പഹല്‍ഗാമില്‍ കണ്ടത് പാവം മനുഷ്യരെ, താഴ്‌വരയില്‍ ചോരവീണപ്പോള്‍ ആദ്യം ഓടിയെത്തിയതും അവരാണ്...

Published : Apr 24, 2025, 01:13 PM IST
പഹല്‍ഗാമില്‍ കണ്ടത് പാവം മനുഷ്യരെ, താഴ്‌വരയില്‍ ചോരവീണപ്പോള്‍ ആദ്യം ഓടിയെത്തിയതും അവരാണ്...

Synopsis

ഭീകരാക്രമണത്തിന് തൊട്ടുതലേന്ന്, ഇപ്പോള്‍ കൊലക്കളമായി മാറിയ കശ്മീരിലെ ഇടങ്ങള്‍ സന്ദര്‍ശിച്ച അനുഭവം. അളകനന്ദ എഴുതുന്നു.  

വിനോദസഞ്ചാരം കശ്മീരിന്റെ ജീവനാഡിയാണ്. അതും ഞങ്ങളെ കൊണ്ടുപോയ കുതിരക്കാരനെ പോലുള്ളവരുടെ. അവരുടെ ജീവിതമാര്‍ഗം കൂടിയാണ് അടയുന്നത്. കണ്മുന്നില്‍ വച്ചു ഉറ്റവരെ കൊല്ലുന്നതു കണ്ടവര്‍ക്കും അത് അറിഞ്ഞവര്‍ക്കും മുറിവുകള്‍ ഉണങ്ങാന്‍ ഒരുപാട് സമയമെടുക്കും. കശ്മീരിന്റെ മണ്ണില്‍ തന്നെ ഉയര്‍ന്നുകേട്ട പ്രതിഷേധം പക്ഷേ ഒരുചെറുതരി വെളിച്ചമാണ്. അതിനു കൂടുതല്‍ തിളക്കമുണ്ടാവട്ടെ. 

 

1. ബേതാബ്. 2. അളകനന്ദ. തൊട്ടുപുറകില്‍ കാണുന്ന വില്ലോ മരങ്ങള്‍ക്ക് അപ്പുറം കാണുന്നതാണ് കഴിഞ്ഞ ദിവസം കൊലക്കളമായിമാറിയ ബൈസാരനിലേക്കുള്ള വഴി.


കശ്മീരിനെക്കുറിച്ച് ഇത്തരമൊരു കുറിപ്പ് എഴുതേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പോലം കരുതിയതല്ല. ഒരു സ്വപ്‌നസാഫല്യമായിരുന്നു കശ്മീര്‍ യാത്ര. പക്ഷേ, ഇപ്പോള്‍, ചോരവീണില്ലാതായ മനുഷ്യരെ കാണുമ്പോള്‍, അവരെ ഓര്‍ക്കുമ്പോള്‍, ഒരു പേക്കിനാവ് പോലെ തോന്നുന്നു. 

ഇടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ പോയി വന്നത് കഴിഞ്ഞ ദിവസമാണ്. മടക്കയാത്രതന്ന ഒരു ചെറിയ നിരാശയില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് കശ്മീരില്‍ ഭീകരാക്രമണം എന്നറിയുന്നത്. അതോടെ അരിച്ചു പെറുക്കാന്‍ തുടങ്ങി. എവിടെ, എങ്ങനെ...?

ഞങ്ങള്‍ കണ്ട മനോഹരമായ താഴ്വരകളിലൊന്നില്‍ ചോര വീണു എന്ന്  വിശ്വസിക്കാന്‍ ബുദ്ധിമുട്ടി.  

അനന്ത്‌നാഗില്‍ 7200 അടി ഉയരത്തിലുള്ള പഹല്‍ഗാം അമര്‍നാഥ് യാത്രയുടെ കവാടമാണ്. അവിടെ നിന്ന് ചന്ദന്‍വാരി വഴിയാണ് അമര്‍നാഥിലേക്കുള്ള യാത്ര. ചന്ദന്‍വാരിയുടെ താഴെയാണ്  ബേതാബ്. അതിനുമപ്പുറം  ഇപ്പോള്‍ കൊലക്കളമായ ബൈസാരന്‍. ബേതാബ് ഏതാണ്ട് സമതലമാണ്. ലിദ്ദര്‍ നദിയുടെ ചെറിയ കൈവഴികള്‍ ചുറ്റിയൊഴുകുന്ന, കാറ്റിലാടുന്ന വില്ലോ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന സ്ഥലം. അവിടെ നടക്കുമ്പോള്‍ കാണാം, തൊട്ടരികില്‍ കൂടി ബൈസാരനിലേക്ക് പോണികളുടെ പുറത്തു കയറിപ്പോകുന്ന സഞ്ചാരികളെ.

ഉയരങ്ങളിലേക്ക് സഞ്ചാരികളെയും കയറ്റി പോണികളെ തെളിച്ചു കൊണ്ടുപോകുന്നത് ചുറ്റുവട്ടത്ത് തന്നെയുള്ള കശ്മീരികളാണ്. അത്രയും സമയം നമ്മുടെ ജീവന്റെ കൂടി കാവല്‍ക്കാരാണ് അവര്‍. നമ്മളെല്ലാം ഇപ്പോള്‍ മാത്രം അറിഞ്ഞ ആദില്‍ ഉള്‍പ്പടെ. 

ബൈസാരനിലെ വെടിയൊച്ചകളും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയതും അവരൊക്കെയാണ്. 

സോന്‍മാര്‍ഗില്‍ ഞാന്‍ കയറിയ കുട്ടിക്കുതിര അതിനു തോന്നിയ പോലെ പാറകളില്‍ ചവിട്ടിക്കുതിച്ചപ്പോള്‍, 'ഭയ്യാ ഇസ്‌കോ രോകോ' എന്ന് കൂകിവിളിച്ച എന്നെ നോക്കി, 'ടരോ മത്, ഭയ്യാ ഹേ നാ' എന്ന് പറഞ്ഞ കുതിരക്കാരനും കശ്മീരി ആയിരുന്നു.  ഒരു ദിവസം പത്തോ പന്ത്രണ്ടോ തവണ അതുപോലെ മല കയറിയിറങ്ങിയാല്‍ അയാള്‍ക്ക് ഒരു മാസം കിട്ടുന്നത് 8000 രൂപ. കുതിരയുടെ ഉടമ കൊടുക്കുന്ന ശമ്പളം.
പിന്നെ സഞ്ചാരികള്‍ കൊടുക്കുന്ന ടിപ്പ്. അതും മഞ്ഞുരുകുമ്പോള്‍ മാത്രമുള്ള വരുമാനം. 

മഞ്ഞുറയുന്ന മാസങ്ങളില്‍ അവര്‍ ആടുകളെ വളര്‍ത്തി, കൂടുതലും  പ്ലാസ്റ്റിക്കും തകരവും കൊണ്ട് മറച്ച വീടുകളില്‍ ഒതുങ്ങും. വേറെ പണിയൊന്നും അറിയില്ല എന്നാണ്  മുറിഹിന്ദിയിലെ എന്റെ ചോദ്യങ്ങള്‍ക്കു കിട്ടിയ ഉത്തരം. സഞ്ചാരികളെ മുകളിലെത്തിച്ചിട്ട് അവര്‍ കുറച്ചുദൂരേക്ക് മാറിനില്‍ക്കും. ആവശ്യപ്പെട്ടാല്‍ ഫോട്ടോകള്‍ എടുത്തു തരും. അല്ലെങ്കില്‍ പോകാന്‍ സമയമാകുമ്പോള്‍ വരും. ബൈസാരനിലെ വെടിയൊച്ചകളും നിലവിളിയും കേട്ട് ആദ്യം ഓടിയെത്തിയതും അവരൊക്കെയാണ്. 

പോണികളില്‍ കയറി മാത്രമേ ബൈസാരനില്‍ പോകാന്‍ പറ്റു. മറ്റു വാഹനങ്ങള്‍ പോകില്ല. പുല്‍മേടുകളെ ചുറ്റി പൈന്‍ മരങ്ങളുമുണ്ട്. കൂട്ടക്കൊലയ്ക്ക് ബൈസാരന്‍ തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെയാവും. പുറംലോകം അറിയാനും സഹായമെത്താനും സമയമെടുക്കും.

രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടേണ്ട ആവശ്യമില്ലാത്ത കശ്മീരികളെയും കണ്ടു.  പക്ഷെ അവരും  അധ്വാനിക്കുന്നു. ഉണക്കിയ പഴങ്ങള്‍ വില്‍ക്കുന്ന കടയില്‍ കശ്മീരി ചായയായ 'കാവ' ഞങ്ങള്‍ക്ക് കൊണ്ടുതന്നത് പ്രായം ചെന്ന ഒരു മനുഷ്യനാണ്. ഞങ്ങള്‍ തിരിച്ചിറങ്ങിയപ്പോള്‍ അയാള്‍ പുറത്തൊരു ചായ്പ്പില്‍ ഇരിക്കുന്നത് കണ്ടു. പിന്നെയാണ് അറിഞ്ഞത്. അയാളാണ് കടയുടമ എന്ന്. 

ദാല്‍ തടാകത്തിലെ  ശിക്കാരയില്‍ പോയപ്പോള്‍ നരച്ച താടിയുമായി ഒരു കൊച്ചുമനുഷ്യന്‍ കുഞ്ഞൊരു തോണി തുഴഞ്ഞു അടുത്തേക്ക് വന്നു. കുങ്കുമപ്പൂവും കാവപ്പൊടിയുമായി. കര്‍ഷകന്‍ എന്ന് സ്വയം പരിചയപ്പെടുത്തി. തോണിക്കാരനാണ് പറഞ്ഞത് അയാള്‍ അവിടത്തെ വലിയ ഭൂവുടമയാണെന്ന്. സ്വന്തം കൃഷി സ്ഥലത്തെ കുങ്കുമപ്പൂക്കളാണ് അയാള്‍ കൊണ്ടുവന്നത്. 

കശ്മീരിലെത്തിയ ദിവസം വെറുതെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു പെട്ടിക്കടയിലെ പയ്യന്‍  എവിടെ നിന്നാണ് വരുന്നത് എന്നു ചോദിച്ചു. കേരളം എന്ന് പറഞ്ഞപ്പോള്‍ പയ്യന്റെ മുഖം തിളങ്ങി. 'കേരള ബ്ലാസ്റ്റേഴ്സ്' എന്നുറക്കെ പറഞ്ഞുകൊണ്ട് ഞങ്ങളെ നോക്കി ചിരിച്ചു. അറിയാമോ ടീമിനെ പറ്റി എന്ന  അത്ഭുതത്തോടെയുള്ള എന്റെ ചോദ്യത്തിന്, പിന്നേയ്, ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കുന്നവരല്ലേ എന്നായിരുന്നു ഉത്തരം. 

കൂട്ടക്കൊലയ്ക്ക് ബൈസാരന്‍ തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെയാവും. പുറംലോകം അറിയാനും സഹായമെത്താനും സമയമെടുക്കും.

വിനോദസഞ്ചാരം കശ്മീരിന്റെ ജീവനാഡിയാണ്. അതും ഞങ്ങളെ കൊണ്ടുപോയ കുതിരക്കാരനെ പോലുള്ളവരുടെ. അവരുടെ ജീവിതമാര്‍ഗം കൂടിയാണ് അടയുന്നത്.

കണ്മുന്നില്‍ വച്ചു ഉറ്റവരെ കൊല്ലുന്നതു കണ്ടവര്‍ക്കും അത് അറിഞ്ഞവര്‍ക്കും മുറിവുകള്‍ ഉണങ്ങാന്‍ ഒരുപാട് സമയമെടുക്കും. കശ്മീരിന്റെ മണ്ണില്‍ തന്നെ ഉയര്‍ന്നുകേട്ട പ്രതിഷേധം പക്ഷേ ഒരുചെറുതരി വെളിച്ചമാണ്. അതിനു കൂടുതല്‍ തിളക്കമുണ്ടാവട്ടെ. 
 

PREV
Read more Articles on
click me!

Recommended Stories

'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ
കഥകളി മുദ്രകളിൽ വിരിയുന്ന നടന വിസ്മയം, പിറന്നാൾ ദിനത്തിലും അരങ്ങിൽ, 80തിന്റെ നിറവിൽ സദനം രാമൻകുട്ടി