ബദല്‍രേഖ, സിഐടിയു ലോബി, വെട്ടിനിരത്തല്‍, പിണറായി-വിഎസ് പോര്, സംഭവബഹുലം സിപിഎം സമ്മേളനങ്ങള്‍

Published : Mar 05, 2025, 04:43 PM ISTUpdated : Mar 05, 2025, 04:49 PM IST
ബദല്‍രേഖ, സിഐടിയു ലോബി, വെട്ടിനിരത്തല്‍, പിണറായി-വിഎസ് പോര്, സംഭവബഹുലം സിപിഎം സമ്മേളനങ്ങള്‍

Synopsis

സമാപന റാലിയിലെ അച്ചടക്ക രാഹിത്യം കണ്ട ക്ഷുഭിതനായ പിണറായി വിജയന്‍ 'ഇത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല' എന്ന് പ്രസംഗിക്കുന്നത് കോട്ടയത്താണ്.

സി പി ഐ എമ്മില്‍ വീണ്ടുമൊരു സമ്മേളന കാലം. കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. 2022-ല്‍ അത് എറണാകുളത്തായിരുന്നു. പാര്‍ട്ടി അധികാരക്കസേരയില്‍ തുടരുന്നതിനിടെ നടന്ന ഈ രണ്ട് സമ്മേളനങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടി സമീപനങ്ങളിലും കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം വലിയ മാറ്റങ്ങളാണുണ്ടായത്. സമാനമായ രാഷ്ട്രീയ പരിണാമങ്ങളുടെ കഥകള്‍ ഓരോ സമ്മേളനങ്ങള്‍ക്കുമുണ്ട് പറയാന്‍. പാര്‍ട്ടി സമ്മേളനങ്ങളുടെ സംഭവബഹുലമായ കഥകളില്‍ ചിലതാണ് ഇവിടെ 

 


 

1985 എറണാകുളം സമ്മേളനം: എം വി രാഘവന്‍ ബദല്‍ രേഖ അവതരിപ്പിക്കുന്നു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യം ആവാമെന്ന് വാദിച്ച രേഖ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രത്യയശാസ്ത്ര ചര്‍ച്ച ആകുന്നു. സമ്മേളനം രേഖ തള്ളി. പിന്നീട് എം വി രാഘവനും അനുയായികളും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. സി എം പി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യു ഡി എഫിലൂടെ രാഘവന്‍ മന്ത്രിയായി.

1988 ആലപ്പുഴ സമ്മേളനം: വര്‍ഗീയ ശക്തികളുടെ ഒന്നും പിന്തുണയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ച ഇ എം എസ് ലൈന്‍ നയമാകുന്നു. വി എസ് അച്യുതാനന്ദന്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നു

1991 കോഴിക്കോട് സമ്മേളനം: സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കുന്ന പതിവ് തെറ്റിയ വര്‍ഷം. ഇ കെ നായനാരോട് മത്സരിച്ച നിലവിലെ സെക്രട്ടറി വി എസ് അച്യുതാനന്ദന്‍ രണ്ട് വോട്ടിനു പരാജയപ്പെട്ടു. തന്നെ തോല്‍പിച്ചത് സി ഐ ടി യു ലോബി ആണെന്നു വിശ്വസിച്ച അച്യുതാനന്ദന്‍ അതിന് കാരണക്കാരായവരെ ഒതുക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുള്ള സമ്മേളനങ്ങള്‍ അതിനുള്ള വേദിയാകുന്നു.

 

 

1995 കൊല്ലം സമ്മേളനം: സംസ്ഥാന സമിതിയിലേക്ക് വാശിയേറിയ വോട്ടെടുപ്പ്. ഔദ്യോഗിക പാനലിനെതിരെ 17 പേര്‍ മത്സരിക്കാനിറങ്ങി. സി ഐ ടി യു നേതാവ് എന്‍ പദ്മലോചനന്‍ പരാജയപ്പെടുന്നു. വിമത പാനലിലെ പി രാജേന്ദ്രന്‍ ജയിക്കുന്നു. വിമത പാനലിലെ യുവ നേതാവ്, ഇന്നത്തെ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഒരു വോട്ടിന് തോല്‍ക്കുന്നു. സി ഐ ടി യു പ്രമുഖന്‍ എം എം ലോറന്‍സ് ഒരു വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുന്നു.

1998 പാലക്കാട് സമ്മേളനം: കുപ്രസിദ്ധമായ വെട്ടിനിരത്തല്‍ നടന്നത് ഈ സമ്മേളനത്തിലാണ്. സി ഐ ടി യു ലോബിയെ ഉന്മൂലനം ചെയ്ത് പാര്‍ട്ടി പിടിക്കാനിറങ്ങിയ വി എസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിയിലേക്കുള്ള ഔദ്യോഗിക പാനലിനെതിരെ ഒന്‍പത് സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കുന്നു. അതില്‍ ഏഴ് പേരും മത്സരിച്ച് ജയിക്കുന്നു. 10 മണിക്കൂറിലേറെ നീണ്ട തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് വി ബി ചെറിയാന്‍ എന്നിവര്‍ പരാജയപ്പെടുന്നു. സെക്രട്ടറിയായി ചടയന്‍ ഗോവിന്ദന്‍ തിരഞ്ഞെടുക്കപ്പെടുന്ന.

2002 കണ്ണൂര്‍ സമ്മേളനം: ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് സെക്രട്ടറിയായ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്ന ആദ്യ സമ്മേളനം ആയിരുന്നു കണ്ണൂരിലേത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തന്‍ ആയി അറിയപ്പെട്ടിരുന്ന പിണറായി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമം തുടങ്ങുന്നതും വി എസുമായി പൂര്‍ണ അകല്‍ച്ചയിലേക്ക് നീങ്ങുന്നതും ഈ സമ്മേളനത്തോടെയാണ്.

 

 

2005 മലപ്പുറം സമ്മേളനം: പാര്‍ട്ടിയുടെ നിയന്ത്രണം തിരികെ പിടിക്കാന്‍ വി എസ് വീണ്ടും കോപ്പുകൂട്ടുന്നു. ചെറുപ്പക്കാരെയും അതൃപ്തരെയും ചേര്‍ത്ത് പ്രതിനിധികള്‍ക്കിടയില്‍ തനിക്ക് പിന്തുണ ഉറപ്പാക്കുന്നു. സംസ്ഥാന സമിതിയിലേക്ക് 12 വി എസ് അനുകൂലികള്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നു. എന്നാല്‍, സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ എല്ലാ വിമതരെയും പരാജയപ്പെടുത്തി പിണറായി വിജയന്‍ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്നു.

2008 കോട്ടയം സമ്മേളനം: പാര്‍ട്ടിയില്‍ കാര്യമായ ഒരു എതിര്‍പ്പുമില്ലാതെ പിണറായി വിജയന്‍ മൂന്നാം തവണയും സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നു. സംസ്ഥാന സമിതിയിലും സെക്രെട്ടറിയറ്റിലും ഏതാണ്ട് മുഴുവന്‍ ആള്‍ക്കാരും പിണറായി അനുകൂലികള്‍. സമാപന റാലിയിലെ അച്ചടക്ക രാഹിത്യം കണ്ട ക്ഷുഭിതനായ പിണറായി വിജയന്‍ 'ഇത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല' എന്ന് പ്രസംഗിക്കുന്നത് കോട്ടയത്താണ്.

2012 തിരുവനന്തപുരം സമ്മേളനം: തിരഞ്ഞെടുപ്പ് തോല്‍വി ആയിരുന്നു പ്രധാന ചര്‍ച്ച വിഷയം. രണ്ടാം തവണ അധികാരം പ്രതീക്ഷിച്ച വി എസ് സര്‍ക്കാര്‍ കേവലം രണ്ട് സീറ്റിന്റെ കുറവില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിനു പിന്നാലെ നടന്ന സമ്മേളനം. പാര്‍ട്ടിയുടെ വീഴ്ച തോല്‍വിക്ക് കാരണമെന്ന് വി എസ് വിശ്വസിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള ചര്‍ച്ചകള്‍ ഉണ്ടായതെയില്ല. പിണറായി വിജയന്‍ വീണ്ടും സെക്രട്ടറി.

 

2015 ആലപ്പുഴ സമ്മേളനം: നേതൃത്വത്തില്‍ നിന്ന് കടുത്ത അപമാനം നേരിടുന്നുവെന്നു പരാതിപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമ്മേളന നടപടികള്‍ ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. വി എസിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്ന് പറയാതെ പറഞ്ഞ് പിണറായിയും കോടിയേരിയും. പാര്‍ട്ടി നേതൃത്വം പിണറായിയില്‍ നിന്ന് കോടിയേരിയിലേക്ക് എത്തിയ സമ്മേളനം ചരിത്രത്തില്‍ ഇടം പിടിച്ചത് വി എസിന്റെ ഇറങ്ങിപ്പോക്കിലൂടെയാണ്.

2018 -ല്‍ തൃശൂരും 2022 -ല്‍ എറണാകുളത്തും നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ കോടിയേരി വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം