ഗോവയില്‍ പൊളിഞ്ഞ വിമതനീക്കം; രണ്ട് നാള്‍ നീണ്ട രാഷ്ട്രീയ നാടകത്തിന്റെ അണിയറക്കഥകള്‍

By Sreenath ChandranFirst Published Jul 12, 2022, 6:26 PM IST
Highlights

പാര്‍ട്ടിയുടെ അന്ത്യം പ്രവചിച്ചിടത്ത് നിന്നാണ് 40 അംഗ സഭയില്‍ അത്രയെങ്കിലും നേടാനായത്. വീണ്ടുമൊരിക്കല്‍ കൂടെ പാര്‍ട്ടിയുടെ അടിവേര് തോണ്ടാനുള്ള ശ്രമമാണ് ഗോവയില്‍ ആരംഭിച്ച് ലക്ഷ്യം കാണാതെ പരാജയപ്പെട്ട് പോവുന്നത്

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം താത്കാലിക ആശ്വാസം മാത്രമാണ് ഇപ്പോഴത്തെ വിജയം. എട്ട് പേരെന്ന സംഖ്യയിലേക്ക് എത്താനാവാത്തത് കൊണ്ട് മാത്രം പരാജയപ്പെട്ട് പോയ വിമതനീക്കം. എന്നും ആ ഭയപ്പാട് നേതൃത്വത്തിന് മുന്നിലുണ്ടാവും. ഒന്നില്‍ നിന്ന് തുടങ്ങി കയറി വരാനുള്ള ശ്രമത്തിലാണ് ഗോവയില്‍ പാര്‍ട്ടി ഇപ്പോള്‍.  ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ ഒരുപക്ഷെ ബിജെപിക്ക് എതിരാളി ഇല്ലാത്ത സംസ്ഥാനമായി ഗോവ മാറും. 

 

മൈക്കള്‍ ലോബോ

 

വലിയ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളൊന്നും ബാധകമല്ലാത്ത ഒരുകൂട്ടം രാഷ്ട്രീയക്കാരാണ് ഗോവയിലേതെന്ന് പറയാം. കൂറുമാറ്റം പതിവ് കാഴ്ചപോലെയായ സംസ്ഥാനം. 2019-ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവലേക്കര്‍ 9 കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപിയിലേക്ക് പോയി. അതിന് മുന്‍പും പിന്‍പും കൂറുമാറ്റങ്ങളുണ്ടായിട്ടുണ്ട്. ആ  പ്രതിസന്ധി അതിജീവിച്ചാണ് ഭൂരിഭാഗം പുതുമുഖങ്ങളെ അണിനിരത്തി 11 സീറ്റെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. പാര്‍ട്ടിയുടെ അന്ത്യം പ്രവചിച്ചിടത്ത് നിന്നാണ് 40 അംഗ സഭയില്‍ അത്രയെങ്കിലും നേടാനായത്. വീണ്ടുമൊരിക്കല്‍ കൂടെ പാര്‍ട്ടിയുടെ അടിവേര് തോണ്ടാനുള്ള ശ്രമമാണ് ഗോവയില്‍ ആരംഭിച്ച് ലക്ഷ്യം കാണാതെ പരാജയപ്പെട്ട് പോവുന്നത്  ALso Read :  ഗോവയിൽ അയയാതെ കോൺഗ്രസ് നേതൃത്വം; അനുനയ നീക്കവുമായി മൈക്കൽ ലോബോ

പാര്‍ട്ടിയെ പിളര്‍ത്തുന്ന പ്രതിപക്ഷ നേതാവ് 
 
വടക്കന്‍ ഗോവയിലെ കരുത്തനായ ബിജെപി നേതാവായിരുന്നു മൈക്കള്‍ ലോബോ. ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രി. ഭാര്യ ദലൈലയ്ക്ക് സീറ്റ് നല്‍കാന്‍ ബിജെപി വിസമ്മതിച്ചതോടെയാണ് കോണ്‍ഗ്രസിലേക്ക് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യയും ഭര്‍ത്താവും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് കയറി. പക്ഷെ പാര്‍ട്ടിക്ക് അധികാരം കിട്ടിയില്ല. ലോബോ ബിജെപിയിലേക്ക് മടങ്ങാനുള്ള സാധ്യത അന്ന് തന്നെ പലരും പ്രവചിച്ചു. പക്ഷെ ലോബോയെ പ്രതിപക്ഷ നേതാവാക്കി കോണ്‍ഗ്രസ് ഒരു നീക്കം നടത്തി. മുതിര്‍ന്ന നേതാവായ ദിഗംബര്‍ കാമത്തിനെ തഴഞ്ഞായിരുന്നു ഇത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പഴിമുഴുവന്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായ തനിക്ക് കേള്‍ക്കേണ്ടി വന്നെന്ന പരിഭവത്തിലായിരുന്നു കാമത്ത്. അതിനിടെയാണ് കാമത്തിന് മുകളില്‍ പഴയ ബിജെപിക്കാരനെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി പ്രതിഷ്ഠിച്ചത്. പ്രതിപക്ഷ നേതാവെങ്കിലും പ്രതിപക്ഷത്ത് ഇരുന്ന് കാലാവധി തികയ്ക്കാനല്ലായിരുന്നു ലോബോയുടെ പദ്ധതി. പാലം വലിച്ചാല്‍ ദിഗംബര്‍ കാമത്തും ഒപ്പമുണ്ടാകുമെന്ന സൂചന കിട്ടിയതോടെയാണ് വിമത നീക്കം ലോബോ തുടങ്ങിയത്

പിളര്‍പ്പ് എളുപ്പമെന്ന് കരുതി; പക്ഷെ പാളി

ബിജെപിയിലേക്ക് പോവണം. മൂന്നില്‍ രണ്ട് എംഎല്‍എമാരുണ്ടെങ്കില്‍ കൂറ് മാറ്റ നിയമ പരിധി മറികടന്ന് ബിജെപിയില്‍ ചേരാം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരുമ്പോള്‍ പുതിയ ഗ്രൂപ്പായി മാറാം. ഇതായിരുന്നു കണക്ക് കൂട്ടല്‍. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളില്‍ കണ്ടപോലെ അതീവ രഹസ്യമായൊരു നീക്കമായിരുന്നു ലോബോ ഉദ്ദേശിച്ചത്. Also Read : 'ബിജെപി‌യിൽ ചേരാൻ എംൽഎമാർക്ക് വാ​ഗ്ദാനം 40 കോടി'; ആരോപണവുമായി കോൺ​ഗ്രസ് നേതാവ്

അവിടെയാണ് ആദ്യ തിരിച്ചടി. രഹസ്യമാക്കണമെന്ന് കരുതിയതെല്ലാം പതിയെ പരസ്യമായി. ശനിയാഴ്ച ഒരു ദേശീയ പത്രം വിമത നീക്കത്തെക്കുറിച്ച് വിശദമായി തന്നെ വാര്‍ത്ത നല്‍കി.  കോണ്‍ഗ്രസില്‍ ഭൂരിഭാഗവും ആദ്യമായി സഭയിലെത്തിയവരാണ്. അവരില്‍ ചിലര്‍ നേതൃത്വത്തെ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നു. ശനിയാഴ്ച ഗോവയില്‍ നിന്ന് മടങ്ങേണ്ടിയിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു യാത്ര റദ്ദാക്കി ഗോവയില്‍ തുടര്‍ന്നു. എംഎല്‍എമാരുടെ യോഗം വിളിച്ചു. ദിഗംബര്‍ കാമത്ത് ഒഴികെ എല്ലാവരും പങ്കെടുത്തു. താനടക്കം 8 എംഎല്‍എമാരെ തയ്യാറാക്കി നിര്‍ത്തിയിരുന്ന ലോബോ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ ആ യോഗത്തിനുമെത്തി. ഞായറാഴ്ച വൈകീട്ട് പിസിസി ആസ്ഥാനത്ത് എംഎല്‍എമാരെ അണി നിരത്തി വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ഗുണ്ടുറാവു തീരുമാനിച്ചു. 

ഇനി കാത്തിരിക്കാനാവില്ലെന്ന് കരുതിയ ലോബോ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാതെ മൂന്ന് എംഎല്‍എമാരെ കൂട്ടി മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ വസതിയിലേക്ക് പോയി. ഒപ്പമുള്ളവര്‍ പുറകെയെത്തുമെന്ന് കരുതി. വടക്കന്‍ ഗോവയില്‍ നിന്നുള്ള ഒരു എംഎല്‍എ അവസാന നിമിഷം കാലുമാറി. കൂറ് മാറ്റം പ്രതീക്ഷിച്ച മറ്റൊരു എംഎല്‍എ പിസിസി ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിനെത്തി. രാത്രി കോണ്‍ഗ്രസ് നേതൃത്വം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തില്‍ അദ്ദേഹം പെട്ടുപോവുകയും ചെയ്തു. ചുരുക്കത്തില്‍ 8 പേരെ പ്രതീക്ഷിച്ച ലോബോയ്‌ക്കൊപ്പം 6 പേര്‍ മാത്രമെന്നായി. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ രാജേഷ് ഫല്‍ദേശായി എന്ന എംഎല്‍എ കൂടി കാലുമാറി. തലേന്ന് പ്രമോദ് സാവന്ദിന്റെ വസതിയില്‍ ലോബോയ്‌ക്കൊപ്പം പോയ ആളാണ് ഫല്‍ദേശായി. പദ്ധതി പാളി എന്നറിഞ്ഞതോടെ നിയമസഭാ സമ്മേളനത്തിന് ലജ്ജ നിറഞ്ഞ ചിരിയുമായി ലോബോയ്ക്ക് വരേണ്ടി വന്നു. Also Read : ഗോവ കോണ്‍ഗ്രസിൽ വീണ്ടും പ്രതിസന്ധി? എംഎൽഎമാര്‍ ബിജെപിയിലേക്ക് ചാടുമെന്ന് അഭ്യൂഹം

കടുപ്പിച്ച് കോണ്‍ഗ്രസ് 

കഴിഞ്ഞ നിയമസഭയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറ് മാറിയതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ജയിച്ച് വന്ന 11-ല്‍ ഏഴു പേരും പുതുമുഖ എംഎല്‍എമാര്‍. ഇവരെ അടര്‍ത്തിയെടുക്കുക അത്ര എളുപ്പമല്ലെന്ന പാഠമാണ് മൈക്കള്‍ ലോബോയ്ക്ക് വിമത നീക്കം നല്‍കിയ പാഠം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരോപിക്കുന്നത് പ്രകാരം ഞായറാഴ്ച കൂറ് മാറിയ എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ മഹാരാഷ്ട്രയിലേക്ക് മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ രാഷ്ട്രീയ നാടകങ്ങളില്‍ ഒരു പങ്കുമില്ലെന്ന പ്രതികരണമാണ് മുഖ്യമന്ത്രി അടക്കം ബിജെപി നേതാക്കള്‍ നല്‍കുന്നത്.  

വിമത നീക്കത്തിന്റെ പേരില്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയിരുന്നു. വിമത നീക്കം നടത്തിയിട്ടില്ലെന്ന് ഇപ്പോള്‍ വാദിക്കുന്നു ലോബോയും കാമത്തും. തന്റെ അഭ്യര്‍ഥന പ്രകാരമാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായി ലോബോ. പാര്‍ട്ടിയില്‍ തനിക്കിനി സ്ഥാനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് കാമത്തും . പക്ഷെ പുകഞ്ഞ പുള്ളി പുറത്തെന്ന ലൈനിലാണ് കോണ്‍ഗ്രസ്. ഇരുവരെയും അയോഗ്യരാക്കാനുള്ള നടപടികള്‍ നേതൃത്വം തുടങ്ങിക്കിഞ്ഞു. Also Read ; ഗോവയിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ, കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ? നടപടിയെടുത്ത് കോൺഗ്രസ്

ആശ്വസിക്കാന്‍ ഏറെയുണ്ടോ? 

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം താത്കാലിക ആശ്വാസം മാത്രമാണ് ഇപ്പോഴത്തെ വിജയം. എട്ട് പേരെന്ന സംഖ്യയിലേക്ക് എത്താനാവാത്തത് കൊണ്ട് മാത്രം പരാജയപ്പെട്ട് പോയ വിമതനീക്കം. എന്നും ആ ഭയപ്പാട് നേതൃത്വത്തിന് മുന്നിലുണ്ടാവും. ഒന്നില്‍ നിന്ന് തുടങ്ങി കയറി വരാനുള്ള ശ്രമത്തിലാണ് ഗോവയില്‍ പാര്‍ട്ടി ഇപ്പോള്‍.  ഇനിയൊരു പിളര്‍പ്പുണ്ടായാല്‍ ഒരുപക്ഷെ ബിജെപിക്ക് എതിരാളി ഇല്ലാത്ത സംസ്ഥാനമായി ഗോവ മാറും. 

click me!