
ഫ്രിഡ്ജില്‍നിന്നും അനുവാദമില്ലാതെ പഴങ്ങള്‍ എടുത്തു തിന്നു എന്നാരോപിച്ച് വീട്ടുടമയും കുടുംബാംഗങ്ങളും, വീട്ടുവേല ചെയ്യുന്ന പത്തുവയസ്സുകാരനെ കൊടുംപീഡനങ്ങള്‍ക്ക് വിധേയമാക്കി കൊന്നു. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. കുട്ടിയുടെ ആറു വയസ്സുള്ള സഹോദരനും ഇതേ വീട്ടില്‍ വീട്ടുവേല ചെയ്യുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഈ കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്. സംഭവത്തില്‍, വീട്ടുടമയയും കുടുംബാഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രവിശ്യാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു.
പഞ്ചാബ് പ്രവിശ്യയിലെ സമ്പന്നര്‍ താമസിക്കുന്ന ഹൗസിംഗ് കോളനിയിലാണ് സംഭവം. ലാഹോറിലെ ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റിയിലെ ആഡംബര വീട്ടിലാണ്, വീട്ടുവേലക്കാരായ കുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ചത്.
പത്തു വയസ്സുള്ള കംറാന്‍ എന്ന കുട്ടിയാണ് കൊടുംപീഡനങ്ങളെ തുടര്‍ന്ന് മരിച്ചത്. കംറാന്റെ സഹോദരനായ ആറു വയസ്സുകാരന്‍ റിസ്‌വാനാണ് ഗുരുതരമായി പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയില്‍ കഴിയുന്നത്. ബിസിനസുകാരനായ നസ്‌റുല്ല എന്നയാളുടെ വീട്ടില്‍ വേലക്കാരായി നില്‍ക്കുകയായിരുന്നു ഈ കുട്ടികള്‍.
കഴിഞ്ഞ ദിവസമാണ് സംഭവമെന്ന് പൊലീസ് വൃത്തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രിഡ്ജില്‍നിന്നും പഴങ്ങള്‍ അനുവാദമില്ലാതെ എടുത്തു തിന്നു എന്നാരോപിച്ചായിരുന്നു കൊടുംപീഡനം. വീട്ടുടമയായ നസ്‌റുല്ല, ഭാര്യ, രണ്ട് ആണ്‍ മക്കള്‍, മരുമകള്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് അവശനിലയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് വീട്ടുടമ മുങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ഉടനെ തന്നെ കംറാന്‍ മരിച്ചു. മറ്റേ കുട്ടികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഈ കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേഹത്ത് നിരവധി മുറികളും കണ്ടു. നേരത്തെ തന്നെ ചെറിയ കുറ്റങ്ങള്‍ക്കു പോലും ഈ ക്രൂരമായി പീഡിപ്പിച്ചിരുന്നതിന്റെ മുറിപ്പാടുകള്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. കത്തി ഉപയോഗിച്ച് ദേഹത്താകെ വരയുകയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
കുട്ടികളെ ആശുപത്രിയിലാക്കി സ്ഥലം വിട്ടെങ്കിലും വീട്ടുടമയായ നസ്‌റുല്ലയെ പൊലീസ് അധികം വൈകാതെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ, മക്കള്‍, മരുമകള്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് പഴം എടുത്തുതിന്നതില്‍ കലിപൂണ്ട് തങ്ങള്‍ കുട്ടികളെ കസേരയില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നസ്‌റുല്ല സമ്മതിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഹംസ ഷഹ്ബാസ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസ്‌വാന് ഏറ്റവും മികച്ച ചികില്‍സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.