Latest Videos

ഇരുപതുകാരന്‍, ആരോഗ്യ ദൃഢഗാത്രനായ കാട്ടുകൊമ്പന്‍, എന്നിട്ടും തണ്ണീര്‍ കൊമ്പന് സംഭവിച്ചതെന്ത് ?

By Sravan KrishnaFirst Published Feb 3, 2024, 4:17 PM IST
Highlights

ഒടുവില്‍, പേരില്‍ മാത്രം 'തണ്ണീര്‍' അവശേഷിപ്പിച്ച് വെള്ളം കിട്ടാതെ നിര്‍ജ്ജലീകരണം സംഭവിച്ചാണോ തണ്ണീര്‍ കൊമ്പന്‍റെ മരണം?  തണ്ണീര്‍ കൊമ്പന് സംഭവിച്ചതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടർ ശ്രാവണ്‍ കൃഷ്ണ എഴുതുന്നു. 


ര്‍ണ്ണാടകയിലെയും തമിഴ്നാട്ടിലെയും ഇലപൊഴിക്കും കാടുകളില്‍ നിന്ന് ആനക്കൂട്ടങ്ങള്‍ കേരളത്തിലെ നിത്യഹരിത വനങ്ങളിലേക്ക് കുടിയേറുന്ന കാലമാണ്. ഈ സമയത്താണ് തണ്ണീര്‍ കൊമ്പന്‍ എന്ന് പേരായ ഒരാന കർണ്ണാടകയില്‍ നിന്ന്  വയനാട്ടിലേക്ക് കടന്നുവന്നതും. ഏതാണ്ട് രണ്ട് ദിവസത്തെ തീവ്രശ്രമത്തിനൊടുവില്‍ തണ്ണീര്‍ കൊമ്പനെ പിടികൂടി. വനംവകുപ്പിന്‍റെ ദൌത്യം വിജയകരമായി പൂര്‍ത്തികരിച്ചു. പക്ഷേ... അവന്‍റെ ജീവന്‍ നഷ്ടമായി. 

തണ്ണീർ കൊമ്പന് സംഭവിച്ചതെന്താണ്? ഇരുപത് വയസ്സിനടുത്ത് പ്രായമുളള, ആരോഗ്യവാനായ ആ കാട്ടുകൊമ്പന്‍റെ ജീവനെടുത്തത് എന്താണ്?

നിർജലീകരണവും ദിവസങ്ങളുടെ ഇടവേളയിലെ മയക്കുവെടികളും തണ്ണീർ കൊമ്പന്‍റെ ജീവന് ഭീഷണിയായെന്നാണ് അനുമാനം. കുങ്കിയാനകളുമായി ഏറ്റുമുട്ടേണ്ടി വന്നതും അവനെ ക്ഷീണിതനാക്കി. മയക്കുവെടിവച്ച ശേഷം തണുപ്പിക്കുന്നത് ഉൾപ്പെടെ നടപടികളിലെ വീഴ്ചയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നു. അതേ സമയം തണ്ണീര്‍ കൊമ്പന്‍റെ മരണത്തില്‍ സംശയങ്ങളും അനുമാനങ്ങളുമാണ് ഏറെയുള്ള്. 

നിര്‍ജ്ജലീകരണവും മയക്കുവെടികളും 

17 ദിവസത്തിനിടെ രണ്ട് തവണയാണ് തണ്ണീർ കൊമ്പന് മയക്കുവെടിയേറ്റത്. ബേലൂരിലും മാനന്തവാടിയിലും വച്ച്. കൂടാതെ പല തവണ ബൂസ്റ്റർ ഡോസ് നൽകി അവനെ മയക്കാന്‍ ശ്രമിച്ചു. ഒരു ആനയ്ക്ക് താങ്ങാവുന്നതിലധികമായോ അത്?

മതിയായ വെളളം കിട്ടാത്തത് ആനയുടെ ആരോഗ്യം മോശമാക്കിയെന്നാണ് ഒരു നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മാനന്താവാടി പുഴ കടന്ന് തണ്ണീർ കൊമ്പൻ നഗരത്തിലേക്ക് കടക്കുന്നത്. പിന്നീട് നിലയുറപ്പിച്ചതാകട്ടെ ജലസ്രോതസുകളില്ലാത്ത സ്ഥലത്തും. ഇടയ്ക്ക് വെള്ളം തേടി പുഴയുള്ള ഭാഗത്തേക്ക് നീങ്ങാന്‍ അവന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. പടക്കങ്ങള്‍ ഉപയോഗിച്ച് അവന്‍റെ പുഴയിലേക്കുള്ള യാത്ര തടസപ്പെടുത്തി. 

ഓര്‍ക്കുക ഒരു ദിവസം അറുപത് ലിറ്ററോളം വെളളം കുടിക്കുന്ന ജീവിയാണ് ആന. ശരീരത്തില്‍ വിയർപ്പുഗ്രന്ഥികൾ നഖത്തിനും ചുറ്റും മാത്രമുളള വന്യമൃഗം. ഏറെ നേരം, അതും വെയിലത്ത്, വെള്ളം കിട്ടാതെ നിലയുറപ്പിച്ചാല്‍ ആനയ്ക്കായാലും നിര്‍ജ്ജലീകരണം സംഭവിക്കും. ക്ഷീണവും ചൂടും തണ്ണീര്‍കൊമ്പനെ തളര്‍ത്തിയെന്നാണ് ഒരു അനുമാനം. ചൂട് മറികടക്കാനാകണം തണ്ണീര്‍ കൊമ്പന്‍ ഇടയ്ക്കിടയ്ക്ക് പൊടിമണ്ണ് വാരി ശരീരത്തിടുന്നുണ്ടായിരുന്നു. ആനകള്‍ തങ്ങളുടെ  ശരീരം തണുപ്പിക്കുന്ന ഒരു രീതിയാണത്. 

 

മയക്കുവെടി മരുന്നായ സൈലസൈൻ ഹൈഡ്രോക്ലോറൈഡ് ശരീര ഊഷ്മാവ് കൂട്ടുന്ന ഒന്നാണ്. ശരീരോഷ്മാവ് കൂടുന്നതിനാല്‍ മയക്കുവെടിവച്ച ആനയെ വെളളമൊഴിച്ച് തണുപ്പിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലത്തിന്‍റെ പ്രോട്ടോക്കോളിലുണ്ട്.  ആവശ്യത്തിന് വെളളം കിട്ടാതിരിക്കുകയും മയക്കുവെടിയേൽക്കുകയും ചെയ്ത തണ്ണീർ കൊമ്പന്‍റെ കാര്യത്തിൽ പക്ഷേ അത്തരമൊരു നടപടിയുണ്ടായില്ലെന്നും വിമർശനമുയരുന്നു. 

അങ്ങനെ ശാരീരികമായി ഏറെ ദുർബലനായ ആനയെ, ദിവസങ്ങൾക്കിടെ തുടർച്ചയായി കുങ്കികൾ കൈകാര്യം ചെയ്തു. കുങ്കിയാനകളെ തണ്ണീര്‍കൊമ്പനെതിരെ ഉപയോഗിച്ച് രീതിയും വിമര്‍ശിക്കപ്പെടുന്നു. മസ്തകം കൊണ്ട് തള്ളിയാണ് സാധാരണ കുങ്കിയാനകള്‍ ഇത്തരത്തില്‍ പിടികൂടുന്ന ആനകളെ വാഹനങ്ങളിലേക്ക് കയറ്റുന്നത്. എന്നാല്‍ തണ്ണീര്‍ കൊമ്പനെ മസ്തകത്തിന് പകരം കുങ്കിയാനകളുടെ കൊമ്പ് ഉപയോഗിച്ച് കുത്തി വേദനിപ്പിച്ചാണ് വാഹനത്തില്‍ കയറ്റിയത്. ഇതും ആനയ്ക്ക് ഭീഷണിയായെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. തണ്ണീര്‍ കൊമ്പന്‍റെ പുറം കാലിന് മുകളിലെ മുഴ പെല്ലറ്റ് കൊണ്ട് ഉണ്ടായതാണോ എന്നും സംശയിക്കുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ തണ്ണീര്‍ കൊമ്പനുണ്ടായിരുന്നോ എന്ന് അറിയണമെങ്കില്‍ ആന്തരികാവയവ പരിശോധന കഴിയണം. 

ഒടുവില്‍, പേരില്‍ മാത്രം തണ്ണീര്‍ അവശേഷിപ്പിച്ച് വെള്ളം കിട്ടാതെ നിര്‍ജ്ജലീകരണം സംഭവിച്ചാണോ തണ്ണീര്‍ കൊമ്പന്‍റെ മരണം? അതിനുള്ള ഉത്തരത്തിനായി പോസ്റ്റ്മോര്‍ട്ടം കഴിയും വരെ കാക്കണം. 

click me!