
'കണ്ണുകൾക്ക് കാണാനാവാത്ത ലോകത്താണ് അവൾ ജീവിച്ചത്; എന്നാൽ മനക്കണ്ണുകൊണ്ട് അവൾ കണ്ട സ്വപ്നങ്ങൾക്ക് സൂര്യനേക്കാൾ പ്രഭയുണ്ടായിരുന്നു...'
കോഴിക്കോട് വടകരയുടെ മണ്ണിൽ നിന്ന് ഉയർന്നു വന്ന ജസീല ജന്നത്ത് പി. തകർത്തെറിഞ്ഞത് കാഴ്ചയുടെ പരിമിതികളെ മാത്രമല്ല, ഒരു ഭിന്നശേഷിക്കാരിക്ക് അസാധ്യമെന്ന് സമൂഹം വിധിയെഴുതിയ പതിവ് ധാരണകളെ കൂടിയാണ്. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 397 -ാം റാങ്ക് എന്ന നേട്ടവുമായി ഈ മിടുക്കി ചരിത്രമെഴുതിയപ്പോൾ, ലോകം തിരിച്ചറിഞ്ഞത് ഒന്നുമാത്രം; കാഴ്ചയല്ല, കാഴ്ചപ്പാടാണ് വിജയത്തിന്റെ യഥാർത്ഥ ഇന്ധനം!
തളരാത്ത പോരാളി
ജന്മനാ കാഴ്ചയുടെ വെളിച്ചം കുറവായിരുന്നിട്ടും, സ്വപ്നങ്ങൾക്ക് നിറം നൽകുന്നതിൽ ജസീല ഒരിക്കലും പിശുക്ക് കാണിച്ചില്ല. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കെത്താനായി മൂന്നു തവണ അവൾ പടവെട്ടി. ഓരോ പരാജയവും അവളിലെ പോരാളിയെ കൂടുതൽ കരുത്തുറ്റതാക്കുകയായിരുന്നു. 'പരിമിതികൾ ശരീരത്തിലല്ല, മനസ്സിലാണ്' എന്ന തിരിച്ചറിവ് ഓരോ നിമിഷവും അവളെ മുന്നോട്ട് നയിച്ചു. തളരാതെ, പതറാതെ അവൾ നടത്തിയ ആ യാത്ര, പ്രതിസന്ധികളിൽ തകർന്നുപോകുന്ന ഓരോരുത്തർക്കും ഒരു പാഠപുസ്തകമാണ്. ഓരോ തവണയും നേരിട്ട തിരിച്ചടികളിൽ തളരാതെ, തന്റെ കുറവുകളെ കരുത്താക്കി മാറ്റിയ ജസീലയ്ക്ക് സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും കഴിയണമെന്ന വലിയ ലക്ഷ്യവുമായാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയിൽ വലിയ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന് മുന്നേറാൻ ജസീലയ്ക്ക് സാധിച്ചു.
മകളുടെ ഗോൾകീപ്പറായ ഉമ്മ
ഇപ്പോൾ 30 -കാരിയായ ജസീലയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് അവളുടെ ചുറ്റുമുള്ള സ്നേഹത്തിന്റെ ലോകമാണ്. പ്രത്യേകിച്ച്, പ്രതിസന്ധികളുടെ കനൽപാതകളിൽ അവൾക്ക് തണലായി നിന്നത് ഉമ്മ സൈനബയും സഹോദരിമാരുമാണ്. ജീവിതത്തിൽ ജസീല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാഴ്ചപരിമിതിയായിരുന്നില്ല, മറിച്ച് പെൺകുട്ടി എന്ന നിലയിൽ സമൂഹം അവളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നിബന്ധനകളായിരുന്നു. 'ഇനിയും പഠിക്കണോ, കല്യാണം കഴിച്ച് അടങ്ങി ഒതുങ്ങി ജീവിക്കൂ' എന്ന ഉപദേശങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ, ആ വാക്കുകളെ ജസീലയുടെ ഗോൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ അനുവദിക്കാതെ, ഒരു മികച്ച ഗോൾകീപ്പറെപ്പോലെ അവൾക്ക് പ്രതിരോധം തീർത്തത് അവളുടെ ഉമ്മയായിരുന്നു.
2018 -ൽ ഉപ്പ കുഞ്ഞബ്ദുള്ളയുടെ വിയോഗം ജസീലയുടെ കുടുംബത്തെ വലിയൊരു ശൂന്യതയിലേക്ക് തള്ളിയിട്ടിരുന്നു. താങ്ങും തണലും ഇല്ലാതായ ആ വേദനയിലും ജസീലയുടെ സ്വപ്നങ്ങൾക്കും പഠനത്തിനും ഒരു കുറവും വരാതെ നോക്കാൻ ഉമ്മ കാണിച്ച മനക്കരുത്ത് ചെറുതല്ല. മകളുടെ കണ്ണുകൾക്ക് പകരം ലോകത്തെ കാണാനും, അവൾക്ക് വഴികാട്ടിയാകാനും ഉമ്മയും സഹോദരിമാരായ ജസീറ, ജാസ്മിൻ, ജസീന എന്നിവരും ഒറ്റക്കെട്ടായി നിന്നു.
ഓരോ തവണ പരീക്ഷ എഴുതുമ്പോഴും, വീഴ്ചകൾ സംഭവിക്കുമ്പോഴും, 'നീ മുന്നോട്ട് നടക്കൂ, ഞങ്ങളുണ്ട് നിന്റെ കൂടെ' എന്ന് അവർ നൽകിയ ഉറപ്പാണ് ജസീലയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. വിവാഹമെന്ന സമ്മർദ്ദത്തിന് വഴങ്ങാതെ, മകളുടെ കഴിവിൽ വിശ്വസിക്കാനും, ആത്മവിശ്വാസത്തോടെ അവളെ ലോകത്തേക്ക് ഇറക്കിവിടാനും ഉമ്മ കാണിച്ച ധൈര്യം, ഒരു പെൺകുട്ടിയുടെ വിജയത്തിൽ കുടുംബത്തിന്റെ പങ്കെന്താണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
അറിവിന്റെ പുതിയ വഴികൾ
കണ്ണുകൾക്ക് കാണാൻ കഴിയാത്ത അക്ഷരങ്ങളെ ജസീല തന്റെ കേൾവിശക്തി കൊണ്ടും മനക്കരുത്തുകൊണ്ടും ഹൃദിസ്ഥമാക്കി. ഓഡിയോ ലേണിംഗും വോയിസ്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയും അവൾക്ക് കൂട്ടായി. സൈലം ഐഎഎസിന്റെ കൈത്താങ്ങും, ഒപ്പം സ്വന്തമായ പരിശ്രമവും ചേർന്നപ്പോൾ, വടകരയുടെ മകൾ സിവിൽ സർവീസിന്റെ ഉന്നതങ്ങളിലേക്ക് നടന്നുകയറി. ജസീലയുടെ വിജയത്തെക്കുറിച്ച് സൈലം ഐഎഎസിന്റെ അക്കാദമിക് ഹെഡ് അസീം അക്രം പങ്കുവെക്കുന്നത് ഇങ്ങനെയാണ്: ''ജസീല ഇത്തവണ സിവിൽ സർവീസിൽ കയറണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ജസീലയോട് ചോദിച്ചു, 'എന്തിനാണ് സിവിൽ സർവീസിലേക്ക് വരാൻ ആഗ്രഹിക്കുന്നത്?' എന്ന്. അപ്പോൾ ജസീല നൽകിയ മറുപടി, 'സാർ, എന്നെപ്പോലുള്ളവർക്കായി എനിക്കെന്തെങ്കിലും ചെയ്യണം' എന്നായിരുന്നു. ഇന്ന് ജസീല വിചാരിച്ചത് പോലെ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയിരിക്കുന്നു. ഇനി അവളുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ. ജസീലയുടെ ഈ യാത്രയിൽ സൈലം ഐഎഎസിന് ഒരു ഭാഗമാകാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്."
അരികുവൽക്കരിക്കപ്പെട്ടവരോട് ഒരുവാക്ക്
തന്നെപ്പോലെ കാഴ്ചയുടെ പരിമിതികളുള്ള സുഹൃത്തുക്കളോട് ജസീലയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം; നിങ്ങളുടെ ലോകം നിങ്ങളുടെ കണ്ണുകളിലല്ല, നിങ്ങളുടെ ഉള്ളിലെ വെളിച്ചത്തിലാണ്. സമൂഹം നമ്മളെ നോക്കിക്കാണുന്ന രീതിയെക്കാൾ പ്രധാനമാണ്, നമ്മൾ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നത്. സമൂഹത്തിന്റെ സഹതാപമല്ല, നമ്മുടെ ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. 'ഇതൊക്കെ നമുക്ക് പറ്റുന്ന കാര്യമാണോ?' എന്ന് പലപ്പോഴും ചുറ്റുമുള്ളവർ ചോദിച്ചേക്കാം, ചിലപ്പോൾ നമ്മുടെ മനസ്സ് പോലും അത് സംശയിച്ചേക്കാം. പക്ഷേ, ആ സംശയങ്ങളെയാണ് നമ്മൾ തകർക്കേണ്ടത്. സാങ്കേതികവിദ്യയുടെ കാലമാണിത്. വിവരങ്ങൾ തേടിയെത്താൻ ഇന്ന് നൂറ് വഴികളുണ്ട്. നമ്മുടെ പരിമിതികളെ തടസ്സങ്ങളായി കാണാതെ, അതിനെ മറികടക്കാനുള്ള പുതിയ വഴികൾ കണ്ടെത്തുക എന്നതാണ് പ്രധാനം.
ഒരു കാര്യം കൂടി, മുഖ്യധാരയിൽ നിന്ന് മാറിനിൽക്കാൻ നമുക്ക് അവകാശമില്ല. കാരണം, നമ്മുടെ ശബ്ദവും നമ്മുടെ കാഴ്ചപ്പാടും ഈ സമൂഹത്തിന് ആവശ്യമാണ്. ഭിന്നശേഷിക്കാരായ നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കാൻ നമുക്കേ കഴിയൂ. അതുകൊണ്ട്, മടിച്ചു നിൽക്കാതെ മുന്നോട്ട് വരിക. നിങ്ങൾ സ്വപ്നം കാണാൻ തുടങ്ങിയാൽ, ആ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള കരുത്ത് പ്രപഞ്ചം തന്നെ നിങ്ങൾക്ക് നൽകും. ഞാൻ ഇവിടെ എത്തിയെങ്കിൽ, നിങ്ങളും തീർച്ചയായും എത്തിച്ചേരും. നമ്മൾ ഒരുമിച്ച് ചരിത്രം കുറിക്കേണ്ടവരാണ്.
അക്കാദമിക് യാത്ര
ജസീലയുടെ വിജയം പെട്ടെന്നുണ്ടായ ഒന്നല്ല. കഠിനാധ്വാനവും അസാമാന്യമായ ബുദ്ധിശക്തിയും കൈമുതലായുള്ള ഒരു അക്കാദമിക് ജീവിതമായിരുന്നു അവളുടേത്. വില്ല്യാപ്പള്ളി സ്കൂളിൽ നിന്ന് മികച്ച വിജയത്തോടെയാണ് ജസീല പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കിയത്. പരിമിതികളെ മറികടന്ന് ഉന്നത വിജയം നേടിയ അന്നേ അവൾ തന്റെ ലക്ഷ്യം ഉറപ്പിച്ചിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് ജസീലയുടെ ഭാഷാപരമായ കഴിവിനും ആശയവിനിമയ മികവിനും വലിയ അടിത്തറ നൽകി. മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയതാണ് ജസീലയുടെ ജീവിതത്തിലെ വഴിത്തിരിവ്. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ വേദനകളും പ്രശ്നങ്ങളും അടുത്തുനിന്ന് പഠിക്കാൻ ഈ വിദ്യാഭ്യാസം അവളെ പ്രാപ്തയാക്കി. ഈ സാമൂഹിക ബോധമാണ് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് അവളെ കൂടുതൽ ദൃഢനിശ്ചയത്തോടെ നയിച്ചത്. എംഎസ്ഡബ്ല്യു (MSW) പഠനകാലത്താണ് ജസീല സിവിൽ സർവീസ് എന്ന സ്വപ്നം നെഞ്ചിലേറ്റുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ വേദനകൾ നേരിട്ട് കണ്ടറിഞ്ഞ ആ നാളുകളിൽ അവൾ ഒരു തീരുമാനമെടുത്തു: 'സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ പോലും, തന്റെ ജീവിതം സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്കും സ്ത്രീകൾക്കുമായി സമർപ്പിക്കണം'. അധികാരവും പദവിയും ഒരു ലക്ഷ്യമായിരുന്നില്ല, മറിച്ച് താൻ കടന്നുവന്ന വഴികളിലൂടെ മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്നതായിരുന്നു അവളുടെ ആത്യന്തികമായ ലക്ഷ്യം.
വനിതാദിനത്തിൽ വായിച്ചുമറക്കേണ്ട വെറുമൊരു കഥയല്ല. മറിച്ച്, തളർന്നു പോകുന്ന ഓരോ മനസ്സിലേക്കും ആത്മവിശ്വാസത്തിന്റെ തിരിതെളിക്കുന്ന ഒരു വലിയ സന്ദേശമാണ്. കാഴ്ചയിൽ അല്ല, കാഴ്ചപ്പാടിലാണ് യഥാർത്ഥ ശക്തിയെന്ന് ജസീല ജന്നത്ത് ലോകത്തോട് വിളിച്ചു പറയുന്നു. പരിമിതികളിൽ പകച്ചുപോകാതെ തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയപ്പോൾ, അവൾ സ്വയമൊരു പാഠപുസ്തകമായി. സ്വപ്നം കാണാൻ ഭയക്കുന്ന, മടിക്കുന്ന ഓരോ വ്യക്തിയ്ക്കും ജസീല നൽകുന്ന പാഠം ഇതാണ്, 'നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും നേടാൻ നിങ്ങൾക്ക് കരുത്തുണ്ട്. പാതിവഴിയിൽവെച്ച് ഉപേക്ഷിച്ച് മടങ്ങരുത്, നിങ്ങളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ ലോകം വഴിമാറും, തീർച്ച.'