Asianet News MalayalamAsianet News Malayalam

'ബിജെപി‌യിൽ ചേരാൻ എംൽഎമാർക്ക് വാ​ഗ്ദാനം 40 കോടി'; ആരോപണവുമായി കോൺ​ഗ്രസ് നേതാവ്

മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ ആറ് എംഎൽഎമാരെങ്കിലും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ സംസ്ഥാന കോൺഗ്രസ് ശക്തമായി നിഷേധിച്ചെങ്കിലും മിക്ക എംഎൽഎമാരും ഇന്ന് രാവിലെ പാർട്ടി യോഗവും വൈകിട്ട് വാർത്താസമ്മേളനവും ഒഴിവാക്കി.

Goa Congress leader says Rs 40 crore to join BJP
Author
Panaji, First Published Jul 11, 2022, 8:26 AM IST

പനാജി:  ബിജെപിയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തതായി മുൻ ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ. ​ഗോവയിലെ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കോൺ​ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. വ്യവസായികളും കൽക്കരി മാഫിയയും കോൺഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്ന് ചോദങ്കർ ആരോപിച്ചു. കോൺഗ്രസിന്റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവിനോട് ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോദങ്കർ അവകാശപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ ബിജെപി തള്ളി. എം‌എൽ‌എമാർക്ക് പണം നൽകി പാർട്ടിയിൽ ചേർക്കുന്നുവെന്നത് കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെ പറഞ്ഞു. കോൺഗ്രസിലെ ആശയക്കുഴപ്പവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ ആറ് എംഎൽഎമാരെങ്കിലും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ സംസ്ഥാന കോൺഗ്രസ് ശക്തമായി നിഷേധിച്ചെങ്കിലും മിക്ക എംഎൽഎമാരും ഇന്ന് രാവിലെ പാർട്ടി യോഗവും വൈകിട്ട് വാർത്താസമ്മേളനവും ഒഴിവാക്കി.  നേതാക്കൾ ചേരി മാറുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് എംഎൽഎ മൈക്കിൾ ലോബോ നിഷേധിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബോധപൂർവം കിംവദന്തികൾ പ്രചരിപ്പിച്ചതാണെന്ന് ലോബോ അവകാശപ്പെട്ടു. 

നിലവിൽ 20 എംഎൽഎമാരുള്ള ബിജെപിക്ക് ഈ വർഷം അവസാനത്തോടെ 30 എംഎൽഎമാരാകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി സംസ്ഥാന ഇൻചാർജുമായ സി ടി രവി പറഞ്ഞതോടെയാണ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. വർഷം. 20 എംഎൽഎമാരുള്ള ബിജെപി അഞ്ച് പേരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത്.

Follow Us:
Download App:
  • android
  • ios