
സൈലന്‍റ്‍വാലി, നിശബ്ദതയുടെ താഴ്വാരത്തിന് ആ 'നിശബ്ദത' നഷ്ടമാകുന്നുവെന്ന് പഠനം. അതെ, കാടിന്‍റെ ശബ്ദമായ പുൽച്ചാടികൾ സൈലന്‍റ്‍വാലി താഴ്വാരകളെയും ശബ്ദനമാനമാക്കുന്നെന്ന് കണ്ടെത്തിയിരിക്കുന്നത് മലയാളി ഗവേഷകരടങ്ങിയ സംഘമാണ്. പുതുതായി മൂന്ന് സ്പീഷീസുകളെ കണ്ടെത്തിയതിനോടൊപ്പം നേരത്തെ കണ്ടെത്തിയ ഒമ്പത് പുൽചാടികളെ അവയുടെ പ്രത്യേകതയ്ക്ക് അനുസരിച്ച് പുതിയ ജനുസിലേക്ക് ഈ പഠനത്തിലൂടെ മാറ്റിയിരിക്കുന്നു. പുൽച്ചാടിയുടെ ശബ്ദം രേഖപ്പെടുത്തിയതാണ് ഈ പഠനത്തില്‍ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. ഡോ.രഞ്ജന ജൈസ്വാര, ഡോ.ധനീഷ് ഭാസ്കർ, ഡോ.ഡെസുട്ടർ-ഗ്രാൻഡ്‌കൊളാസ് എന്നിവർ ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ വര്‍ഗ്ഗീകരണവും പുതിയ മൂന്ന് സ്പീഷീസുകളെയും കണ്ടെത്തിയത്.
പശ്ചിമഘട്ടത്തിൽ, നീലഗിരി താഴ്‍വാരയില്‍ സ്ഥിതി ചെയ്യുന്ന സൈലൻറ് വാലി, കുന്തിപ്പുഴയിൽ അണക്കെട്ട് പണിയാനുള്ള പദ്ധതിക്കെതിരായി ജനങ്ങൾ സംഘടിക്കുന്നതോടെയാണ് ലോകപ്രശസ്തമാകുന്നത്. പരിസ്ഥിതിയെ മുന്‍നിർത്തി നാടാടെ നടന്ന പ്രതിഷേധങ്ങൾക്കൊടുവില്‍ 1984-ൽ ഔദ്യോഗികമായി സൈലൻറ് വാലി നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുകയും സംരക്ഷിത പ്രദേശമായി മാറുകയും ചെയ്തു.
സൈലന്‍റ് വാലിക്ക് ആ പേര് കിട്ടിയതിന് പക്ഷേ, പിന്നെയും പുറകിലേക്ക് പോകണം, 19 -ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്തേക്ക്. 1857-ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനും സസ്യശാസ്ത്രജ്ഞനുമായ റോബർട്ട് വൈറ്റ് പ്രദേശത്ത് നടത്തിയ സർവേയ്ക്കിടെ ചീവീടുകളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ശ്രദ്ധിച്ചു. ഒരു കാടിന്‍റെ നിശബ്ദതയെ ഭഞ്ജിക്കുന്ന ചീവീടുകളില്ലാത്ത കാട്! ആ ശബ്ദമില്ലാ താഴ്‍വാരയെ അദ്ദേഹം 'Silent Valley' എന്ന് വിളിച്ചു. അതേസമയം മറ്റ് ചില വിവരണങ്ങളില്‍ 1847 -ല്‍ തന്നെ ഈ പ്രദേശത്തെ സൈലന്‍റ്‍വാലി എന്ന് വിശേഷിപ്പിച്ചിരുന്നതായും തെളിവുകളുണ്ട്. നൂറ്റാണ്ടുകളായി ഒരു ഇടപെടലും ഇല്ലാതെ നിലനിന്ന നിത്യഹരിത വനങ്ങൾ വളരെ പ്രത്യേകമായും ഒളിഞ്ഞും ജീവിക്കുന്ന ജീവികളെ വളർത്തിയെടുത്തിരുന്നു. അതാണ് കാടിന്‍റെ ഉള്ളകത്ത് നിശബ്ദതയെ തളച്ചിട്ടതും.
(ഡോ.ധനീഷ് ഭാസ്കറും സംഘവും ഫീൽഡ് പ്രവര്‍ത്തനത്തിനിടെ)
അതേസമയം പ്രാദേശികമായ ചൊൽവഴക്കങ്ങളിൽ ഒരിക്കൽ ഈ കാട് സൈരന്ധ്രിവനം (Sairandhrivanam) എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാഭാരതത്തിൽ, പാണ്ഡവർ നാടുവിട്ട കാലത്ത് സൈരന്ധ്രിയെന്നും പേരുള്ള പാണ്ഡവ പത്നിയായ ദ്രൗപദി, സഹോദരന്മാരോടൊപ്പം ഇവിടെ അഭയം തേടിയെന്നാണ് ഹൈന്ദവ വിശ്വാസം. പണ്ഡവരുടെ അമ്മയായ കുന്തിയുടെ പേരിലാണ് പ്രദേശത്തൊഴുകുന്ന നദി, കുന്തിപ്പുഴ. ഇത് പ്രദേശത്തെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വിശ്വാസധാരയുമായി അടുപ്പിച്ചു. പിൽക്കാലത്ത് സൈരന്ധ്രിവനം കയറിയ ബ്രീട്ടീഷുകാര്‍ ഉച്ചാരണ പ്രശ്നം പരിഹരിച്ചത് സൈലന്‍റ്‍വാലിയെന്ന് വിളിച്ചാണെന്നും ഒരു വാദമുണ്ട്. സംഗതി എന്തായാലും റോബർട്ട് വൈറ്റ് ശാസ്ത്രീയമായി പ്രദേശം 'നിശബ്ദ'മാണെന്ന് വിധിയെഴുതി.
നിശബ്ദ താഴ്വാരയുടെ ശബ്ദം തേടി ഇറങ്ങിയ ഗവേഷക സംഘം അജരേത സൈരന്ധ്രിയൻസിസ് (Ajareta sairandhriensis) എന്ന പുതിയൊരു ജനുസ് പുല്‍ച്ചാടിയെ തന്നെ കണ്ടെത്തി. അജരേത സൈരന്ധ്രിയൻസിസ് നിശബ്ദ താഴ്വാരയുടെ മൌനത്തെ തങ്ങളുടെ ചിറകുകളിലൂടെ വെല്ലുവിളിച്ചു. ഉണങ്ങി നശിച്ച പാഴ്‍മരങ്ങളുടെ ചെതുമ്പുകളിൽ പതുങ്ങിയിരുന്ന് അവ തങ്ങളുടെ ഇണകളെ വിളിച്ചുണർത്തി. ഒപ്പം തങ്ങളുടെ അധികാര പരിധി കാടറിയിച്ചു. പക്ഷേ, ആ ശബ്ദം ഒരിക്കലും 3.3 kHz ന് മുകളില്‍ പോയില്ല. അതേസമയം രാത്രിയിലുടനീളം ആ ശബ്ദം സൈലന്‍റ് വാലിയില്‍ പ്രതിധ്വനിച്ചു. പ്രത്യേകിച്ചും പൂര്‍ണ്ണ ചന്ദ്രനുദിച്ച, വെളുത്തവാവ് ദിവസങ്ങളിൽ.
17–22 മില്ലിസെക്കൻഡ് മാത്രമേ ഓരോ നേരവും ആ ശബ്ദ വീചികൾ നീണ്ടു നിന്നൊള്ളൂ എന്നത് കൊണ്ട് തന്നെ സൈലന്‍റ്‍വാലിയുടെ നിശബ്ദത ഒരിക്കലും തകർന്നില്ല. അതേസമയം അവ തങ്ങളുടെ ഇണകൾക്കുള്ള സന്ദേശങ്ങൾ ഇടതടവില്ലാതെ കൈമാറിക്കൊണ്ടേയിരുന്നു. ഇവയ്ക്ക് 'ട്രിൽ'(trill) വിളികളും 'ചിർപ്' (chirp) വിളികളുമുണ്ട്. ഈ ശബ്ദ മാതൃകകൾ ഇണയെ ആകർഷിക്കുന്നതിനും പ്രദേശം സംരക്ഷിക്കുന്നതിനുമായി അവ ഉപയോഗിക്കപ്പെടുന്നു.
(അജരേത സൈരന്ധ്രിയൻസിസ് / ചിത്രം ഡോ.ധനീഷ് ഭാസ്കർ)
നിത്യഹരിത വനത്തിലെ ഇരുണ്ടതും സാന്ദ്രവുമായ പരിസ്ഥിതിയുമായി ഇഴ ചേർന്നു പോകുന്ന വികാസമാണ് അജരേത സൈരന്ധ്രിയൻസിസിനുണ്ടായതെന്ന് ഡോ. ധനീഷ് ഭാസ്കർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സൈലന്‍റ്‍വാലിയുടെ രാത്രികൾ മൗനത്തിൽ അമർന്നതല്ലെന്നും മറിച്ച് ഏതൊരു വനത്തെയും പോലെ സംഗീത സാന്ദ്രമായ രാത്രി ഗാനത്തിന്‍റെ ഒരു കോറസ് (nocturnal chorus) അവിടെയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2021-ൽ ഡോ.ധനീഷ് ഭാസ്കറും പാലക്കാട് ഐആർടിസിയിലെ ശാസ്ത്രഞ്ജനായ ആനന്ദ് സെബാസ്റ്റ്യനും നടത്തിയ പഠനത്തിലാണ് അജരേത സൈരന്ധ്രിയൻസിനെ ആദ്യമായി കണ്ടെത്തുന്നത്.
പാഴ്ത്തടിയിൽ ഒളിച്ച് കഴിയുന്ന രാത്രികളിൽ സജീവമാകുന്ന ലാൻഡ്രെവിനേ (Landrevinae) ഉപകുടുംബത്തിലെ പുൽച്ചാടികളെ കുറിച്ചുള്ള അന്വേഷണമാണ് അജരേത സൈരന്ധ്രിയൻസിസിലേക്കുള്ള വഴികാണിച്ച്. 1869-ൽ ലാൻഡ്രെവ വാൾക്കാറാണ് ലാൻഡ്രെവിനേ സ്പീഷീനിനെ തിരിച്ചറിഞ്ഞത്. ആദ്യകാലത്ത് ഈ പുൽച്ചാടിയെ ശ്രീലങ്കയിൽ മാത്രമാണ് കണ്ടെത്തിയത്. തുടർ പഠനങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമുള്ള മറ്റു സ്പീഷീസുകൾ ഒരു വേറിട്ട വികാസ ശാഖ (evolutionary lineage) രൂപീകരിച്ചതായി കണ്ടെത്തി.
ആൺ/പെൺ ജനനാവയവങ്ങളിലെ വ്യത്യാസങ്ങളും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രത്യേക വികാസപരമായ ബന്ധവും (endemism) അടിസ്ഥാനമാക്കിയാണ് സൈലന്‍റ്‍വാലിയില്‍ നിന്നും കണ്ടെത്തിയ പുൽച്ചാടിക്ക് അജരേത സൈരന്ധ്രിയൻസിസ് എന്ന പേര് നല്‍കിയത്. അജരേത സൈരന്ധ്രിയൻസിസിനൊപ്പം ഇന്ത്യയിൽ നിന്നും മറ്റ് രണ്ട് സ്പീഷീസുകളെ കൂടി ഗവേഷക സംഘം കണ്ടെത്തി. കര്‍ണാടക കേർവാസേ സംരക്ഷിതവനത്തിൽ നിന്നും കണ്ടെത്തിയ അജരേത കെർവാസെ (Ajareta kervasae), കേരളത്തിൽ നിന്നും കണ്ടെത്തിയ അജരേത മെരിഡിയോനാലിസ് (Ajareta meridionalis) എന്നിവയാണ് മറ്റ് രണ്ട് പുൽച്ചാടികൾ. 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഫ്രഞ്ച് ഗവേഷകർ തൃശൂരിലെ ചാലക്കുടിയിൽ നിന്നും കണ്ടെത്തി പാരീസിലെ നാച്യൂറൽ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്പെസിമെന് 'അജരേത മെരിഡിയോനാലിസ്' എന്ന് പേര് നല്‍കിയതും ഇതേ പഠനത്തിന്‍റെ ഭാഗമായാണ്. 2021 -ൽ ഡോ.ധനീഷ് ഭാസ്കറും സംഘവും അജരേത സൈരന്ധ്രിയൻസിസ് എന്ന സ്പീഷീസിന്‍റെ ശബ്ദം രേഖപ്പെടുത്തിയതോടെയാണ് ഈ വർഗ്ഗീകരണം സാധ്യമായത്.
ഒരു പ്രദേശത്ത് അതിജീവിക്കുന്ന ജീവിവര്‍ഗം ആ പ്രദേശത്തിന്‍റെതായ ആവാസവ്യവസ്ഥയെ കൂടി ഉൾക്കൊള്ളുന്ന ഒന്നായിരിക്കും. അതിനാല്‍ തന്നെ ഓരോ ജീവിവര്‍ഗ്ഗത്തിനും അതാത് ജൈവാവസ്ഥയുടെ നിലനില്‍പ്പിൽ കാര്യമായ സംഭാവനകൾ നല്‍കുന്നു. പുതിയ പഠനത്തിലൂടെ അജരേത സൈരന്ധ്രിയൻസിസ് എന്ന സൈരന്ധ്രിക്കാടുകളിലെ പുൽച്ചാടിയുടെ സാന്നിധ്യം അതിന്‍റെ ജൈവാവസ്ഥയെ കുറിച്ചുള്ള കൂടുതല്‍ ഉൾക്കാഴ്ചകൾക്ക് വഴി തെളിക്കും. അജരേത സൈരന്ധ്രിയൻസിസ് എന്ന ചീവീട്, സൈലന്‍റ്‍വാലി എന്ന പ്രത്യേക ആവാസവ്യവസ്ഥയുടെ (microhabitats) സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന ഭീഷണികളെ നേരിടുന്നതിനെ കുറിച്ചുള്ള പഠനങ്ങൾക്കും ഉൾക്കാഴ്ച നൽകുമെന്നും ഗവേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.