മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി 'ഹോമോ ജൂലുവെൻസിസ്'; മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ

Published : Mar 05, 2026, 09:36 AM IST
Homo juluensis

Synopsis

ചൈനയിൽ നിന്നുള്ള 'ഹോമോ ജൂലുവെൻസിസ്' എന്ന പുതിയ ആദിമ മനുഷ്യൻ മനുഷ്യ പരിണാമത്തിലെ നഷ്ടപ്പെട്ട കണ്ണിയായി രേഖപ്പെടുത്തി. രണ്ട് ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന, വലിയ തലച്ചോറുള്ള ഇവർ, മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ അട്ടിമറിക്കുന്നു.

 

നുഷ്യ പരിണാമത്തിലെ നഷ്ടപ്പെട്ട് പോയ കണ്ണിയെ ഒടുവിൽ ഔദ്ധ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയിലോ, യൂറോപ്പിലോ അല്ല ആ ആദിമ മനുഷ്യൻ ജീവിച്ചിരുന്നത്. അങ്ങ് ചൈനയിലാണ്. അതും മൂന്ന് ലക്ഷം വർഷം മുമ്പ്. പുതിയ കണ്ടെത്തൽ മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ഇതുവരെ നിലനിന്നിരുന്ന ധാരണയെ പുനർനിർമ്മിക്കുന്ന ഒന്നാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭീമാകാരമായ ശരീരം കൊണ്ടും 1,700 ക്യുബിക് സെന്‍റീ മീറ്റർ വളർച്ചയെത്തിയ തലച്ചോറ് കൊണ്ടും ആധുനിക മനുഷ്യനുമായി 'ഹോമോ ജൂലുവെൻസിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യൻ ഏറെ സാദൃശ്യം പുലർത്തുന്നു. പക്ഷേ അവരുടെ തലകൾ, ആധുനീക മനുഷ്യരുടേതിനേക്കാൾ ഏറെ വലുതായിരുന്നു. വലിയ തലയുള്ള ഈ കണ്ണിയുടെ കണ്ടെത്തൽ മനുഷ്യ പരിണാമത്തിലെ പല ഉത്തരമില്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വലിയ തലയുള്ള ആളുകൾ

'വലിയ തലയുള്ള ആളുകൾ' എന്നർത്ഥം വരുന്ന ഹോമോ ജൂലുവെൻസിസിന്‍റെ കടന്ന് വരവോടെ ഫോസിൽ അടിസ്ഥാനമാക്കിയുള്ള മനുഷ്യ പരിണാമ ചരിത്രത്തിലെ ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന വലിയൊരു വിടവ് നികത്തപ്പെടുന്നതായി ഗവേഷക‍ർ അവകാശപ്പെടുന്നു. ഒപ്പം മനുഷ്യ പരിണാമം കണ്ടെത്തിയതിനേക്കൾ സങ്കീർണമായ ഒന്നാണെന്നും ഈ കണ്ടെത്തൽ തെളിയിക്കുന്നു. വടക്കൻ, മധ്യ ചൈനയിലെ സുജിയായോ, സുചാങ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ഫോസിലുകളിൽ പതിറ്റാണ്ടുകളിൽ നടത്തിയ പഠനമാണ് ഹോമോ ജൂലുവെൻസിസിന്‍റെ കണ്ടെത്തലിലേക്ക് നയിച്ചത്. കട്ടിയുള്ള തലയോട്ടികളുള്ള വലിയ തലയോട്ടികൾ, നിയാണ്ടർത്തലുകളെ അനുസ്മരിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ, ആധുനിക മനുഷ്യരുമായും ഡെനിസോവനുമായും പങ്കിടുന്ന സ്വഭാവ സവിശേഷതകൾ എന്നിവ ഫോസിലുകളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. ഇതുവരെ ചൈനയിൽ നിന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹോമോ ജൂലുവെൻസിസ് ഒരു സമൂഹമായി ജീവിക്കുകയും ശിലാ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും, മൃഗങ്ങളുടെ തോലുകൾ സംസ്കരിക്കുന്നതിലും, കാട്ടു കുതിരകളെ വേട്ടയാടിയിരുന്നു അവർ അക്കാലത്തെ ശക്തരായ വേട്ടക്കാരായിരുന്നുവെന്ന് തെളിയിക്കുന്നു. കിഴക്കനേഷ്യയിൽ ഇവരുടെ ഏറ്റവും സജീവമായ കാലം 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പാണെന്ന് കണക്കുകൂട്ടുന്നു.

 

 

ഇന്‍റർബ്രീഡിംഗ്

വടക്കൻ ചൈനയിലെ സുജിയാവോ, മധ്യ ചൈനയിലെ സുചാങ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഈ ഫോസിലുകൾ കണ്ടെത്തിയത്. 1970-കളിൽ സുജിയാവോയിൽ നടത്തിയ ഖനനത്തിൽ കുറഞ്ഞത് 10 വ്യക്തികളുടെ 10,000-ത്തിലധികം ശിലായുധങ്ങളും 21 ഫോസിൽ ശകലങ്ങളും കണ്ടെത്തിയതായി ലൈവ് സയൻസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഇപ്പോൾ മാത്രമാണ് ഇവ ഹോമോ ജൂലുവെൻസിസിന്‍റെതാണെന്ന് തിരിച്ചറിയുന്നത്. വിവിധ ഹോമിനിൻ ജനവിഭാഗങ്ങൾക്കിടയിലെ ഇന്‍റർബ്രീഡിംഗിൽ നിന്നാണ് ഈ വ്യക്തികൾ ഉണ്ടായതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. കിഴക്കൻ ഏഷ്യയിലെ മനുഷ്യ പരിണാമത്തിലെ ഒരു പ്രേരകശക്തിയായി ഹൈബ്രിഡൈസേഷനെ ഗവേഷകർ എടുത്തുകാണിക്കുന്നു.

 

 

നാല് വ്യത്യസ്ത ഹോമിനിൻ സ്പീഷീസ്

2024 മെയ് മാസത്തിൽ നടത്തിയ ഒരു പഠനത്തിൽ, ടിബറ്റ്, തായ്‌വാൻ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള ഫോസിൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഡെനിസോവന്മാരുടേതായി മുമ്പ് തരംതിരിച്ച ഫോസിലുകൾ ഹോമോ ജൂലുവെൻസിസിന്‍റെതാകാമെന്ന് ബേയും വുവും നിരീക്ഷിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള ഫോസിലുകൾക്കിടയിലെ താടിയെല്ലിന്‍റെയും പല്ലിന്‍റെയും ഘടനയിലെ സമാനതകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സിദ്ധാന്തം. കിഴക്കൻ ഏഷ്യയിൽ കുറഞ്ഞത് നാല് വ്യത്യസ്ത ഹോമിനിൻ സ്പീഷീസുകളെങ്കിലും ഉണ്ടായിരുന്നുവെന്നും ഗവേഷകർ അവകാശപ്പെടുന്നു. ഹോമോ ഫ്ലോറെസിയൻസിസ്, ഹോമോ ലുസോണെൻസിസ്, ഹോമോ ലോംഗി, പുതുതായി നാമകരണം ചെയ്യപ്പെട്ട ഹോമോ ജൂലുവെൻസിസ് എന്നിവരാണവർ.

 

 

മനുഷ്യ വംശപരമ്പരകൾ

മാനുവയിലെ ഹവായ് സർവകലാശാലയിലെ പാലിയോആന്ത്രോപോളജിസ്റ്റുകളായ ക്രിസ്റ്റഫർ ബേ, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടെബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയോആന്ത്രോപോളജിയിലെ സിയുജി വു എന്നിവരുടെ നേതൃത്വത്തിലുള്ള പാലിയോആന്ത്രോപോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ ഗവേഷണമാണ് നഷ്ടപ്പെട്ട് പോയ ഈ പൂർവ്വ പിതാമഹനെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് നയിച്ചത്. ഹോമോ ജൂലുവെൻസിസിനെ മനുഷ്യകുല കുടുംബവൃക്ഷത്തിന്‍റെ ഒരു പ്രത്യേക ശാഖയായി രേഖപ്പെടുത്തുന്നതിലൂടെ മനുഷ്യൻ ഈ ലോകത്ത് അതിജീവിച്ചത് ഒറ്റയ്ക്കല്ലെന്നും വൈവിധ്യമാർന്ന മനുഷ്യ വംശപരമ്പരകളുടെ ഒരു നിര തന്നെ ഭൂമിയിൽ ഉണ്ടായിരുന്നുവെന്നതിനുമുള്ള തെളിവാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

തുടർഭരണത്തിലെ സ്വേച്ഛാധിപത്യ സ്വഭാവം; ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ
യൂട്യൂബ് നോക്കി പുതുപാഠങ്ങൾ പഠിച്ചു, വാശിയോടെ നീന്തി, മാസ്റ്റേഴ്സ് ഗെയിംസിൽ കുര്യൻ ജേക്കബ് പിന്നിട്ട ദൂരം