കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വൈപ്പിനിൽ മനോജ് കുമാർ ഐബിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഈ ലേഖനം. കണ്ടൽക്കാടുകളുടെ പുനരുജ്ജീവനവും കുട്ടികളെ ഉൾപ്പെടുത്തിയുള്ള എക്സ്പീരിയൻഷ്യൽ ലേണിംഗ് മാതൃകയും ഇതിൽ വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും കടലാക്രമണത്തിന്റെയും ഭീഷണി നേരിടുന്ന വൈപ്പിൻ ദ്വീപിൽ, ജൈവവൈവിധ്യ സംരക്ഷണത്തിലൂടെയും കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിലൂടെയും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയാണ് മനോജ് കുമാർ ഐബി. 30 വർഷം മുമ്പ് കമ്പ്യൂട്ടർ ഹാർഡ്വെയർ മേഖലയിലെ ജോലി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയ അദ്ദേഹം, ഇന്ന് കുട്ടികളെയും പൊതുസമൂഹത്തെയും പങ്കാളികളാക്കി 'എക്സ്പീരിയൻഷ്യൽ ലേണിംഗ്' മാതൃകയിലൂടെയാണ് പ്രകൃതിസംരക്ഷണ ദൗത്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കനകക്കുന്നിൽ നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറയിൽ ഒന്നാം ദിവസം മനോജിന്റെ വിത്ത് ഗുണം എന്ന സെഷൻ പ്രകൃതി സംരക്ഷണത്തിന്റെ പുത്തൻ പാഠങ്ങൾ പങ്കുവച്ചു.
വേണ്ടത് 'ഇക്കോ സിസ്റ്റങ്ങൾ'
10 സെന്റ് ഭൂമിയിൽ നിന്നാണ് മനോജിന്റെ പ്രകൃതി പാഠങ്ങളുടെ തുടക്കം. 1990 -കളിൽ വൈപ്പിൻ എടവനക്കാട്ടെ വീട്ടിലെ ആ പത്ത് സെന്റ് സ്ഥലത്ത് പുതയിട്ടും വിത്തുകൾ ശേഖരിച്ചും അദ്ദേഹം തുടങ്ങിയ പ്രകൃതി പഠങ്ങൾ ഇന്ന് നൂറുകണക്കിന് കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. വർഷങ്ങളോളം ഫലവൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്ത് മരം വയ്ക്കുന്നത് പ്രോത്സാഹിപ്പിച്ചു. എന്നാൽ, ഒരു മരം വച്ചത് കൊണ്ട് മാത്രമായില്ലെന്നും ഒരു കാട് തന്നെ നട്ട് പിടിപ്പിച്ചാൽ മാത്രമേ ഇനി രക്ഷയൊള്ളൂവെന്നും അദ്ദേഹം തിരിച്ചറഞ്ഞു. പിന്നാലെ നട്ട് പോകുന്ന തെയ്കൾ മരമായി മാറുന്നത് ഉറപ്പാക്കാൻ തുടങ്ങി. കേവലം തൈകൾ വിതരണം ചെയ്യുന്നതിനപ്പുറം, നിലവിലുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും പുതിയ ഇക്കോസിസ്റ്റങ്ങൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കടലാക്രമണത്തിന് ബദലായി 'ബയോഫെൻസ്'
വേലിയേറ്റ വെള്ളപ്പൊക്കവും കടലാക്രമണവുമാണ് വൈപ്പിൻ നേരിടുന്ന പ്രധാന വെല്ലുവിളികൾ. തീരസംരക്ഷണത്തിനായി കല്ലുകൾ ഉപയോഗിക്കുന്നത് പശ്ചിമഘട്ടത്തിലെ ക്വാറികളെയും മലയോര ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്നു. ഇതിന് ബദലായി 'ഗ്രാസ്റൂട്ട്' എന്ന ജനകീയ കൂട്ടായ്മയിലൂടെ കണ്ടലുകളും കണ്ടൽ അനുബന്ധ സസ്യങ്ങളും നട്ടുപിടിപ്പിച്ച് ഒരു ജൈവമതിൽ (ബയോഫെൻസ്) തീർക്കാനാണ് മനോജിന്റെ ശ്രമങ്ങൾ. ഇതിനായി പ്രാന്തൻ കണ്ടൽ, പേനക്കണ്ടൽ എന്നിവയുടെ വിത്തുകൾ ശേഖരിച്ച്, പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മുളങ്കുറ്റികളിലാണ് അയക്കുന്നത്. ഈ വർഷം 20,000-ത്തോളം കണ്ടൽത്തൈകൾ വിതരണത്തിനായി ഒരുങ്ങുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ ക്ലാസ്സ് മുറികൾക്ക് പുറത്തേക്ക്
'റീവൈൽഡ്' എന്ന സംരംഭത്തിലൂടെയും മറ്റു പദ്ധതികളിലൂടെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അനുഭവങ്ങളിലൂടെ പ്രകൃതിയെ അറിയാനുള്ള അവസരമാണ് മനോജും സംഘവും വൈപ്പിനിൽ ഒരുക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും അധ്യാപകരെയും തീരദേശവാസികൾക്കൊപ്പം, കടലാക്രമണവും വേലിയേറ്റ വെള്ളപ്പൊക്കവും നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് അവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞ് പോകുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
ഫ്രൂട്ട് ഫോറസ്റ്റുകൾ
കൂടാതെ, 'എക്കോ കോൺഷ്യസ്നസ്' എന്ന പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലെയും 14 സ്കൂളുകളിൽ ഫ്രൂട്ട് ഫോറസ്റ്റുകൾ ഉൾപ്പെടെയുള്ള ജൈവ ഇടങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 800 -ഓളം പ്രോജക്റ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ പദ്ധതിക്ക് 'മാ എർത്ത്' ഓൺലൈൻ ഫണ്ടിംഗ് പ്ലാറ്റ്ഫോമിലൂടെ ഏകദേശം 9,000 ഡോളർ ലഭിച്ചത് ഫ്രൂട്ട് ഫോറസ്റ്റ് പ്രവർത്തനങ്ങൾക്ക് കരുത്തേകി. പത്തനാപുരത്ത് വീൽചെയറിൽ ഇരിക്കുന്ന ലക്ഷ്മി എന്ന കുട്ടി സ്വന്തം സഹോദരിയുടെ പേരിൽ 'മാളു വനം' എന്ന കുറ്റിവനം ഒരുക്കാൻ മുന്നോട്ടുവന്നതും, ആറാം ക്ലാസ്സുകാരൻ അർണവ് കവ്വൂ എക്സിബിഷനിൽ റിസോഴ്സ് പേഴ്സണായി എത്തിയതുമെല്ലാം പുതിയ തലമുറയിലെ മാറ്റത്തിന്റെ തെളിവുകളായി മനോജ് പങ്കുവെച്ചു.
സ്ഥലപരിമിതികൾക്കിടയിലും ലഭ്യമായ ഇടങ്ങളിൽ നാടൻ ചെടികളും കുറ്റിവനങ്ങളും കാവുകളും സംരക്ഷിക്കാനും, പ്രാദേശിക കൂട്ടായ്മകളിലൂടെയും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റികളിലൂടെയും ജൈവവൈവിധ്യം നിലനിർത്താനും എല്ലാവരും മുന്നോട്ടുവരണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.














