സിനിമാരംഗത്ത് നിർമ്മിതബുദ്ധി (AI) വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഗോറ ചർച്ച വിലയിരുത്തി.
ദൃശ്യ മാധ്യമം അതിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന നവമാധ്യമ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ എല്ലാത്തരം മാധ്യമങ്ങളും അതിന്റെ ഏറ്റവും മികച്ച വശത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവർത്തനം, കണ്ടന്റ് ക്രിയേഷൻ, പോഡ്കാസ്റ്റ്, ഐടി, ബിസിനസ് മേഖല തുടങ്ങീ സിനിമ മേഖലയിലേക്കും എ ഐ ചുരുങ്ങിയ കാലത്തിനുള്ളിൽ കടന്നുവന്നിട്ടുണ്ട്. തൊഴിൽ നഷ്ടം എന്ന ഏറ്റവും ഭീകരമായ അവസ്ഥയെ ബന്ധപ്പെടുത്തിയാണ് പലപ്പോഴും എ.ഐ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഇതൊന്നും കൂടാതെ വ്യക്തിപരമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും നമ്മളിൽ പലരും എഐയെ ആശ്രയിക്കാറുണ്ട്. ഫോട്ടോ എഡിറ്റ് ചെയ്യാൻ, പഴയ ഫോട്ടോ എൻഹാൻസ് ചെയ്യാൻ, പുതിയ ഫോട്ടോ 80s വൈബിലേക്ക് മാറ്റിയെടുക്കാൻ, ഒരു വിഷയത്തെ കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് വിശദീകരിച്ചു തരാൻ.. അങ്ങനെ തുടങ്ങീ നിരവധി ഘട്ടങ്ങളിൽ എഐ നമ്മുടെ നിത്യജീവിതത്തിൽ വന്നുപോവാറുണ്ട്
സോഷ്യൽ മീഡിയ തുറന്നാൽ യഥാർത്ഥ വീഡിയോ ആണോ അതോ എ.ഐ വീഡിയോ ആണോ എന്ന് സംശയം ജനിപ്പിക്കും വിധത്തിലുള്ള കണ്ടന്റുകൾ ഇന്ന് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ വളരെ ക്രിയാത്മകമായി കഥപറയുന്ന എഐ വീഡിയകളും നമുക്ക് കാണാൻ കഴിയും. തമിഴ്നാട്ടിൽ പൂർണ്ണമായും എഐയിൽ നിർമ്മിച്ച ചിത്രം കഴിഞ്ഞ മാസം റിലീസ് ആയിരുന്നു. അത്തരത്തിൽ എഐയുടെ കടന്നുവരവ് എങ്ങനെയാണ് സിനിമ മേഖലയെ മാറ്റിമറിക്കാൻ പോകുന്നതെന്ന് ഏവരും ഉറ്റുനോക്കുന്നത്. അത്തരത്തിൽ സിനിമയെ എങ്ങനെയാണ് എ ഐ മാറ്റിമറിക്കാൻ പോകുന്നതെന്നുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഗോറ 26 ൽ 'കഥ, തിരക്കഥ, സംവിധാനം: എ ഐ' എന്ന വിഷയത്തിൽ ചർച്ച നടന്നു. വരുൺ രമേശ്, ഡോ ജെയിൻ ജോസഫ്, ബൻസൻ തോമസ് ജോർജ് എന്നിവരാണ് ചർച്ച നയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകൻ വികാസ് രാജഗോപാലായിരുന്നു മോഡറേറ്റർ.
സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് (SOS) എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് വരുൺ രമേശ്. കഥപറച്ചിൽ, ചലച്ചിത്രനിർമാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയെ സംയോജിപ്പിക്കുന്ന ഭാവികാലത്തെ ഒരു സ്റ്റോറിടെല്ലിങ് പ്ലാറ്റ്ഫോമാണ് SOS. പരമ്പരാഗത ചലച്ചിത്രനിർമാണ വിദ്യകളെ ആധുനിക AI സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി, ചലച്ചിത്രനിർമാണ പഠനം കൂടുതൽ ജനകീയവും എല്ലാവർക്കും പ്രാപ്യവുമാക്കുകയാണ് ഈ സംരംഭത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. പ്രശസ്തമായ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പൂർവവിദ്യാർഥിയാണ് ഡോ. ജെയ്ൻ ജോസഫ്. പ്രൊഫഷണൽ ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമാണ് അദ്ദേഹം. ഡിസൈനർ എന്ന നിലയിൽ, നിരന്തരമായ നൂതനാന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഓരോ കൺസെപ്റ്റ് മ്യൂസിയവും രൂപകൽപ്പന ചെയ്യുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന STEM-ഉം നവീന സാങ്കേതികവിദ്യകളും കേന്ദ്രീകരിച്ചുള്ള സ്ഥാപനമായ യുണീക് വേൾഡ് റോബോട്ടിക്സിന്റെ (UWR) സ്ഥാപകനും സിഇഒയുമാണ് ബൻസൻ തോമസ് ജോർജ്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, ബഹിരാകാശ സാങ്കേതികവിദ്യ, ഭാവിയിലെ തൊഴിൽനൈപുണ്യങ്ങൾ എന്നിവയിൽ യുഎഇയിലും ഇന്ത്യയിലും വിദ്യാഭ്യാസ-പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണിത്.
കഥ, തിരക്കഥ, സംവിധാനം: എഐ എന്ന് സ്ക്രീനിൽ തെളിഞ്ഞുകാണുന്ന ഒരു കാലം ഇന്നത്തെ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഒട്ടും വിദൂരമല്ല. കാരണം എല്ലാ തൊഴിൽ മേഖലകളും എഐ കയ്യടക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമ എന്ന മേഖലയും അതിൽ നിന്നും വ്യത്യസ്തമല്ല. എല്ലാം എഐ ചെയ്യുമെങ്കിലും വിഷനുള്ള മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ അതെല്ലാം സാധ്യമാവൂ എന്നാണ് അഗോറയിൽ നടന്ന ചർച്ചയിൽ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടത്. ഓരോ പ്രോംപ്റ്റ് നൽകുമ്പോഴും അതിനുപിന്നിൽ വ്യക്തമായ ദീർഘവീക്ഷണമുള്ള ഡയറക്ടറുടെ റോളിൽ ഒരു മനുഷ്യൻ വേണമെന്നും, ഭാവിയിൽ അതിനെ മറികടക്കുന്ന തരത്തിൽ എന്തെങ്കിലും സാങ്കേതിക വിദ്യ കടന്നുവന്നേക്കാമെന്നും വരുൺ രമേശ് സൂചിപ്പിക്കുകയുണ്ടായി. മനുഷ്യന്റെ അനുഭവത്തെ കുറിച്ചുള്ള ഡാറ്റ മാത്രമാണ് ഇന്ന് എഐക്ക് ഉള്ളതെന്നും ആ അനുഭവം ഇല്ലെന്നും ഡോ. ജെയിൻ ജോർജ് അഭിപ്രായപ്പെട്ടു. എഐ എന്നത് മനുഷ്യനുമായി മത്സരിക്കുകയാണോ അതോ മനുഷ്യൻ അതിന്റെ പിന്തുണ തേടുകയാണോ വേണ്ടതെന്ന വളരെ വാലിഡായ ഒരു പോയന്റായിരുന്നു ബൻസൻ തോമസ് ഉന്നയിച്ചത്. കാർട്ടൂൺ കുട്ടികൾക്ക് പകരം അടുത്തതലമുറയിലെ കുട്ടികൾ കാർട്ടൂണുകളും വീഡിയോ ഗെയിമുകളും സ്വന്തമായി നിർമ്മിക്കുന്ന തലത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഉത്പന്നത്തിന്റെ കൺസ്യൂമർ ആവുന്നതിന് പകരം അതിന്റെ നിർമ്മാതാവ് ആവുക എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ആറ് വിരലുകൾ ഉള്ള മനുഷ്യനിൽ നിന്നും ഏറ്റവും റിയലിസ്റ്റിക്കായ മനുഷ്യനിലേക്ക് ഒരു വീഡിയോയിൽ ഉൾക്കൊള്ളിക്കാനാവുന്ന വിധം എഐ സാങ്കേതികവിദ്യയിൽ മാറ്റം വന്നിട്ടുണ്ടെന്നും ബൻസൻ ചർച്ചയിൽ ചൂണ്ടിക്കാണിക്കുന്നു. ലിറ്റററി കോമ്പോസിഷനിൽ നിന്നും വിഷ്വൽ കോമ്പോസിഷനിലേക്ക് മാധ്യമം വളർന്നിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവർക്കും ഇപ്പോൾ സിനിമാക്കാരനാവാൻ കഴിയുന്ന സാഹചര്യം എഐ ഒരുക്കിയിട്ടുണ്ടെന്നും ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങളിൽ ഒന്നായിരുന്നു.
കുട്ടികളെ അക്ഷരം പഠിപ്പിച്ച പോലെ എഐയിൽ പരിശീലനം നൽകണമെന്നാണ് മറ്റൊരു പ്രധാന കാര്യം. ഇത് വരും തലമുറയിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതെയാക്കാൻ സഹായിക്കുമെന്നും പാനലിസ്റ്റുകൾ ചൂണ്ടികാണിക്കുന്നു. നിലവിൽ ലോകത്തിന്റെ പലഭാഗത്തും എഐ ഫിലിം ഫെസ്റ്റിവലുകൾ നടക്കുന്നത് കൊണ്ട് തന്നെ ഭാവിയിൽ വീണ്ടും ഇത്തരം സിനിമകളും ഫെസ്റ്റിവലുകളും രൂപപ്പെടുമെന്നും അതെല്ലാം തൊഴിൽ നഷ്ടം എന്നതിലുപരി കൂടുതൽ തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കാൻ പോകുന്നത് എന്നാണ് പാനലിസ്റ്റുകളുടെ നിലപാട്. ഭാവി സമൂഹം എങ്ങനെയാണ് എഐയെ കൈകാര്യം ചെയ്യുന്നത് എന്നത് സിനിമ അടക്കമുള്ള എല്ലാ മേഖലകളിലും പ്രതിഫലിക്കുമെന്നും എങ്ങനെയാണ് മനുഷ്യർ അതുമായി പൊരുത്തപ്പെടാൻ പോകുന്നത് എന്നുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എഐ യെ മാറ്റി നിർത്തുംതോറും ഡിജിറ്റൽ ഡിവൈഡ് എന്നത് ഭാവിയിൽ കൂടുതലാവാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
ഹോളിവുഡിലെ സമരം
2023 മേയ് 2 മുതൽ സെപ്റ്റംബർ 27 വരെ അമേരിക്കയിലെ സിനിമാ-ടെലിവിഷൻ മേഖലകളിലെ തിരക്കഥാകൃത്തുക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ഒരു സമരം നടത്തുകയുണ്ടായി. തൊഴിലാളികളുടെ വേതനം, ആരോഗ്യ പരിരക്ഷ തുടങ്ങീ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമേ AI മോഡലുകളെ പരിശീലിപ്പിക്കുന്നതിനും ഡിജിറ്റൽ പുനഃസൃഷ്ടികൾ നടത്തുന്നതിനും തിരക്കഥാകൃത്തുക്കളുടെ സൃഷ്ടികൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥകളും സമരം ഒത്തുതീർപ്പാകൈയ കരാറിൽ സംഘടന ഉൾപ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നതും സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു. തിരക്കഥാകൃത്തുക്കൾക്ക് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുമെങ്കിലും അവരുടെ തൊഴിൽ ഇല്ലാതാക്കുന്നതിനോ പ്രതിഫലം കുറയ്ക്കുന്നതിനോ AI ഉപയോഗിക്കരുതെന്ന് കരാറിൽ വ്യക്തമായി വ്യവസ്ഥ ചെയ്യണമെന്നായിരുന്നു ആവശ്യം. ലോകത്തിന്റെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകൾ രൂപപ്പെടുന്ന ഹോളിവുഡിൽ ഇത്തരം സമരങ്ങൾ അരങ്ങേറിയ സാഹചര്യം നമ്മുക്ക് മുന്നിലുള്ളത് കൊണ്ട് തന്നെ വരും കാലങ്ങളിൽ 'കഥ, തിരക്കഥ, സംവിധാനം: എഐ' എന്ന തലക്കെട്ടിലേക്കുള്ള ദൂരം വിദൂരമാണോ എന്നാണ് നാം ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.















