യുദ്ധ - ഭരണകൂട താത്പര്യങ്ങളിൽ ആശങ്കയായി ലോക നീതി

Published : Jul 17, 2025, 09:19 PM IST
 War and authoritarian interests Global justice as a concern

Synopsis

ലോക നീതി ഇന്ന് ആശങ്കാജനകമാം വിധം സങ്കീർണ്ണമാണ്. അന്താരാഷ്ട്രാ കോടതിയെ നോക്കുകുത്തിയാക്കി യുദ്ധം തുടരുന്നതിലാണ് പല രാഷ്ട്ര തലവന്മാര്‍ക്കും താത്പര്യം. 

 

"നീതി എന്നാൽ തെറ്റിനും ശരിക്കും ഇടയിൽ നിഷ്പക്ഷത പാലിക്കുന്നതിലല്ല, മറിച്ച് ശരി കണ്ടെത്തി അതിനെ ഉയർത്തിപ്പിടിക്കുന്നതിലാണ്."   - തിയോഡോർ റൂസ്‌വെൽറ്റ്.

 

നീതി എന്ന രണ്ടക്ഷരം ഒരു ചെറിയ വാക്കല്ല. ഏറെ അര്‍ത്ഥ വ്യാപ്തിയുണ്ടതിന്. മനുഷ്യനും അവനൊപ്പം ജീവിക്കുന്ന അനേകം ജീവി വര്‍ഗങ്ങൾക്കും ഒരു പോലെ നീതിയെന്നത് അസാധ്യമാണെങ്കിലും ദുരന്തമുഖത്തെ മനുഷ്യനെങ്കിലും നീതി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ 2025-ലെ അന്താരാഷ്ട്രാ നീതിന്യായ ദിനസമായി ഇന്ന് കൊണ്ടാടുമ്പോൾ നീതിയെന്നത് ഏറ്റവും കുറഞ്ഞത് ലോകമെങ്ങും മനുഷ്യന് ലഭിക്കേണ്ട നീതി പോലും സാധാരണ മനുഷ്യന് അസാധ്യമായ അകലത്തിലാണെന്ന് കാണം.

എല്ലാ വര്‍ഷവും ജൂലൈ 17 -ാണ് അന്താരാഷ്ട്ര നീതി ദിനമായി ആഘോഷിക്കുന്നത്. 1998-ൽ റോം സ്റ്റാറ്റിയൂട്ട് അംഗീകരിച്ചതിന്‍റെ ഓർമ്മയ്ക്കാണ് ഈ ദിനം ലോക നീതി ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) സ്ഥാപിച്ചത് ഈ അംഗീകാരത്തിന് പിന്നാലെയായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ച് (2002 -ല്‍ ) 23 വ‍ർഷത്തിന് ശേഷം തിരിഞ്ഞ് നോക്കുമ്പോൾ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നത് ഒരു നോക്കുകുത്തിയാണെന്ന് കാണാം. പ്രത്യേകിച്ചും ലോകം ഭരിക്കുന്നവരെ സംബന്ധിച്ചെങ്കിലും.

ഇക്കാലത്തിനിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് റോഡ്രിഗോ ദുത്തെർത്തെ (Rodrigo Duterte). രാജ്യത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ നടപടികൾക്കിടെ ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്ന നിലയ്ക്കായിരുന്നു അറസ്റ്റ്. അതിന് ആ രാജ്യത്തെ ഭരണകൂടത്തിന്‍റെ മൗനാനുവാദവും ഉണ്ടായിരുന്നു. അതേ സമയം അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരുടെ കൂട്ടത്തില്‍ റഷ്യന്‍ പ്രസിഡന്‍റ വ്ലാദിമിര്‍ പുടിനും, ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹുവും താലിബാന്‍ സുപ്രീം കമാന്‍റ‍ർമാരും ഉൾപ്പെടുന്നു. തങ്ങളുടെ സുഹൃത്ത് രാജ്യങ്ങളിലേക്ക് അല്ലാതെ പറന്നിറങ്ങിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്തില്‍ പുടിന്‍ അതിന് മുതിരാറില്ല. എന്നാല്‍, നെതന്യാഹു ഗാസയിലും യെമനിലും ഇറാനും കൂട്ടക്കൊലകൾ തുടരുമ്പോഴും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിച്ച യുഎസിൽ പറന്നിറങ്ങുന്നു. ലോകം ഭരിക്കുന്നവരെ ഒന്ന് തോടാന്‍ പോലും അന്താരാഷ്ട്രാ ക്രിമിനൽ കോടതിയ്ക്ക് കഴിയുന്നില്ലെന്ന് കാണാം.

2024 -ലെ ലോക നീതിയെ കുറിച്ചുള്ള ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പഠന റിപ്പോര്‍ട്ടില്‍ അല്പമെങ്കലും ആശ്വസിക്കാനുള്ള ഒരു പേരായി പറയുന്നത് ദക്ഷിണാഫ്രിക്കയുടേതാണ്. ഇസ്രയേലിന്‍റെ പശ്ചിമേഷ്യയിലെ കൂട്ടക്കുരുതിക്ക് എതിരെ പ്രമേയം കൊണ്ടുവരാന്‍ ഉറച്ച തീരുമാനം എടുത്തതിന്‍റെ പശ്ചാലത്തിലാണ് ഈ തെരഞ്ഞെടുപ്പ്. എന്നാൽ ആ റിപ്പോര്‍ട്ടിൽ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം സ്വര്‍ണ്ണ ഖനികളില്‍ കുടുക്കി കൊലപ്പെടുത്തിയ മനുഷ്യരെ കുറിച്ച് പറയുന്നില്ലെന്നും കാണാം. ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോപത്തിന് നേരെ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 1,000 -ത്തോളം പേര്‍, മൊസാംബിക്കിലെ സൈന്യം ഇല്ലാതാക്കിയത് 277 പേരെ, തുര്‍ക്കി അടിച്ചമര്‍ത്തിയ പ്രതിഷേധങ്ങൾ, ഇറാനിലെ ഹിജാബ് പ്രതിഷേധത്തിനിടെ മരിച്ച നൂറുകണക്ക് മനുഷ്യര്‍, ചൈന ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു കോടിയോളം വരുന്ന ഉയ്ഗർ മുസ്ലീങ്ങളും ടിബറ്റുകാരും. ഗാസയിലും യുക്രൈനിലും മരിച്ച് വീഴുന്നവര്‍, സുഡാനിലെ ലൈംഗീകാതിക്രമങ്ങളും യുദ്ധക്കുറ്റങ്ങളും.... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനീതിക്കിടയിലൂടെ ലോകം മുന്നോട്ട് നീങ്ങുന്നു.

ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പഠന റിപ്പോര്‍ട്ടില്‍ ട്രംപ്, യുഎസ് എയ്ഡ് നിര്‍ത്തിയതിന് പിന്നാലെ സുഡാനിലും സിറിയയിലും അഫ്ഗാനിലും മറ്റനേകം ആഫ്രിക്കന്‍ രാജ്യങ്ങളിലും മരിച്ച് വീഴുന്ന നിസഹായരെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. യുഎസ് എയ്ഡ് ജീവന്‍ നിലനിര്‍ത്തിയിരുന്ന ലോകമെങ്ങുമുള്ള മനുഷ്യര്‍. ഒറ്റ ദിവസം കൊണ്ട്. യുഎസ് പ്രസിഡന്‍റിന്‍റെ ഒറ്റ തീരുമാനത്തില്‍ ജീവശ്വാസം നിലച്ച് പോയവര്‍. ലോക നീതി ആശങ്കാജനകമാം വിധം ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.

 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം