
വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങുന്നത് കേരള ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച രാഷ്ട്രീയനേതാക്കളില്‍ ഒരാളെന്ന സ്ഥാനം നേടിയെടുത്തതിന് ശേഷമാണ്. ജനപ്രീതിയുടെ അളവുകോലില്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ കഴിയുന്നത് മറ്റ് രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രമാണ്. എകെജിയും ഇഎംഎസ് നമ്പൂതിരിപ്പാടുമാണ് അവരുടെ കാലഘട്ടങ്ങളില്‍ കേരളത്തിലെ ഏറ്റവും ജനപ്രിയരായ നേതാക്കളായി വര്‍ത്തിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയം ആരംഭിച്ച എകെജി, ഗുരുവായൂര്‍ സത്യാഗ്രഹമുള്‍പ്പടെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എന്നുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ശേഷം അദ്ദേഹം 'പാവങ്ങളുടെ പടത്തലവന്‍' എന്ന വിശേഷണത്തിന് അര്‍ഹനായി. 1964 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പ്രമുഖ നേതാക്കളെല്ലാം സിപിഐയില്‍ തുടര്‍ന്നെങ്കിലും സിപിഎമ്മിലെ എകെജിയുടെ സാന്നിധ്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ബഹുഭൂരിപക്ഷത്തെയും സിപിഎമ്മിലെത്തിച്ചത്. ഉന്നതകുലജാതനായ ഇഎംഎസ് എന്നും 'തൊഴിലാളി വര്‍ഗത്തിന്‍റെ ദത്തുപുത്രന്‍' എന്ന് വിളിക്കപ്പെട്ടു. രണ്ട് തവണ കേരളാ മുഖ്യമന്ത്രിയായെങ്കിലും 'പാര്‍ട്ടിയുടെ താത്വികാചാര്യന്‍' എന്ന നിലയിലാണ് ഇഎംഎസ് ലബ്ധ പ്രതിഷ്ഠനായത്. അസാമാന്യമായ ബുദ്ധിവൈഭവവും തന്‍റെ പരിമിതികളെ അപ്രസക്തമാക്കിയും അതിലംഘിച്ചും സാധാരണ ജനങ്ങളുമായി സംവദിക്കാനുള്ള കഴിവും ഇഎംഎസ്സിനെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമാക്കി മാറ്റി.
തന്‍റെ പൂര്‍വികരായ മറ്റ് രണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലെ ജനപ്രീതിയില്‍ ക്രമാനുഗതമായ വളര്‍ച്ചയല്ല വിഎസ്സിന്‍റെ കാര്യത്തിലുണ്ടായത്. പൊതുജീവിതത്തിന്‍റെ ഗണ്യമായ കാലമെല്ലാം ജനപ്രീതിയേക്കാള്‍ കൂടുതല്‍ സംഘടനാപാടവത്തിന്‍റെ പേരിലാണ് വിഎസ് ശ്രദ്ധേയനായിരുന്നത്. കടുംപിടിത്തക്കാരനും കാര്‍ക്കശ്യക്കാരനുമായ കമ്യൂണിസ്റ്റ് എന്ന പ്രതിച്ഛായയാണ് പൊതുമണ്ഡലത്തില്‍ രണ്ടായിരമാണ്ട് വരെ വിഎസ്സിനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗ ശൈലി പൊതുജനങ്ങളേക്കാളേറെ ഹാസ്യാനുകരണക്കാരെയാണ് ആകര്‍ഷിച്ചത്. പക്ഷേ, ജീവിതത്തിന്‍റെ വൈകിയ ഒരു ഘട്ടത്തില്‍ കാലത്തിനനുസൃതമായി സ്വയം നവീകരിക്കാനും ഊര്‍ജ്ജസ്വലതയോടെ പുതിയ വെല്ലുവിളികളേറ്റെടുക്കാനും വിഎസ് കാണിച്ച, അതിന് മുമ്പ് കേരളം മറ്റാരിലും ദര്‍ശിച്ചിട്ടില്ലാത്ത സമര്‍പ്പണബോധമാണ് വിഎസ്സിനെ ജനകീയനാക്കി മാറ്റിയത്.
വി എസ് വെട്ടിത്തളിച്ച വഴികൾ
1923 -ല്‍ ജനിച്ച വി എസ് അച്യുതാനന്ദന്‍ 1939 -ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1946 -ല്‍ നടന്ന പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തിലെ അദ്ദേഹത്തിന്‍റെ പങ്കും പങ്കാളിത്തവും ഇനിയും തീര്‍പ്പുകല്പിക്കാത്ത തര്‍ക്ക വിഷയമാണ്. എന്തായാലും അതിന് ശേഷമുള്ള ദീര്‍ഘമായ ഒരു കാലയളവില്‍ അദ്ദേഹം ഒളിവിലും ജയിലിലുമായിരുന്നു.
കേരളം വി എസ് അച്യുതാനന്ദനെ ആദ്യമായി ശ്രദ്ധിക്കുന്നത് കേരള നിയമസഭയിലേക്ക് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പായ 1958 -ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലാണ്. ഇ എം എസ് മന്ത്രിസഭയുടെ നിലനിൽപ്പ് തന്നെ നിർണായകമായിരുന്ന ആ ഉപതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണത്തിന്‍റെ മുഖ്യചുമതലക്കാരനായിരുന്നു വി എസ്. ആ ഉപതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ റോസമ്മ പുന്നൂസ് വിജയിച്ചപ്പോള്‍ വി എസ്സിന്‍റെ സംഘാടനമികവും ശ്രദ്ധിക്കപ്പെട്ടു. അതിന്‍റെ തുടര്‍ച്ചയായി ആലപ്പുഴ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായി വി എസ് ഉയര്‍ത്തപ്പെട്ടു. 1964 -ല്‍ രൂപീകരിക്കാനായി സി പി ഐ കേന്ദ്രകൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ട് പേരില്‍ ഒരാളായപ്പോള്‍ അദ്ദേഹം ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായി.
(മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും മുന്‍ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ഒപ്പം കേരള മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍)
തെരഞ്ഞെടുപ്പുകൾ
1965 -ലായിരുന്നു തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ആദ്യ ചുവട്‍വെപ്പ്. ആദ്യ മത്സരത്തില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസിലെ കെ എസ് കൃഷ്ണകുറുപ്പിനോട് 2,327 വോട്ടിന് പരാജയപ്പെട്ടു. പക്ഷേ, '67 -ലും '70 -ല്‍ വീണ്ടും അമ്പലപ്പുഴയില്‍ നിന്ന് തന്നെ വിജയിച്ച് നിയമസഭയിലെത്തി. '77 -ല്‍ അമ്പലപ്പുഴയില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്‍പിയിലെ കെ കെ കുമാരപിള്ളയോട് പരാജയപ്പെട്ടു.
1980 -ല്‍ കോണ്‍ഗ്രസ് -യുവും കേരളാ കോണ്‍ഗ്രസ് (മാണി) -യും ഉള്‍പ്പെട്ട ഇടതുജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടി. പിരിച്ചുവിടപ്പെട്ട നിയമസഭയിലെ സിപിഎം കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ടി കെ രാമകൃഷ്ണന്‍ മുഖ്യമന്ത്രിയാവുമെന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. ഇ എം എസ്സിന്‍റെ പിന്തുണ ടി കെയ്ക്കാണെന്നത് പരസ്യമായ രഹസ്യവുമായിരുന്നു. പക്ഷേ, അന്ന് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്ന, മലമ്പുഴ നിന്ന് വിജയിച്ച ഇ കെ നായനാരെ മുന്‍നിര്‍ത്തി എം വി രാഘവന്‍റെ നേതൃത്വത്തിലുള്ള അന്നത്തെ കണ്ണൂര്‍ ലോബി ടി കെയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം പൊളിച്ചു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. എം വി രാഘവന് വേണ്ടി നീക്കിവെച്ചിരുന്ന സിപിഎമ്മിന്‍റെ അഞ്ചാമത്തെ മന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചാണ് മറുവിഭാഗം തിരിച്ചടിച്ചത്. എന്തായാലും മലബാറില്‍ നിന്നുള്ള നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ തിരുവിതാംകൂറില്‍ നിന്നുള്ള സെക്രട്ടറിക്ക് വേണ്ടിയുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് വി എസ് അച്യുതാനന്ദനിലാണ്. ഏതെങ്കിലും ഒരു ജില്ലക്കോ പ്രദേശത്തിനോ സിപിഎമ്മില്‍ സമ്പൂര്‍ണാധിപത്യം നടപ്പിലാക്കാന്‍ പറ്റുന്ന കാലമല്ലായിരുന്നു അത്.
പിന്നീട് വി എസ് ശ്രദ്ധേയനാവുന്നത് 1986 -ല്‍ എം വി രാഘവന്‍ ഉയര്‍ത്തിയ ഭീഷണിയെ നേരിടാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ നടത്തിയ മികച്ച പ്രകടനത്തോടെയാണ്. ബദല്‍രേഖ അവതരണത്തെ തുടര്‍ന്ന് എം വി രാഘവനെ സി പി എമ്മില്‍ നിന്ന് പുറത്താക്കി. അദ്ദേഹം സി എം പി രൂപീകരിച്ചപ്പോള്‍, ആ പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ ഇ എം എസ്സിന്‍റെ വലംകയ്യുമായി നിന്ന് സാമം, ദാനം, ഭേദം, ദണ്ഡമെല്ലാം പ്രയോഗിച്ച് വി എസ് കരുത്ത് കാട്ടി. 1987 -ല്‍ ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയപ്പോള്‍ പ്രാദേശിക സാമുദായിക സന്തുലിതാവസ്ഥകള്‍ മുന്നില്‍ കണ്ട് കെ ആര്‍ ഗൗരിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള നീക്കങ്ങളില്‍ പങ്കാളിയായി. നായനാരായിരുന്നു മുഖ്യമന്ത്രി എങ്കിലും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഭരണത്തിന്‍റെ സമ്പൂര്‍ണ നിയന്ത്രണം കൈയ്യിലെടുത്ത് കൂടുതല്‍ ശക്തനായി. അപ്പോഴാണ് മുഖ്യമന്ത്രിയാവാനുള്ള മോഹം ഉടലെടുത്തത്.
മുഖ്യമന്ത്രി മോഹം
ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയവും, മുസ്ലിം ലീഗ്, യു ഡി എഫ് വിട്ട സാഹചര്യവും കണക്കിലെടുത്ത് സുനിശ്ചിതമായ വിജയം മുന്‍നിര്‍ത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി. പക്ഷേ, മുസ്ലിം ലീഗിന്‍റെ യു ഡി എഫിലേക്കുള്ള പെട്ടെന്നുള്ള തിരിച്ചുപോക്കും രാജീവ് ഗാന്ധിയുടെ വധവും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. മാരാരിക്കുളത്ത് നിന്നും വി എസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇടതുപക്ഷ മുന്നണിക്ക് ഭരണം നഷ്ടമായി. തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയായി. അത്രയും കാലത്തെ ഭരണം പാര്‍ട്ടിക്ക് നഷ്ടമായത് വിഎസ്സിനെ മുഖ്യമന്ത്രിയാക്കാനുള്ള അമിതാവേശം മൂലമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇ എം എസ്സുമായുള്ള ബന്ധവും ഈ കാലയളവില്‍ മോശമായി. ഇതിന്‍റെയെല്ലാം ഫലമായി 1992 -ല്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നായനാര്‍ വി എസ്സിനെ പരാജയപ്പെടുത്തി. പിന്നീട് പ്രതിപക്ഷ നേതാവായി.
തെരഞ്ഞെടുപ്പ് പരാജയവും പ്രതികാരവും
എല്ലാ അനുകൂല സാഹചര്യങ്ങളിലുമായിരുന്നു 1996 -ലെ തെരഞ്ഞെടുപ്പ്. പ്രതീക്ഷിച്ചത് പോലെ തന്നെ ഇടതുപക്ഷ മുന്നണി ഭൂരിപക്ഷം നേടി. പക്ഷേ, മുഖ്യമന്ത്രിപദം ഉറപ്പിച്ച് മത്സരിച്ച കേരളത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ഏക സി പി എം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് അന്നുവരെ അധികമാരും കേട്ടിട്ടില്ലാത്ത പി ജെ ഫ്രാന്‍സിസിനോട് 1,965 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. വി എസ്സിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ പരാജയം. അതിനോട് വി എസ് അതിരൂക്ഷമായാണ് പ്രതികരിച്ചത്.
തന്‍റെ പരാജയത്തിന് ഉത്തരവാദികളെന്ന് വി എസ് വിളിച്ച, സി ഐ ടി യു വിഭാഗത്തിന്‍റെ പ്രതിനിധിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച സുശീലാ ഗോപാലനെ അന്നുവരെ ശത്രുവായിരുന്ന നായനാരെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി ഐ ടി യുവിന്‍റെ ഉന്നതനേതാവായ കെ എന്‍ രവീന്ദ്രനാഥിനെ പരാജയപ്പെടുത്താന്‍ ചടയന്‍ ഗോവിന്ദന് പിന്തുണ നല്‍കി. തുടര്‍ന്ന് നടന്ന പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ എം എ ലോറന്‍സ്, കെ എന്‍ രവാന്ദ്രനാഥ് തുടങ്ങിയവരെ വെട്ടിനിരത്തി. എം എൻ ലോറന്‍സിനെ തരംതാഴ്ത്തുകയും, പി ബി ചെറിയാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായിരുന്ന ടി കെ പളനിയെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അങ്ങനെ തന്‍റെ പരാജയത്തിന് കാരണക്കാരെന്ന് കണക്കാക്കപ്പെട്ട മുഴുവന്‍ നേതാക്കളോടും പ്രതികാരം ചെയ്തു. ഈ നീക്കങ്ങളിലെല്ലാം വി എസ്സിനെ പിന്തുണയായി പിണറായി വിജയനും, എം എ ബേബിയും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള സംഘം പ്രവര്‍ത്തിച്ചു. ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വി എസ് ഇടതുപക്ഷമുന്നണി കണ്‍വീനറുമായി.
നെൽവയൽ സമരം
ഈ കാലയളവിലാണ് നെല്‍കൃഷി സംരക്ഷിക്കുന്നതിനുള്ള സമരത്തിന് വി എസ് നേതൃത്വം നല്‍കുന്നത്. വയലുകളും തണ്ണീര്‍ത്തടവും സംരക്ഷിക്കുന്നതിനുള്ള സമരമായിരുന്നെങ്കിലും അതിനെ 'വെട്ടിനിരത്തല്‍' എന്ന് വിശേഷിക്കപ്പെട്ടു. വി എസ്സിനെ പിന്തിരിപ്പനും വികസന വിരുദ്ധനുമായി ചിത്രീകരിക്കാന്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഈ അവസരം ഉപയോഗിച്ചു.
വിജയം പക്ഷേ,
2001 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിഎസ് മത്സരിച്ചു. പക്ഷേ, ഇടതുപക്ഷമുന്നണി ദയനീയമായി തോറ്റു. വിഎസ് തന്നെ കഷ്ടിച്ചാണ് മലമ്പുഴയില്‍ നിന്ന് വിജയിച്ചത്. അന്ന് വി എസ്സിന് 78 വയസ്സാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനുള്ള അവസാനത്തെ അവസരവും ഇല്ലാതായെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, അങ്ങനെ വിശ്വസിക്കാന്‍ വി എസ് തയ്യാറാകാതിരുന്നിടത്താണ് അദ്ദേഹത്തിന്‍റെയും കേരളത്തിന്‍റെയും ചരിത്രം വഴി മാറുന്നത്.
പ്രതിപക്ഷ നേതാവ്
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിന്‍റെ റോള്‍ അദ്ദേഹം തിരുത്തിയെഴുതി. എവിടെയെല്ലാം പരിസ്ഥിതി ലംഘനം, അനധികൃത ഭൂമികയ്യേറ്റം, സ്ത്രീപീഡനം തുടങ്ങിയവ നടക്കുന്നുവോ അവിടെയെല്ലാം പ്രതിഷേധത്തിന്‍റെ പോരാട്ടവീര്യവുമായി, വാര്‍ധക്യം ബാധിക്കാത്ത മനസുമായി വി എസ് ഓടിയെത്തി. എല്ലാ തലത്തിലുമുള്ള അഴിമതിക്കെതിരെയുമുള്ള പോരാട്ടത്തിന്‍റെ മുഖമായി വി എസ് മാറി. ഒരു സാമ്പത്തികശക്തിക്കും സ്വാധീനിക്കാന്‍ കഴിയാത്ത ധാര്‍മ്മികതയുടെ ഉടമയാണ് വി എസ് എന്ന് പൊതുസമൂഹം വിശ്വസിച്ചു. അന്നേവരെ അദ്ദേഹത്തെക്കുറിച്ച് നല്ലതൊന്നും പറഞ്ഞിട്ടില്ലാത്തവര്‍ പോലും അദ്ദേഹത്തെ ആദരവോടെ വീക്ഷിച്ചു. സമൂഹത്തിലെ എല്ലാ ദുഷ്പ്രവണതകള്‍ക്കുമെതിരെ പോരാടുന്ന ഒരു ബിംബമായി വി എസ് മാറി.
വി എസ് - പിണറായി ഗ്രൂപ്പ് പോര്
ഈ കാലയളവിലാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനുമായുള്ള ബന്ധം വഷളാവുന്നത്. കേരളത്തിലെ സി പി എമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ വിഭാഗീയതയായി മാറിയ വി എസ് - പിണറായി ഗ്രൂപ്പ് പോരിന്‍റെ ആരംഭവും അന്നാണ്. വി എസ് അച്യുതാനന്ദന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ നല്‍കുന്നില്ലെന്ന് ഒരു വിഭാഗവും വി എസ് പാര്‍ട്ടിക്ക് അതീതമായി വളരാന്‍ ശ്രമിക്കുന്നുണ്ടെന്ന് മറുഭാഗവും ആക്ഷേപിച്ചു. വി എസ് പിന്തുണയോടെ മലപ്പുറം സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ച പന്ത്രണ്ട് പേരും പരാജയപ്പെട്ടതോടെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം പിണറായിയുടെ കൈയിലായി. വി എസ്സിന് വേണ്ടി യുദ്ധം നടത്തിയവര്‍ ഒന്നൊന്നായി വെട്ടിനിരത്തപ്പെട്ടു. ടി പി ചന്ദ്രശേഖരനെപ്പോലെ ചിലര്‍ പാര്‍ട്ടിക്ക് പുറത്തുപോയി. മറ്റനേകം പേര്‍ നിശബ്ദരാക്കപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയൊന്നും വി എസ് പ്രതികരിച്ചില്ലായെന്ന ആക്ഷേപവുമുണ്ടായി.
ഈ തിരിച്ചടികളൊന്നും വി എസ്സിലെ പോരാളിയെ തകര്‍ത്തില്ല. 'പരാജയം ഭക്ഷിച്ച് ജീവിക്കുന്ന ജീവി' എന്ന എം എന്‍ വിജയന്‍റെ വിശേഷണം വി എസ്സിന് അന്വര്‍ത്ഥമായി. സി പി എമ്മിന്‍റെ ധാര്‍മ്മികമായ പതനത്തെ വി എസ്സിന്‍റെ ഉയര്‍ന്ന ധാര്‍മ്മിക നിലവാരവുമായി ജനം താരതമ്യം ചെയ്തു. പ്രത്യയശാസ്ത്രപരമായി വിരുദ്ധതലങ്ങളില്‍ ഒരേസമയം നിലയുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നവഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന പരിസ്ഥിതി സംരക്ഷണം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റിന്‍റെ പ്രയോഗശാഠ്യങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചില്ല. പക്ഷേ, അതിനെയെല്ലാം വളരെ ഗുണപരമായാണ് പൊതുസമൂഹം വിലയിരുത്തിയത്. പാര്‍ട്ടിക്കുള്ളില്‍ ദുര്‍ബലനാകുമ്പോഴും പൊതുമണ്ഡലത്തില്‍ വി എസ്സിന്‍റെ സ്വീകാര്യത വാനോളമുയര്‍ന്നു. ഈ സ്വീകാര്യതയാണ് 2006 -ലെ തെരഞ്ഞെടുപ്പില്‍ വി എസ്സിനെ മാറ്റിനിര്‍ത്താനുള്ള ഔദ്യോഗിക വിഭാഗത്തിന്‍റെ എല്ലാ ശ്രമങ്ങളെയും നിഷ്ഫലമാക്കിയത്.
മുഖ്യമന്ത്രി
മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും അധികാരം കുറഞ്ഞ ആളായിരുന്നു വി എസ് മറ്റ് വകുപ്പുകളിലോ മന്ത്രിമാരിലോ ഒരു നിയന്ത്രണവുമില്ലാത്ത, സ്വന്തം പേഴ്സണല്‍ സ്റ്റാഫിനെപ്പോലും നിയമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി എസ് ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും അധികാരത്തിന് വേണ്ടി അദ്ദേഹം ഉപേക്ഷിച്ചുവെന്ന പരാതികളും ഉയര്‍ന്നു. ഈ പരിമിതികളെയെല്ലാം വി എസ് അതിജീവിച്ചത് അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ പ്രതിച്ഛായ സൃഷ്ടിച്ചാണ്. മൂന്നാര്‍ ഒഴിപ്പിക്കലും ബാലകൃഷ്ണപിള്ളയെ ജയിലിലടപ്പിച്ചതും, പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലെടുത്ത നിലപാടുമെല്ലാം വി എസ്സിന്‍റെ പ്രതിച്ഛായ വീണ്ടും ഉയര്‍ത്തി. അതാണ് 2011 -ല്‍ വീണ്ടും നടന്ന സീറ്റ് നിഷേധിക്കല്‍ ശ്രമങ്ങളെ അതിജീവിക്കാനും തന്‍റെ പ്രതിച്ഛായയുടെയും പ്രചരണമികവിന്‍റെയും മേന്മയില്‍ മാത്രം ഇടതുപക്ഷ മുന്നണിയെ വിജയത്തിന് തൊട്ടടുത്തുവരെയെത്തിക്കാനും കഴിഞ്ഞത്. 2016 -ൽ വി എസ് ഇല്ലെങ്കില്‍ വിജയിക്കാന്‍ കഴിയില്ലായെന്ന തിരിച്ചറിവ് സി പി എമ്മിനുണ്ടായി.
പ്രവര്‍ത്തന ശൈലി
വി എസ്സിന്‍റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച്. അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് വിരുദ്ധാഭിപ്രായമുള്ളവര്‍ ഏറെയാണ്. അദ്ദേഹം സ്വന്തം താല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുവാനും അവ നേടിയെടുക്കുന്നതിനും വേണ്ടി ആരെയും ബലികൊടുക്കുന്നതിന് ഒരു മനസാക്ഷിക്കുത്തും പ്രകടിപ്പിച്ചിരുന്നില്ലായെന്നും ആക്ഷേപ മുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഭാഷാപ്രയോഗങ്ങളും ആംഗ്യവിക്ഷേപങ്ങളുമെല്ലാം പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവ ആയിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പക്ഷേ, ഇതിനെല്ലാം ഉപരിയായി വി എസ് അച്യുതാനന്ദന്‍ കേരളത്തിന് നല്‍കിയ സംഭാവനകളുണ്ട്. പ്രതിപക്ഷ നേതൃത്വസ്ഥാനത്തെ പ്രകടനമാണ് പ്രാധാന്യമുള്ളത്. അതുപോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. അറുപത് വയസ്സിന് മുന്‍പ് മാനസികമായി വിരമിക്കുന്ന ഒരു ജനതയാണ് മലയാളി. പിന്നീട് പുതുതായി എന്തെങ്കിലും നേടാനോ വെട്ടിപ്പിടിക്കാനോ കഴിയുമെന്ന് വിശ്വസിക്കാത്ത ജനത. രാഷ്ട്രീയക്കാര്‍ കുറച്ചുകാലം കൂടി മാനസികമായി സജീവമായേക്കാം. പക്ഷേ, എഴുപത്തിയെട്ടാം വയസ്സില്‍ തനിക്കിനിയും നേടാനുണ്ടെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി സ്വയം നവീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യാന്‍ അച്യുതാനന്ദന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
2001 -ല്‍ വി എസ്സിന്‍റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിരുന്നെങ്കില്‍ അദ്ദേഹം കേരള ചരിത്രത്തില്‍ ഒരടിക്കുറിപ്പ് പോലുമാകുമായിരുന്നില്ല. അവിടെ നിന്നും ഇന്നത്തെ ഉന്നതമായ നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞത് കാലത്തെയും പ്രായത്തെയും വെല്ലുവിളിച്ച പ്രവര്‍ത്തനങ്ങളാണ്. ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കാന്‍ പ്രായം ഒരു പരിധിയോ, പരിമിതിയോ അല്ലെന്ന പാഠമാണ് വി എസ് സ്വന്തം ജീവിതം കൊണ്ട് മലാളിക്ക് നല്‍കിയത്. അനന്തമായ പോരാട്ടമായിരുന്നു വി എസ്സിന്‍റെ ജീവിതം. പാര്‍ട്ടിയുടെ ശത്രുക്കളോട്, പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളോട്, തന്‍റെ ആശയങ്ങള്‍ക്ക്, ലക്ഷ്യങ്ങള്‍ക്ക് എതിരുനിന്ന എല്ലാറ്റിനോടും എല്ലാവരോടുമുള്ള, എന്തിന് കാലത്തോടും പ്രായത്തോടും പോലുമുള്ള പോരാട്ടമായിരുന്നു വി എസ്സിന്‍റെ ജീവിതം. അവിടെ ചവിട്ടിയമര്‍ത്തപ്പെട്ടവരുണ്ടാകാം, മുറിവേറ്റവരുണ്ടാകാം, വെട്ടിനിരത്തപ്പെട്ടവരുണ്ടാകാം. പക്ഷേ, വി എസ് ലക്ഷ്യം മാത്രമേ കണ്ടുള്ളൂ. വിട വാങ്ങുന്നത് ആ അടങ്ങാത്ത പോരാട്ട വീര്യമാണ്.