കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളോ? പ്രളയവും വന്യജീവി ആക്രമണവും തടയാൻ ഇനി എന്ത് ചെയ്യാനാകും; 'അതിജീവനം' തേടി അഗോറയിൽ ചർച്ച

Published : Nov 29, 2026, 10:28 PM IST
disaster management

Synopsis

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം, പ്രളയം, വന്യജീവി സംഘർഷങ്ങൾ എന്നിവയെക്കുറിച്ചും അതിജീവനത്തിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചും അഗോറയിൽ നടന്ന ചർച്ചയുടെ വിശകലനം. പ്രാദേശികതലത്തിലെ സാധ്യതകൾ, ആസൂത്രണ വെല്ലുവിളികൾ, സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കേരളത്തിൽ വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പ്രളയങ്ങളും ഉരുൾപൊട്ടലുകളും വന്യജീവി സംഘർഷങ്ങളും മുന്നിൽക്കണ്ട്, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സുസ്ഥിരമായ ഒരു ഭാവി എങ്ങനെ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചുള്ള സജീവ ചർച്ചയ്ക്ക് അഗോറ വേദിയായി. 'കാലാവസ്ഥാ മാറ്റം, അതിജീവന പാഠം' എന്ന സെഷനിൽ ശ്രീധർ രാധാകൃഷ്ണൻ, സർദാ മുരളീധരൻ, ഡോ.എ.കൃഷ്ണകുമാർ എന്നിവരടങ്ങിയ പാനലിൽ എസ്.റഹീം മോഡറേറ്ററായി. പാരിസ്ഥിതിക പഠനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്, നയരൂപീകരണത്തിലെ വെല്ലുവിളികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാടുകൾ ഈ വിഷയത്തിൽ പുതിയ ദിശാബോധം നൽകുന്നു.

പ്രാദേശികതലത്തിലെ സാധ്യതകളും റിസോഴ്സ് ഇൻവെന്‍ററിയും

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്ക് നിർണ്ണായകമാണ്. 20,000-ത്തിലധികം വാർഡുകളും ജനപ്രതിനിധികളുമുള്ള സംസ്ഥാനത്ത്, ഏത് പ്രദേശത്താണ് ആദ്യം വെള്ളം കയറുക എന്നും ആരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും കൃത്യമായി അറിയുന്നത് പ്രാദേശിക ഭരണകൂടങ്ങളാണ്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുകയും, ഓരോ പ്രദേശത്തെയും വിഭവങ്ങളുടെ കൃത്യമായ കണക്കെടുപ്പ് (റിസോഴ്സ് ഇൻവെന്‍റി) നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ശരദാ മുരളീധരൻ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് പ്രാദേശികമായി ശേഖരിച്ച വിവരങ്ങളും വിഭവങ്ങളും ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും ആരോഗ്യപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും ഏറെ സഹായകരമായിരുന്നു എന്ന ഉദാഹരണം മുൻനിർത്തിയായിരുന്നു ശാരദാ മുരളീധരൻ സംസാരിച്ച്.

നദീതടങ്ങൾ, ജലസ്രോതസ്സുകൾ, മണ്ണ്, വായു എന്നിവയുടെ അവസ്ഥ മനസ്സിലാക്കി, ശാസ്ത്രീയമായ അറിവുകളും പ്രാദേശിക അനുഭവങ്ങളും സംയോജിപ്പിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും. വികസന പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സമീപനമാണ് അഭികാമ്യമെന്നും അവർ പറഞ്ഞു.

ആസൂത്രണവും നടപ്പാക്കലും: നേരിടുന്ന വെല്ലുവിളികൾ

പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും അവ താഴെത്തട്ടിൽ നടപ്പാക്കുന്നതിലും ചില പ്രായോഗിക തടസ്സങ്ങളുമുണ്ടെന്ന് ശ്രീധർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ചർച്ചയിൽ പ്രധാനമായും നാല് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടപ്പെട്ടത്.

വിവരങ്ങളുടെ വിനിയോഗം: പഞ്ചായത്ത് തലത്തിൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങളും സ്പേഷ്യൽ ഡേറ്റയും ലഭ്യമാക്കുകയും, അവ ശാസ്ത്രീയ തീരുമാനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും ലഭ്യമാകുന്ന വിവരങ്ങൾ പ്രായോഗിക തലത്തിൽ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

അധികാരവികേന്ദ്രീകരണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും ലഭ്യമാണെങ്കിലും, പ്രാദേശിക തലത്തിൽ വേഗത്തിലുള്ള തീരുമാനങ്ങളെടുക്കാനും ഇടപെടലുകൾ നടത്താനുമുള്ള പ്രായോഗിക സ്വാതന്ത്ര്യവും സംവിധാനങ്ങളും ശക്തിപ്പെടേണ്ടതുണ്ട്.

മുന്നറിയിപ്പ് സംവിധാനങ്ങൾ: പശ്ചിമഘട്ട മേഖലകളിലും നദീതടങ്ങളിലും ഉണ്ടാകുന്ന പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും വെള്ളപ്പൊക്ക സാധ്യതകളും ജനങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിനുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്.

ഗ്രീൻ ക്രെഡിറ്റ് പോലുള്ള സംവിധാനങ്ങൾ: പ്രകൃതിസംരക്ഷണത്തിനും വനവൽക്കരണത്തിനും പ്രോത്സാഹനം നൽകുന്ന ഗ്രീൻ ക്രെഡിറ്റ്, കാർബൺ ക്രെഡിറ്റ് തുടങ്ങിയ ആശയങ്ങൾ ആഗോളതലത്തിലും ദേശീയതലത്തിലും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കിക്കൊണ്ടുള്ള സമീപനങ്ങളാണ് ആവശ്യമായി വരുന്നത്.

വന്യജീവി സംഘർഷങ്ങളും ആവാസവ്യവസ്ഥയും

കേരളത്തിന്‍റെ വനമേഖലകളിൽ കാണപ്പെടുന്ന വന്യജീവി സംഘർഷങ്ങൾ സങ്കീർണ്ണമായ ഒരു പാരിസ്ഥിതിക പ്രശ്നമാണ്. വനങ്ങളിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, സ്വാഭാവിക ഭക്ഷണലഭ്യതയിലെ കുറവ്, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, ജലലഭ്യതയിലെ വ്യതിയാനങ്ങൾ, കാലാവസ്ഥാ മാറ്റങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. വനങ്ങളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനൊപ്പം ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ദീർഘകാല നടപടികളാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഭാവി എന്ത്?

കാലാവസ്ഥാ വ്യതിയാനം ഇനി കേവലം ഒരു ശാസ്ത്രീയ ചർച്ച മാത്രമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന യാഥാർത്ഥ്യമാണെന്ന് മോഡറേറ്ററായി സി റഹീം ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും, ശാസ്ത്രീയമായ മുന്നറിയിപ്പുകളും പ്രാദേശിക ജാഗ്രതയും ഉറപ്പാക്കിക്കൊണ്ടും, യുവതലമുറയെയും സമൂഹത്തെയും പങ്കാളികളാക്കിക്കൊണ്ടും മാത്രമേ സുസ്ഥിരമായ ഒരു ഭാവി സാധ്യമാകൂവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിന് വേണോ ആണവ വൈദ്യുതി നിലയങ്ങൾ? ഭാവി കേരളത്തിന്‍റെ ഊർജ്ജ വഴി ഏത്?
ഇടതുപക്ഷത്തിന് ഇനി 'ജൻ-സി' രക്ഷയാകുമോ? നൂറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും രാഷ്ട്രീയ മാറ്റങ്ങളും! അഗോറയിൽ ചർച്ച