
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചുരുങ്ങിയ ആവാസവ്യവസ്ഥ ഉള്ള പക്ഷികളിൽ ഒന്നാണ് 'ബാണാസുര ചിലപ്പൻ' (Banasura laughingthrush / Montecincla jerdoni). വയനാട്ടിലും വയനാടിനോട് ചേർന്ന് കിടക്കുന്ന സഹ്യപർവ്വത നിരകളിൽ തന്നെ ഏറ്റവും ഉയരം കൂടിയ വനമേഖലകളിൽ മാത്രമാണ് ബാണാസുര ചിലപ്പനെ കാണാൻ കഴിയുക. വംശനാശഭീഷണിനേരിടുന്ന ജീവിവർഗ്ഗങ്ങളുടെ പുസ്തകമായ റെഡ് ബുക്കിൽ (IUCN's Red list) ഇടം പിടിച്ച പശ്ചിമഘട്ടസ്ഥാനീയ പക്ഷികളിൽ ഗുരുതര ഭീഷണി നേരിടുന്ന ഏക പക്ഷിയിനം. അവയുടെ ആവാസവ്യവസ്ഥയെ കുറിച്ച്, അതിജീവനത്തെ കുറിച്ച്, പക്ഷിയുടെ വിതരണം, സാന്നിധ്യം, എണ്ണം എന്നിവയെക്കുറിച്ച് നടത്തിയ ആദ്യത്തെ ഡാറ്റാ അധിഷ്ഠിത പഠനത്തിൽ (Quantitative Study) വംശനാശത്തിന് ചിലപ്പന്മാർ നേരിടുന്ന പ്രശ്നങ്ങളെ എടുത്ത് പറയുന്നു.
'നേച്ചർ സയന്‍റിഫിക് റിപ്പോർട്ട്സി'ൽ (Nature Scientific Reports) പ്രസിദ്ധീകരിച്ച പഠനം (Vegetation structure and elevation determine the occupancy and abundance of the Sky Island endemic Banasura laughingthrush in the Western Ghats) അനുസരിച്ച്, ആവർത്തിച്ചുള്ള കാട്ടുതീ, നിർദ്ദിഷ്ട വയനാട് ഇരട്ട തുരങ്ക പാത, ഉരുൾപൊട്ടലുകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ ഈ ജീവിവർഗ്ഗത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. ഇവയുടെ ആകെ എണ്ണം 1,000 – 1,500 ഇടയിലാണെന്നും പശ്ചിമഘട്ടത്തിലെ 'ആകാശത്തുരുത്തുകളിൽ' (Sky Islands) വെറും 50–60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മാത്രമാണ് ഇവയുടെ സാന്നിധ്യമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
സലിം അലി സെന്‍റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്‍റിലെ എസ്‌എംഎസ് ഫൗണ്ടേഷൻ സെന്‍റർ ഫോർ ബയോഡൈവേഴ്സിറ്റി ആൻഡ് കൺസർവേഷൻ എന്നിവടങ്ങളിലെ ഗവേഷകരായ എൻ.എസ്.സുജിൻ, എൻ.ആർ.അനൂപ്, എസ്.ബാബു, ആർ.ജയപാൽ എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്. മൂന്ന് ഒറ്റപ്പെട്ട ഉയർന്ന മലനിരകളായ കാമൽസ് ഹംപ് മലനിര (Camel's Hump Mountain), ബാണാസുര മല (Banasura Hill), ബ്രഹ്മഗിരി മലനിരകൾ (Brahmagiri Hills) എന്നിവിടങ്ങളിലെ ഉയർന്ന ഷോലാ വനങ്ങളിൽ മാത്രമാണ് ഗവേഷകർ ഈ പക്ഷിയുടെ സാന്നിധ്യം രേഖപ്പെടുത്തിയത് എന്നറിയുമ്പോൾ, ഒരു പക്ഷിയെന്ന നിലയിൽ അവയുടെ ആവാസ പരിധി എത്രമാത്രം ചെറുതാണെന്ന് വ്യക്തമാകും. കുറിച്യമലയിൽ സ്ഥിരീകരിക്കാത്ത സാന്നിധ്യം കണ്ടെത്തിയെന്ന വിവരമുണ്ടായെങ്കിലും വിപുലമായ സർവ്വേയിൽ അവയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പശ്ചിമഘട്ടത്തിലെ ചിലപ്പൻ വർഗ്ഗങ്ങളിൽ വച്ച് ഏറ്റവും ചുരുങ്ങിയ ഭൂമിശാസ്ത്ര വ്യാപനപരിധി (ഏകദേശം 50–60 ചതുരശ്ര കിലോമീറ്റർ) ഉള്ളത് ബാണാസുര ചിലപ്പന് മാത്രം.
(ഫീൽഡ് സ്റ്റെഡിക്കിടെ എൻ എസ് സുജിൻ)
ജനിതക പഠനങ്ങൾ പ്രകാരം, ഹിമാലയൻ മലനിരകളിൽ നിന്ന് ഏകദേശം 90 ലക്ഷം മുതൽ 1.45 കോടി വർഷങ്ങൾക്ക് മുമ്പ് (Mid-late Miocene period) വേർപെട്ടതാണ് ചിലപ്പൻ (laughingthrush) പക്ഷികളുടെ പാരമ്പര്യം. പാലക്കാട് ചുരത്തിന്‍റെ രൂപീകരണത്തോടെ, വടക്കൻ - തെക്കൻ വംശാവലികൾ 47 ലക്ഷം വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞു. പിന്നീട് പാലക്കാട് ചുരത്തിന് വടക്കുള്ള നീലഗിരി ചിലപ്പനിൽ നിന്നും 3.3 ലക്ഷം വർഷം മുമ്പ് വേർ പിരിഞ്ഞാണ് ചാലിയാർ താഴ്വാരത്തിന് വടക്കുള്ള പ്രദേശത്ത് ബാണാസുര ചിലപ്പൻ ഉണ്ടാവുന്നത്. അങ്ങനെ സഹ്യപർവ്വതത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യക കിടപ്പ് മൂലം ചില പോക്കറ്റുകളിൽ കുടുങ്ങിപ്പോയൊരു പക്ഷിയാണ് ചിലപ്പന്മാർ. തെക്ക് നിന്ന് വടക്കോട്ട് സഹ്യപർവ്വതത്തിന് ഇടയിലുണ്ടായിട്ടുള്ള ഒരോ വിടവുകളിലും (ഉദാഹരണത്തിന് തെന്മല ആര്യങ്കാവ്ചുരം, പാലക്കാട് ചുരം, നിലഗിരിയുടെയും വയനാടിന്‍റെയും ഇടയിലുള്ള ചാലിയാർ ഗ്യാപ്പും) കുടുങ്ങി. അതാത് പ്രദേശത്തെ മലയുടെ ആവാസ മേഖലകളിൽ മാത്രം ഒതുങ്ങിപ്പോയ ചിലപ്പന്മാരാണ് ബാണാസുര ചിലപ്പനും നിലഗിരി ചിലപ്പനും പളനി ചിലപ്പനും അഷമ്പു ചിലപ്പനും.
ഇവയെല്ലാം ആദ്യ കാഴ്ചയിൽ ഒന്നാണെന്ന് തോന്നുമെങ്കിലും നിറം, അവയുടെ പാറ്റേൺ എന്നിവയിലെല്ലാം വ്യത്യാസുണ്ട്. ഉയരം കൂടിയ മലനിരകളിലെ ആകാശ ഷേലകളുടെ ഇടതൂർന്ന കാടുകൾക്കിടയിൽ ഒരു ചപ്പിലക്കിളിയുടെ ചടുലതയോടെയും നിശബ്ദതയോടെയും ചിലപ്പന്മാർ അതിജീവനം തേടുന്നു. ആവാസ വ്യവസ്ഥയിലെ നിഗൂഡത അവയുടെ ജീവിതത്തെയും നിഗൂഡമാക്കുന്നു. പ്രാണി വർഗ്ഗങ്ങൾ, ചെറിയ പഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം. ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന ചെറു ചെടികളിൽ പ്രത്യേകിച്ചും 'കാട്ട് പുകയില' എന്നറിയപ്പെടുന്ന ലോബെലിയ (Lobelia) ചെടി പൂക്കുന്ന സമയത്ത് അവയുടെ തേനൂറ്റിക്കുടിക്കാൻ ചിലപ്പന്മാർ കൂടുതലായെത്തും. ഫീൽഡ് പഠനത്തിനിടെ അത്തരമൊരു അപൂർവ്വ കാഴ്ച കാണാൻ കഴിഞ്ഞു. ഏതാണ്ട് 20 -ലധികം ചിലപ്പന്മാർ കൂട്ടമായെത്തിയത് പഠനവേളയിലൊരിക്കൽ മാത്രമുണ്ടായ കാഴ്ചയാണെന്ന് സുജിൻ പറയുന്നു. പൂന്തേനും ഷോല കാടുകളിലെ ചീവീടുകളും മറ്റ് ചെറു പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
മനുഷ്യന്‍റെ ചിരിയോട് സാമ്യതതോന്നുന്ന ശബ്ദമുണ്ടാക്കുന്ന 'ലാഫിംഗ്ത്രഷു'കൾ ഉൾപ്പെടുന്ന Leiothrichidae എന്ന കുടുംബത്തിലാണ് ബാണാസുര ചിലപ്പനും ഉൾപ്പെടുന്നതെങ്കിലും ഇവയുടെ ശബ്ദത്തിന് മനുഷ്യ ശബ്ദവുമായി വലിയ സാമ്യമൊന്നുമില്ല.
(ഫീൽഡ് സ്റ്റെഡിക്കിടെ താമസിക്കാൻ ഗുഹകൾ)
പ്രകൃതിയുടെ മാന്ത്രിക ലോകമായ 'ആകാശത്തുരുത്തുകൾ' (Sky Islands) എന്നറിയപ്പെടുന്ന ഉയർന്ന മലനിരകളിലെ 'ഷോല' വനങ്ങളിലാണ് ഇവയുടെ ജീവിതം. ദുർഘടമായ ഭൂപ്രകൃതി, കനത്ത മഞ്ഞും മഴയും, ദുർഘടമായ വനമേഖലകളിലേക്കുള്ള വഴി അടയ്ക്കുന്നതിനാൽ ഈ പക്ഷിയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വളരെ പരിമിതമായിരുന്നു. ബാണാസുര ചിലപ്പനെ കുറിച്ചുള്ള ആദ്യത്തെ 'ഇക്കോളജി' പഠനമാണിതെന്ന് ഗവേഷകനായ സുജിത് പറയുന്നു. 1888 -ൽ ഡേവിസൺ എന്നൊരു വിദേശി വന്ന് ബ്രഹ്മഗിരിയിൽ വന്ന് 12 എണ്ണത്തെ വെടിവച്ച് പിടികൂടി സ്പെസിമെൻ കളക്ട് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നൊരുപക്ഷേ ബ്രഹ്മഗിരി മലനിരകളിൽ അവശേഷിക്കുന്ന ചിലപ്പന്മാർ 20 -ൽ താഴെയാകാം. പിന്നീട് 2017 -ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിനായി ഇവയുടെ സാംപ്ലിങ് നടന്നിരുന്നുവെങ്കിലും ഇവയുടെ ഇക്കോളജി പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ല.
നാല് മലനിരകളിലായി 54 ഗ്രിഡുകളും 157 സ്പേഷ്യൽ റിപ്ലിക്കേറ്റുകളുമായി തിരിച്ചായിരുന്നു സർവേ. 84 ദിവസങ്ങളിലായി 89.5 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ പഠനത്തിൽ 316 തവണ മാത്രമാണ് പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയത്. 35 ഗ്രിഡുകളിൽ ഈ പക്ഷിയെ കണ്ടെത്തി. അതേസമയം തെക്ക് നിന്നും വടക്കോട്ട് പോകുന്തോറും ഇവയുടെ സാന്നിധ്യം കുറയുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ബാണാസുര ചിലപ്പനെ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് കാമൽസ് ഹംപിലാണ്. എന്നാൽ, ബാണാസുര മലനിരകളിലും ബ്രഹ്മഗിരിയിലുമെത്തുമ്പോൾ ഇവയുടെ സാന്നിധ്യത്തിൽ വലിയ കുറവുണ്ടാകുന്നു. മലയുടെ ഉയരം, ചരിവ്, കുറ്റിച്ചെടികളുടെ സാന്ദ്രത, സസ്യങ്ങളുടെ ഉൽപ്പാദനക്ഷമത എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇവയുടെ സാന്നിധ്യം നിർണ്ണയിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1,400 മീറ്റർ മുതൽ 2,300 മീറ്ററിന് മുകളിൽ വരെ ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും 1,700 മീറ്ററിന് മുകളിലാണ് ഇവയെ കൂടുതലായും കാണാനോ കേൾക്കാനോ കഴിയുക. ഇവിടെയുളള ഏറ്റവും വലിയ ഭീഷണി ഉയരം കൂടുന്തോറും ആവാസവ്യവസ്ഥയുടെ വിസ്തൃതി കുറയുന്നുവെന്നത് തന്നെ.
(ബാണാസുര ചിലപ്പൻ)
1,400 – 1,500 മീറ്ററിൽ 38.97 ചതുരശ്ര കിലോമീറ്റർ ഇവയുടെ കുറഞ്ഞ സാന്നിധ്യം രേഖപ്പെടുത്തിയെങ്കിൽ 1,900 – 2,000 മീറ്റർ ഉയരത്തിലെത്തുമ്പോൾ 5.05 ചതുരശ്ര കിലോമീറ്ററായി കുറയുന്നു. 2,300 മീറ്ററിന് മുകളിൽ വെറും 0.05 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമാണ് ഇവയ്ക്ക് വാസയോഗ്യമായൊള്ളൂവെന്ന് കൂടി അറിയണം. അവിടെ തന്നെ സ്വന്തം ടെറിട്ടറി സംരക്ഷിക്കുന്ന പക്ഷിയാണെന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. ഭൂമിയിൽ ജീവിക്കുന്ന ജീവിവർഗങ്ങളെ സംബന്ധിച്ച് ആവാസ വിസ്തൃതിയാണ് അവയുടെ വംശനാശ സാധ്യത നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനഘടകം. ആവാസ വിസ്തൃതി കുറയുന്നത് കൊണ്ട് തന്നെ അവ കടുത്ത വംശനാശ ഭീഷണിയാണ് നേരിടുന്നത്. 'ദുർഘടമായ ഭൂപ്രകൃതിയും മൺസൂൺ കാലത്തെ കനത്ത മഴയും മഞ്ഞും കാരണം പശ്ചിമഘട്ടത്തിൽ ഏറ്റവും കുറവ് പഠനം നടന്നിട്ടുള്ളതും അപൂർവ്വവുമായ ജീവിവർഗ്ഗങ്ങളിൽ ഒന്നാണിത്. ഞങ്ങളുടെ പഠന വേളകളിൽ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം രേഖപ്പെടുത്തിയത് പഠനത്തെ കൂടുതൽ സങ്കീർണമാക്കിയതായി സുജിത് പറഞ്ഞു.
ബ്രഹ്മഗിരിയിലെ പക്ഷികളുടെ എണ്ണം 20 -ഓ അതിൽ താഴെയോ മാത്രമായിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. കുറഞ്ഞ എണ്ണം, ഒറ്റപ്പെടൽ, പരിമിതമായ ആവാസവ്യവസ്ഥ എന്നിവ മൂലമുണ്ടാകുന്ന ജനിതക വൈവിധ്യക്കുറവും, ഉൾജനനവും (inbreeding), ഇരപിടുത്തവും പ്രാദേശികമായി ഇവയുടെ വംശനാശത്തിനുള്ള സാധ്യത പലമടങ്ങ് കൂട്ടുന്നു. ഹെക്ടർ കണക്കിന് ഷോല വനങ്ങളും പുൽമേടുകളും കത്തിനശിക്കുന്ന മനുഷ്യനിർമ്മിത കാട്ടുതീ ഇവ നേരിടുന്ന മറ്റൊരു പ്രധാന ഭീഷണിയാണ്.
(ഫീൽഡ് സ്റ്റെഡിക്കിടെ ഒരു രാത്രിയുറക്കം)
ഉപഗ്രഹ വിവരങ്ങളും ഫീൽഡ് നിരീക്ഷണങ്ങളും ഉപയോഗിച്ച് 2018 -നും 2025 -നും ഇടയിൽ ഇവയുടെ ആവാസവ്യവസ്ഥയിലും പരിസരത്തുമായി 3,020.4 ഹെക്ടർ പ്രദേശം കാട്ടുതീ ബാധിച്ചതായി കണ്ടെത്തി. 2019 -ൽ 1,024.7 ഹെക്ടറിലും, 2020 -ൽ 1,030.3 ഹെക്ടറിലുമായി ഏറ്റവും കൂടുതൽ കാട്ടുതീയാളിയ കാലം. തീ ബാണാസുര ചിലപ്പന്‍റെ അവശേഷിക്കുന്ന ഷോല കാടുകളെയും കരിച്ചെടുക്കുന്നു. ഇത് മരത്തണലുകൾ ഇല്ലാതാക്കുകയും വനഭാഗങ്ങൾ തമ്മിലുള്ള ബന്ധം കുറയ്ക്കുക ക്രമേണ ആ പ്രദേശത്തെ പുൽമേടുകളാക്കി മാറ്റുകയും ചെയ്യുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വനത്തിനുള്ളിലൂടെ കടന്ന് പോകുന്ന റോഡുകൾ, തുരങ്ക പദ്ധതികൾ തുടങ്ങിയ ഓരോ നിർമ്മിതിയും കാടിനെയും കാട്ടകത്തിലെ ചെറുജീവികളെയും ഒന്നാകെ ഇല്ലാതാക്കുന്നെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കോഴിക്കോട് - വയനാട് ജില്ലകളിൽ മലയോട് ചേർന്ന് ജീവിക്കുന്ന ആളുകൾ വെള്ളത്തിനായി വർഷം മുഴുവനും കാട്ടു ചോലകളെയാണ് ആശ്രയിക്കുന്നത്. കിലോമീറ്റർ ദൂരമുള്ള പൈപ്പുകൾ ഉപയോഗിച്ച് ഇത്തരം ഷോല കാടുകളിലെ ചേലകളിൽ നിന്നുള്ള വെള്ളം വർഷം മുഴുവനും ഇത്തരത്തിൽ ശേഖരിക്കപ്പെടുന്നു. ഷോലക്കാടുകൾക്ക് കോട്ടം തട്ടുമ്പോൾ നീരുറവകൾ വറ്റുന്നു. ഇത് താഴ്വാരത്തുള്ള മനുഷ്യരുടെ ജീവിതത്തെ കൂടി നേരിട്ട് ബാധിക്കുന്നു. ഇതോടൊപ്പം ചെറു ചാലുകളായി താഴ്വാരത്തെത്തുന്ന പല നീർചാലുകളും പിന്നീട് പുഴകളായും നദികളായും ഒഴുക്ക് തുടരുന്നു. ഉദാഹരണത്തിന് വയനാട്ടിൽ നിന്നും തുടങ്ങുന്ന കബനീ നദിയുടെ ഭൂരിഭാഗവും തുടങ്ങുന്നത് ബാണാസുര ചിലപ്പന്മാരുടെ ആവാസ വ്യവസ്ഥയിൽ നിന്നാണ്. ഒപ്പം ചാലിയാർ, കുറ്റിയാടി പുഴ, വളപട്ടം പുഴ തുടങ്ങിയ പുഴകളുടെ പല കൈവഴികളുടെ തുടക്കവും ബാണാസുര ചിലപ്പന്‍റെ ആവാസ വ്യവസ്ഥയിൽ നിന്നാണെന്ന് കാണാം. ഇത്രയേറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടം ഇല്ലാകുമ്പോൾ കൂടെ ഇല്ലാതാകുന്നത് ഒരു പക്ഷി വർഗം മാത്രമല്ല, താഴ്വാരത്ത് മനുഷ്യരടക്കമുള്ള വലിയൊരു ജീവി വർഗ്ഗത്തിന്‍റെ നിലനിൽപ്പിനെ കൂടിയാണ് അത് ബാധിക്കുകയെന്ന ബോധ്യം നമ്മുക്ക് ആവശ്യമുണ്ടെന്നും സുജിത് കൂട്ടിച്ചേർക്കുന്നു.
വയനാട്ടിലെ പുതിയ തുരങ്ക പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകുന്നതിനിടെ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ദ്ധ സമിതി, ബാണാസുര ചിലപ്പനെ കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണം നിർബന്ധിത വ്യവസ്ഥയാക്കിയിരുന്നു എന്നറിയുമ്പോൾ ചിലപ്പന്‍റെ പ്രാധാന്യം കൂടുന്നു. ഇവയുടെ വിതരണ മേഖലയുടെ 99 % വും സംരക്ഷിത വനമേഖലയ്ക്ക് പുറത്താണ്. അതിനാൽ, നിലമ്പൂർ, കോഴിക്കോട്, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലെ എടവണ്ണ, താമരശ്ശേരി, മേപ്പാടി റേഞ്ചുകളിലായി വ്യാപിച്ചു കിടക്കുന്ന കാമൽസ് ഹംപ് മലനിരകളെ സംയോജിപ്പിച്ച് ബാണാസുര ചിലപ്പന്‍റെ ദേശീയോദ്യാനമായി (Camel's Hump National Park) പ്രഖ്യാപിക്കണമെന്നും, ഒപ്പം കുറ്റ്യാടി, കൽപ്പറ്റ, മാനന്തവാടി റേഞ്ചുകളിലായി കിടക്കുന്ന ബാണാസുര മലനിരകളെ മലബാർ വന്യജീവി സങ്കേതത്തോട് ചേർത്ത് ദേശീയോദ്യാന പദവി നൽകി ഉയർത്തണമെന്നും ഗവേഷകർ പഠനത്തിൽ ആവശ്യപ്പെടുന്നു. മനുഷ്യവാസം ഇല്ലാതെ പൂർണമായും കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് ജീവിക്കുന്ന ജീവികൾക്ക് ആശങ്കകൾ ഇല്ലാതെ ജീവിക്കാനുള്ള ആവാസ വ്യവസ്ഥ പരിമിതപ്പെടുമ്പോൾ, ഭാവിയിൽ വംശനാശത്തിലേക്ക് പോകാൻ സാധ്യതയുള്ള ബാണാസുര ചിലപ്പന്‍റെ അവസാന തുരുത്തുകളെങ്കിലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.