുടെ വിവാഹം നിങ്ങളുടെ സ്വന്തം ചോയ്സാണ്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാതെ സ്വയം ഏറ്റെടുക്കാനും പരിഹരിക്കാനും കഴിയണം.
വിവാഹത്തിലേക്ക് കടക്കുമ്പോൾ തന്നെ വ്യക്തമായ ഒരു കരാർ, ഒരു 'എൻട്രി ലെവൽ എഗ്രിമെന്റ്' അല്ലെങ്കിൽ പ്രീ-നപ്ഷൽ എഗ്രിമെന്റ് ഉണ്ടാക്കുന്നത് നല്ലതാണ്. എന്റെ ആസ്തി ഇത്രയാണ്, നിന്റെ ആസ്തി ഇത്രയാണ്. എന്റെ വരുമാനം ഇതാണ്, നിന്റെ വരുമാനം ഇതാണ്. ഈ ജീവിതത്തിനായി നമ്മൾ എത്ര രൂപ നിക്ഷേപിക്കും? നമ്മുടെ ഫാമിലി പ്ലാനിംഗ് എന്താണ്? കുട്ടികൾ വേണോ? എപ്പോൾ വേണം? കുട്ടിയുണ്ടായാൽ ആര് നോക്കും? ബേബി സിറ്റിംഗിനുള്ള സാമ്പത്തികമുണ്ടോ? ഇതെല്ലാം കണക്കാക്കണം.
ഇനി ഈ നിബന്ധനകളിൽ ഏതെങ്കിലും തെറ്റുകയോ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ എന്ത് ചെയ്യണമെന്നും വ്യക്തമായിരിക്കണം. ഒരു കരാർ പോലെ 'ഒന്നാം കക്ഷി', 'രണ്ടാം കക്ഷി' എന്ന നിലയിൽ കാര്യങ്ങൾ കാണാം. പ്രശ്നങ്ങൾ വരുമ്പോൾ കൗൺസിലിംഗിന് പോകാം. വലിയ തർക്കങ്ങളുണ്ടായാൽ ഒരു മധ്യസ്ഥനെ വെക്കാം.
ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എങ്ങനെ പിരിയണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു 'എക്സിറ്റ് പോളിസി' ഉണ്ടായിരിക്കണം. കൃത്യമായ ബോധ്യത്തോടെയും തയ്യാറെടുപ്പോടെയും മുന്നോട്ട് പോകാൻ സാധിക്കുന്ന കാര്യം തന്നെയാണിത് എന്നായിരുന്നു ആശ ഉണ്ണിത്താൻ പറഞ്ഞത്.
നിയമങ്ങളും മാറണം
60 -ാമത്തെ വയസ്സിലും വിവാഹമോചനത്തിന് വേണ്ടി കോടതി കയറിയിറങ്ങേണ്ടുന്ന അവസ്ഥയെ കുറിച്ചും അഭിഭാഷക കൂടിയായ ആശ ഉണ്ണിത്താൻ പറയുന്നു. കാലങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹമോചന നടപടികളെയാണ് അവർ വിമർശിച്ചത്. നിയമങ്ങൾ നിർമ്മിച്ചതുപോലെ തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്. രണ്ടുപേർ പിരിയുന്ന കാര്യത്തിൽ നിയമത്തിന് ഒന്നും ചെയ്യാനുണ്ടാവരുത് എന്നും അത് ആ രണ്ടുപേരുടെയും മാത്രം കാര്യമായിരിക്കണമെന്നുമാണ് അഡ്വ. ആശ അഭിപ്രായപ്പെട്ടത്.
പെണ്ണ് കിട്ടാത്ത സാഹചര്യമുണ്ടോ?
നല്ലൊരു പങ്കാളിക്ക് വേണ്ടി തിരഞ്ഞെങ്കിലും കിട്ടിയില്ല. അതുകൊണ്ട് കല്ല്യാണം വൈകി. അല്ലെങ്കിൽ കല്ല്യാണം ശരിയായില്ല. എത്രയെത്ര പേരാണ് ഇങ്ങനെ പരാതിയുമായി എത്തുന്നത്. എന്നാൽ, അത് ശരിയല്ലെന്നാണ് സെഷനിൽ പങ്കെടുത്തവർ പറയുന്നത്. നമുക്ക് ഒരാളെ വേണം, നമുക്ക് ചേർന്നൊരാളെ കണ്ടെത്തണം എന്നുണ്ടെങ്കിൽ, ആത്മാർത്ഥമായി പരിശ്രമിച്ചാൽ അങ്ങനെയൊരാളെ കണ്ടെത്താം. പകരം , ഇവിടെ നടക്കുന്നത് അച്ഛനും അമ്മയ്ക്കും വേണ്ടി, സമൂഹത്തിനെ തൃപ്തിപ്പെടുത്താനായി വിവാഹം കഴിക്കണം, അതിനുവേണ്ട പങ്കാളിയെ തിരയുന്നവരാണ് പലരും.
വിവാഹം എന്ന കച്ചവടം
വിവാഹം വിപണിയുടെ കൂടി ആവശ്യമായി മാറുന്നതിനെയും അഡ്വ. ആശ ഉണ്ണിത്താൻ വിമർശിച്ചു. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ വിവാഹച്ചടങ്ങുകൾ മാർക്കറ്റുകളുടെ ആവശ്യമായി മാറുകയും വിവാഹം കഴിക്കാൻ ആളുകൾ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പഴയ കാലത്തും ഇതുണ്ടായിരുന്നു. എന്നാൽ, അത് ഒരു പ്രിവിലേജ്ഡ് ക്ലാസിൽ മാത്രം ഒതുങ്ങിയ ഒന്നായിരുന്നെങ്കിൽ ഇന്ന് എല്ലാവരും അങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ് എന്നും ചർച്ച അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസവും ജോലിയുമുള്ള നിലയിലേക്ക്, അവരവരുടെ സ്വാതന്ത്ര്യവും അവകാശവും തിരിച്ചറിയുന്നിടത്തേക്ക് സ്ത്രീകളെത്തിയിരിക്കുന്നു. പുരുഷനും അത്രത്തോളം വളർന്നോ എന്നത് ചോദ്യമാണ്. ഇപ്പോഴും വിവാഹം എന്നത് പുരുഷാധിപത്യത്തിന്റെ ആവശ്യമായി തന്നെ നിലനില്ക്കുകയാണ്. ‘പങ്കാളിത്തം’ എന്ന വിശാലാര്ത്ഥത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. ഇറങ്ങിപ്പോരേണ്ടുന്ന ഇടങ്ങളില് നിന്നും ധൈര്യപൂര്വം ഇറങ്ങാനുള്ള അവസരവും ഉണ്ടാവേണ്ടിയിരിക്കുന്നു.