സംസ്ഥാനത്തിന്റെ നിലവിലെ ഊർജ്ജ സ്ഥിതിയും സൗരോർജ്ജം, ആണവോർജ്ജം തുടങ്ങിയ ബദൽ സ്രോതസ്സുകളുടെ സാധ്യതകളും ചർച്ച ചെയ്ത് അഗോറ
2040-ഓടെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം പൂർണ്ണമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറ്റുക, 2050-ഓടെ 'നെറ്റ് സീറോ' (കാർബൺ ബഹിർഗമന രഹിത) ലക്ഷ്യം കൈവരിക്കുക എന്നീ വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി കേരളം മുന്നോട്ട് പോവുകയാണ്. ഇന്ത്യ 2070-ലാണ് നെറ്റ് സീറോ ലക്ഷ്യമിടുന്നതെങ്കിൽ, അതിലും 20 വർഷം മുമ്പേ ആ നേട്ടം കൈവരിക്കാനാണ് കേരളത്തിന്റെ ശ്രമം. എന്നാൽ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സംസ്ഥാനത്തിന്റെ നിലവിലെ ഊർജ്ജ സ്ഥിതിയും നേരിടുന്ന വെല്ലുവിളികളും ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. 'ഭാവി കേരളത്തിന്റെ ഊർജ്ജവഴി' എന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആശയ മഹോത്സവമായ അഗോറ വിശദമായി ചർച്ച ചെയ്തു. ഡോ ആർ ഹരികുമാർ, അജയ് വാത്സ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ഡോ സൂരജ് സോമൻ ആയിരുന്നു മീഡിയേറ്റർ.
വൈദ്യുതി ആഭ്യന്തര ഉത്പാദനം കുറവ്
സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 85 ശതമാനത്തോളം പുറത്തുനിന്ന് വാങ്ങുമ്പോൾ, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത് കേവലം 15 മുതൽ 20 ശതമാനം വരെയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ഡോ ഹരികുമാറും അജയ് വാസ്തയും ചൂണ്ടിക്കാട്ടി.പെട്രോൾ, ഡീസൽ, ഫർണസ് ഓയിൽ, എൽഎൻജി, എൽപിജി തുടങ്ങിയ ഇന്ധനങ്ങളുടെ കാര്യത്തിൽ 100 ശതമാനവും കേരളം പുറംലോകത്തെ ആശ്രയിക്കുന്നു. ഖനനം ചെയ്തെടുക്കാൻ കൽക്കരിയോ എണ്ണയോ ഇല്ലാത്ത ഒരു ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതയും ഏകദേശം 30 ശതമാനത്തോളം വരുന്ന വനവിസ്തൃതിയും പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ സാധ്യതകളും കാരണം വലിയ താപനിലയങ്ങളോ ഇടുക്കി, പള്ളിവാസൽ പോലുള്ള വൻകിട ജലവൈദ്യുത പദ്ധതികളോ പുതുതായി സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്. മൈക്രോ ഹൈഡൽ പദ്ധതികൾക്ക് സാധ്യതയുണ്ടെങ്കിലും, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വർദ്ധിച്ചുവരുന്ന പ്രതിശീർഷ ഊർജ്ജ ഉപഭോഗത്തിനൊത്ത് ഉത്പാദിപ്പിക്കാൻ അവയ്ക്ക് കഴിയില്ല. കാറ്റാടിപ്പാടങ്ങളുടെ കാര്യമെടുത്താൽ പാലക്കാടും ഇടുക്കിയിലെ ചില മേഖലകളും മാത്രമാണ് അനുയോജ്യം. സ്ഥിരതയില്ലാത്ത കാറ്റിന്റെ ഗതി കാരണം ചെറുകിട കാറ്റാടി യന്ത്രങ്ങളോ ഹൈബ്രിഡ് സംവിധാനങ്ങളോ കേരളത്തിൽ പ്രായോഗികമല്ലെന്ന് അജയ് പറഞ്ഞു.
സൗരോർജ്ജം- സാധ്യതകളും വെല്ലുവിളികളും
താരതമ്യേന സ്ഥിരതയുള്ള വൈദ്യുതി നൽകുന്ന സൗരോർജ്ജമാണ് കേരളത്തിന് നിലവിൽ ഏറ്റവും അനുയോജ്യമായ മാർഗ്ഗമെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. 2016-ൽ ഒരു മെഗാവാട്ടിൽ താഴെ മാത്രമായിരുന്ന ഗ്രിഡ് കണക്ടഡ് സോളാർ ശേഷി, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 2,500 മെഗാവാട്ടിലേക്ക് (2.5 ജിഗാവാട്ട്) ഉയർന്നു. 2020-ൽ 225 ദശലക്ഷം യൂണിറ്റായിരുന്ന റൂഫ്ടോപ്പ് സോളാർ ഉത്പാദനം ഇന്ന് എട്ട് മടങ്ങ് വർദ്ധിച്ച് 2,200 ദശലക്ഷം യൂണിറ്റിലെത്തി. സംസ്ഥാനത്തെ ഒരു കോടിയിലധികം വൈദ്യുത ഉപഭോക്താക്കളിൽ കേവലം രണ്ടര ലക്ഷം പേർ മാത്രം നടത്തിയ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ നേട്ടത്തിന് പിന്നിൽ. എങ്കിലും 2040-ലെ സമ്പൂർണ്ണ പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തിന് ഏകദേശം 27 ജിഗാവാട്ട് ശേഷി ആവശ്യമാണ്. സ്ഥലപരിമിതി ഉള്ളതിനാൽ, ആഭ്യന്തര ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുന്നതിനൊപ്പം ദേശീയ ഗ്രിഡിൽ നിന്ന് ദീർഘകാല-ഹ്രസ്വകാല കരാറുകളിലൂടെ ബുദ്ധിപൂർവ്വം വൈദ്യുതി വാങ്ങുന്ന ഒരു ഹൈബ്രിഡ് മാതൃകയാണ് കേരളത്തിന് ഉചിതം.
സൗരോർജ്ജ ഉത്പാദനം പകൽ സമയത്ത് മാത്രമായതിനാൽ വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകത നിറവേറ്റാൻ ഊർജ്ജ സംഭരണം അനിവാര്യമാണ്. വീടുകളിൽ ബാറ്ററി സ്ഥാപിക്കുന്നത് ചെലവ് 40 മുതൽ 50 ശതമാനം വരെ വർദ്ധിപ്പിക്കും. കാസർഗോഡും വിഴിഞ്ഞത്തുമെല്ലാം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പദ്ധതികൾ വരുന്നുണ്ട്. എന്നാൽ സങ്കീർണ്ണമായ ഗ്രിഡ് സംവിധാനത്തിന്റെ സുരക്ഷയും കെഎസ്ഇബിയുടെ ഭദ്രതയും മുൻനിർത്തി, ഇത്തരം സംഭരണ സംവിധാനങ്ങൾ റസിഡൻസ് അസോസിയേഷനുകൾക്കോ വ്യക്തികൾക്കോ പകരം കെ.എസ്.ഇ.ബിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കണം ചെയ്യേണ്ടതെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും മറ്റും ക്രൗഡ് ഫണ്ടിങ്ങിലൂടെ സോളാർ പദ്ധതികളിൽ പങ്കാളികളാകാനും ഇടുക്കി, കക്കയം, ബാണാസുര സാഗർ തുടങ്ങിയ ഡാമുകളിലെ ജലാശയങ്ങളുടെ പത്ത് ശതമാനത്തോളം ഭാഗത്ത് ഫ്ലോട്ടിങ് സോളാർ (Floating solar) സ്ഥാപിക്കാനും സാധിക്കും. ഫ്ലോട്ടിങ് സോളാറിനായുള്ള സംസ്ഥാന നയവും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പ്രോത്സാഹനങ്ങളും ഉടൻ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
ആണവ വൈദ്യുത നിലയങ്ങൾ അനിവാര്യമോ?
ഭാവി ഊർജ്ജ സ്രോതസ്സുകളായ ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം എന്നിവയുടെ കാര്യത്തിൽ കേരളം യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ആണവ വൈദ്യുതി നിലയം സംബന്ധിച്ച് തുറന്ന ചർച്ചകൾ സംസ്ഥാനത്ത് നടക്കണം. സ്വകാര്യ സംരംഭകർക്കും കടന്നുവരാവുന്ന സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR) അഥവാ 5 മുതൽ 20 മെഗാവാട്ട് വരെയുള്ള ചെറിയ ആണവ നിലയങ്ങൾ ആസൂത്രണ കമ്മീഷന്റെ 2027-32 റിപ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. കൽപാക്കത്ത് ആണവോർജ്ജത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പരീക്ഷണം 2026 ജൂണിൽ വിജയകരമായി പൂർത്തിയായി. 40-45 വർഷം മുമ്പുള്ള ഭീതികളിൽ കുടുങ്ങിക്കിടക്കാതെ, ആധുനിക ആണവ സാങ്കേതികവിദ്യയെക്കുറിച്ച് വൈകാരികത വെടിഞ്ഞ് ശാസ്ത്രീയമായ തുറന്ന ചർച്ചകൾക്ക് കേരളം തയ്യാറാകണമെന്നും ഡോ.ഹരികുമാറും അജയ് വാസ്തയും പറഞ്ഞു.
ഊർജ്ജക്ഷമത പ്രധാനം
ഉത്പാദനത്തോടൊപ്പം തന്നെ പ്രധാനമാണ് ഊർജ്ജക്ഷമത (Energy Efficiency). 1996-ൽ എനർജി മാനേജ്മെന്റ് സെന്റർ (EMC) രൂപീകരിച്ച് മാതൃക കാണിച്ച കേരളത്തിൽ, ഇന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എൽഇഡി സ്ട്രിപ്പുകൾ പോലുള്ളവ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നത് മൂലം ഊർജ്ജ ഉപഭോഗം കുറയുന്നതിന് പകരം കൂടുന്ന 'റീബൗണ്ട് ഇഫക്ട്' കാണുന്നുണ്ടെന്ന് പാനലിസ്റ്റുകൾ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്തെ ആകെ ഊർജ്ജത്തിന്റെ 70 ശതമാനവും കെട്ടിടങ്ങളിലാണ് ഉപയോഗിക്കുന്നത്. അതിൽ സിംഹഭാഗവും എയർ കണ്ടീഷനിങ്ങിനായാണ് ഉപയോഗിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളും ആശുപത്രികളും മാളുകളും ഏറെയുള്ള കേരളത്തിൽ, വലിയ കെട്ടിടങ്ങളിൽ 'പാസീവ് കൂളിങ്' നിർബന്ധമാക്കേണ്ടതുണ്ട്. ഗതാഗത മേഖലയിൽ 2040-ഓടെ പ്രതീക്ഷിക്കുന്ന 17 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ പകൽ 10 മുതൽ 4 മണി വരെയുള്ള സമയത്ത് കുറഞ്ഞ താരിഫിൽ ചാർജ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചാൽ ഗ്രിഡിലെ അധിക സൗരോർജ്ജം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇലക്ട്രിക് ബസ്സുകളുടെ മുകളിൽ ഭാരം കുറഞ്ഞ തിൻ-ഫിലിം (CIGS) സോളാർ പാനലുകൾ ഘടിപ്പിച്ച് അവയിലെ ലൈറ്റ്, എ.സി ലോഡുകൾ കുറയ്ക്കാനും കഴിയും. കൂടാതെ സോളാർ സെല്ലുകളിലും ബാറ്ററി സാങ്കേതികവിദ്യയിലും സ്വയംപര്യാപ്തത നേടാൻ, വിദേശത്തുള്ള മലയാളി ഗവേഷകരെ കൂടി ഉൾപ്പെടുത്തി ലോകോത്തര നിലവാരമുള്ള ഒരു എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കേണ്ടതും അനിവാര്യമാണെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നു.
സമ്പന്നരായ ഉപഭോക്താക്കൾ സോളാറിലേക്ക് മാറുമ്പോൾ, കെ എസ് ഇ ബി യുടെ സ്ഥിരച്ചെലവുകളുടെ ഭാരം സോളാർ ഇല്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് താരിഫ് വർദ്ധനവായി മാറാതിരിക്കാൻ കൃത്യമായ നയരൂപീകരണം ആവശ്യമാണ്. കാലതാമസമില്ലാത്ത ഭരണപരമായ തീരുമാനങ്ങളും സാങ്കേതികവിദ്യയിലൂന്നിയ കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ മാത്രമേ കേരളത്തിന് 2040-ലെയും 2050-ലെയും ഹരിത ലക്ഷ്യങ്ങൾ കൈവരിക്കാനാവൂ എന്ന് ഓർമിപ്പിച്ചാണ് ചർച്ച അവസാനിച്ചത്.


