
ജീവിതം ചില മനുഷ്യർക്ക് മുന്നിൽ വൻമതിലുകൾ ഉയർത്താറുണ്ട്. എന്നാൽ, ആ മതിലുകൾക്ക് മുകളിലൂടെയും സ്വപ്നങ്ങളുടെ ചിറകടിച്ച് ഉയരുന്ന ചില മനുഷ്യരുണ്ട്. സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന അപൂർവ്വ ജനിതക ന്യൂറോമസ്കുലാർ രോഗം ശരീരത്തെ വീൽചെയറിലേക്ക് തളച്ചിട്ടപ്പോഴും, തന്‍റെ മനസ്സിനെയും സ്വപ്നങ്ങളെയും തളർത്താൻ വിട്ടുകൊടുക്കാതിരുന്ന അഖിൽ ജോസഫ് എന്ന ചെറുപ്പക്കാരൻ അത്തരമൊരു അത്ഭുതമാണ്. വീടിന്‍റെ നാലുചുമരുകൾക്കുള്ളിൽ വെറും 2,000 രൂപ മൂലധനവുമായി തുടങ്ങിയ കൊച്ചു സ്വപ്നം, ഇന്ന് മുപ്പതിലധികം ആളുകൾക്ക് തണലാകുന്ന 'ടെക്നോബഗ് നെറ്റ്‌വർക്ക്' എന്ന ഡിജിറ്റൽ സാമ്രാജ്യമായി വളർന്നു നിൽക്കുമ്പോൾ അത് വെറുമൊരു വിജയകഥയല്ല, മറിച്ച് പ്രത്യാശയുടെയും അതിജീവനത്തിന്‍റെയും ജീവിക്കുന്ന ഉദാഹരണമാണ്.
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ കൊല്ലംപറമ്പിൽ കെ.എം.ജോസഫിന്‍റെയും ഫിലോ ജോസഫിന്‍റെയും മകനാണ് അഖിൽ ജോസഫ്. ശാരീരിക ബുദ്ധിമുട്ടുകൾ ചുറ്റുമുള്ള ലോകത്തെ ചെറുതാക്കിയപ്പോഴും അഖിലിന്‍റെ ചിന്തകൾ അതിരുകളില്ലാത്തതായിരുന്നു. പത്ത് വർഷങ്ങൾക്ക് മുൻപ്, സ്വന്തം മുറിയിലിരുന്ന് ഒരു ചെറിയ ടെക്നോളജി ബ്ലോഗായി ആരംഭിച്ച സംരംഭമാണ് ഇന്ന് ഡിജിറ്റൽ ലോകത്ത് തന്‍റെതായ മുദ്ര പതിപ്പിച്ച ടെക്നോബഗ് നെറ്റ്‌വർക്കായി മാറിയത്. ഡിജിക്രാഫ്റ്റ് സൊല്യൂഷൻസ്, ആൻഡ്രോയ്ഡ് ഡെൻ, ഗാഡ്ജറ്റ്സ് കമ്പാനിയൻ, സ്പോർട്ടിംഗ് അവന്യൂ, ഓട്ടോബഗ്, ബഗ്ഗിംഗ് എക്സ് അക്കാദമി തുടങ്ങി നിരവധിയായ ഡിജിറ്റൽ ഇക്കോസിസ്റ്റമായി ആ പ്രസ്ഥാനം ഇന്ന് വളർന്നു.
“സ്വപ്നങ്ങൾക്ക് പരിധികൾ എവിടെയാണ്?” എന്ന് അഖിൽ ചോദിക്കുമ്പോൾ അതിൽ പതറാത്ത ആത്മവിശ്വാസത്തിന്‍റെ കരുത്തുണ്ട്. സ്വന്തം വിജയത്തിൽ മാത്രം സംതൃപ്തനാകാൻ അഖിൽ തയ്യാറായിരുന്നില്ല. താൻ നടന്നുവന്ന കഠിന യാഥാർത്ഥ്യങ്ങൾ നിറഞ്ഞ വഴികൾ മറ്റുള്ളവർക്ക് മുന്നിൽ തടസ്സമാകരുതെന്ന ചിന്ത അഖിലിനെ ഒരു മികച്ച സാമൂഹിക പ്രവർത്തകനും മെന്‍ററുമാക്കി മാറ്റി.
“കഴിവുകൾ എല്ലാവർക്കുമുണ്ട്. ശരിയായ അവസരങ്ങൾ എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് അവയെ പിന്നിലേക്ക് പിടിക്കുന്നത്” എന്ന അഖിലിന്‍റെ തിരിച്ചറിവാണ് ഈ യാത്രയെ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. തനിക്ക് ലഭിച്ച വെളിച്ചം മറ്റുള്ളവരിലേക്ക് പകരണമെന്ന ആഗ്രഹത്തോടെ, ഭിന്നശേഷിക്കാരായ മറ്റുള്ളവർക്കും കൈത്താങ്ങാകാൻ അഖിൽ മുന്നോട്ടുവന്നു.
ഇന്ന് പതിനഞ്ച് ഭിന്നശേഷിക്കാർ ഉൾപ്പെടെ മുപ്പതിലധികം പേരാണ് ടെക്നോബഗിലൂടെ ഡിജിറ്റൽ മേഖലയിലേക്ക് കടന്നുവന്നത്. ഏഴ് അംഗങ്ങളുള്ള അഖിലിന്‍റെ പ്രധാന ടീമിൽ മൂന്ന് പേരും ഭിന്നശേഷിക്കാരാണ് എന്നത് ഈ സംരംഭത്തിന്‍റെ മാനവികത വെളിവാക്കുന്നു. മുന്നേറുന്നെങ്കിൽ അത് വീണുപോയവരെയും ഒപ്പം കൂട്ടിയെന്ന് അഖിൽ പറയുന്നു. വെറും ജോലി നൽകുന്നതിനപ്പുറം, MIND ട്രസ്റ്റിനോടും തിരുവനന്തപുരം സർഗശ്രീ കുടുംബശ്രീയോടും സഹകരിച്ച് ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ സാക്ഷരത, സാങ്കേതിക പരിശീലനം തുടങ്ങിയ മേഖലകളിൽ നിരവധി പേർക്കാണ് അഖിൽ പിന്തുണ നൽകിയത്. പരിശീലനം നൽകി അവസാനിപ്പിക്കാതെ, അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണ നൽകി ആത്മവിശ്വാസത്തോടെ ഒപ്പം നിൽക്കുകയാണ് അഖിൽ.
ഒരു മോഹൻലാൽ ആരാധകൻ കൂടിയായ അഖിൽ, തന്നിലെ സംരംഭകനെയും മെന്‍ററെയും കണ്ടന്‍റ് ക്രിയേറ്ററെയും സാമൂഹിക പ്രവർത്തകനെയുമെല്ലാം ഒരേപോലെ ചേർത്തുപിടിക്കുന്നു. ശരീരത്തിന്‍റെ പരിമിതികൾക്ക് ചിറകുകളെ ബന്ധിക്കാൻ കഴിയില്ലെന്നും, നിശ്ചയദാർഢ്യവും സഹജീവി സ്നേഹവുമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്നും അഖിൽ ജോസഫ് തന്‍റെ ജീവിതം കൊണ്ട് തെളിയിക്കുന്നു.