Asianet News MalayalamAsianet News Malayalam

ഗോവയിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ, കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ? നടപടിയെടുത്ത് കോൺഗ്രസ്

മുൻ മുഖ്യമന്ത്രി കൂടിയായ ദിഗംബർ കാമത്തും ലോബോയും പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇരുവരും ബിജെപിക്കായി പ്രവർത്തിച്ചുവെന്നും വൻ തുക വാഗ്ദാനം ചെയ്താണ് എം എൽ എ മാരെ റാഞ്ചിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു ആരോപിച്ചു.

Goa Congress removes Michael Lobo as opposition leader
Author
Panaji, First Published Jul 10, 2022, 9:16 PM IST

പനാജി : ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന പ്രചാരം ശക്തമായിരിക്കെ നടപടിയുമായി കോൺഗ്രസ്. മൂന്ന് എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തിയ മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കി. പിസിസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ലോബോയെ അടിയന്തരമായി സ്ഥാനത്ത് നിന്നും നീക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു അറിയിച്ചത്.

'മുൻ മുഖ്യമന്ത്രി കൂടിയായ ദിഗംബർ കാമത്തും ലോബോയും പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇരുവരും ബിജെപിക്കായി പ്രവർത്തിച്ചുവെന്നും വൻ തുക വാഗ്ദാനം ചെയ്താണ് എം എൽ എ മാരെ റാഞ്ചിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു ആരോപിച്ചു. ആരാധനലായങ്ങളിൽ പോയി സത്യം ചെയ്ത എംഎൽഎമാർ ദൈവ നിന്ദകൂടിയാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിലെ സാഹചര്യം ഹൈക്കമാൻഡിനെ അറിയിച്ചു . കൂറ് മാറിയവർക്കെതിതെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ പ്രതികരണം. നിയമസഭാ സമ്മേളനത്തിന് മുമ്പ് പല എംഎൽഎമാരും തന്നെ കാണാൻ വരാറുണ്ടെന്നാണ് മൈക്കൽ ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. 

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വസതിയിൽ, ഗോവ കോണ്‍ഗ്രസ് എംഎൽഎമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം

നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയിൽ വൻ രാഷ്ട്രീയ നാടകങ്ങൾ ശക്തമായത്. 11 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നായിരുന്നു അഭ്യൂഹം. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോയുമെല്ലാം ബിജെപിയിലേക്ക് പോകുകയാണെന്നാണ് സൂചന. നിലവിൽ അഞ്ച് എംഎൽഎമാരാണ് പിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ ഇപ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്. ലോബോയുടെ ഭാര്യയും എംഎൽഎയുമായ ദലൈല അടക്കം നാല് എംഎൽഎമാരാണ് ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചേര്‍ന്നിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പാർട്ടി മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബർ കാമത്തിന് പകരം മൈക്കൾ ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കിുകയായിരുന്നു. കൂറ് മാറ്റം സ‍ർക്കാരിന്‍റെ ഭാവിയെ ബാധിക്കില്ലെങ്കിലും ഓഗസ്റ്റിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കേണ്ട സാഹചര്യത്തിൽ ഇപ്പോഴത്തെ നീക്കങ്ങൾ നിർണായകമാണ്.

Follow Us:
Download App:
  • android
  • ios