മെക്സിക്കോയിലെ ഈ മനുഷ്യരെല്ലാം എങ്ങോട്ട് പോയി? കാണാതായത് ഒരുലക്ഷം പേരെയെന്ന് കണക്ക്

By Web TeamFirst Published May 18, 2022, 11:41 AM IST
Highlights

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇപ്പോൾ തന്നെ കടുത്ത പ്രയാസത്തിലാണ്. അതിനൊപ്പമാണ് അവരെ തിരഞ്ഞുകണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും അവർ തന്നെ അനുഭവിക്കേണ്ടി വരുന്നത് എന്ന് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

മെക്സിക്കോ(Mexico)യിൽ കാണാതാകുന്നവരുടെ (disappearance) എണ്ണം കുതിക്കുന്നു. ഒരുലക്ഷം ആളുകളെ കാണാതായി എന്നാണ് അവസാനത്തെ കണക്ക് പറയുന്നത്. 1964 മുതലുള്ള ഗവൺമെന്റ് ഡാറ്റ കാണിക്കുന്നത്, മിക്കവാറും എല്ലാ തിരോധാനങ്ങളും ഉണ്ടായിരിക്കുന്നത് 2007 -ൽ അന്നത്തെ പ്രസിഡന്റ് ഫെലിപ് കാൽഡെറോൺ തന്റെ മയക്കുമരുന്നിനെതിരായ യുദ്ധം ആരംഭിച്ചതിനുശേഷമാണ് എന്നാണ്. 

'ഏറ്റവും വലിയ മാനുഷികദുരന്തം' എന്നാണ് ഐക്യരാഷ്ട്രസഭ ഈ തിരോധാനങ്ങളെ വിശേഷിപ്പിച്ചത്. കാണാതായ പലരും സംഘടിത കുറ്റകൃത്യങ്ങളുടെ ഇരകളാണ്. എന്നാൽ, ഇതിന് ഉത്തരവാദികളാരും ശിക്ഷിക്കപ്പെടുന്നില്ല. മെക്‌സിക്കോയുടെ അറ്റോർണി ജനറലിന്റെ ഓഫീസ് സൂക്ഷിച്ചിരിക്കുന്ന കാണാതായ ആളുകളുടെ ദേശീയ രജിസ്‌ട്രിയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് കാണിക്കുന്നത്, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, കാണാതായവരുടെ എണ്ണം 73,000 -ൽ നിന്ന് 100,000 ആയി ഉയർന്നു എന്നാണ്.

കാണാതായവരിൽ നാലിൽ മൂന്നും പുരുഷന്മാരാണ്. അഞ്ചിലൊന്നു പേരും കാണാതാകുമ്പോൾ 18 വയസ്സിന് താഴെയുള്ളവരുമാണ്. കാണാതായവരെ കണ്ടെത്താൻ സർക്കാർ വേണ്ടത്ര നടപടിയെടുക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനില്ലെന്ന പരാതിയിൽ ഉദ്യോഗസ്ഥർ ഉദാസീനത കാട്ടുകയാണെന്നും കാണാതായവരുടെ ബന്ധുക്കൾ പറയുന്നു. 

അധികൃതർ വേണ്ടപോലെ അന്വേഷണം നടത്താത്തിനാൽ തന്നെ വീട്ടുകാർ സ്വയം അന്വേഷണത്തിനിറങ്ങുകയാണ്. പലരും ആരുടേതെന്നറിയാത്ത കുഴിമാടങ്ങൾ കുഴിക്കുകയും അതിലുള്ള അവശിഷ്ടങ്ങൾ പരിശോധിക്കുകയുമാണ്. കാണാതായവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്തെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവരിത് ചെയ്യുന്നത്. 

മെയ് പത്താണ് മെക്സിക്കോയിലുള്ളവർ മാതൃദിനമായി കണക്കാക്കുന്നത്. അന്നേദിവസം നൂറുകണക്കിന് സ്ത്രീകൾ തെരുവിൽ ചേരുകയും അധികൃതരോട് തങ്ങളുടെ കാണാതായിരിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ഈ നിർബന്ധിത തിരോധാനങ്ങൾക്ക് പിന്നിലുള്ളവരെ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

യുഎൻ പറയുന്നതനുസരിച്ച്, രേഖപ്പെടുത്തിയിരിക്കുന്ന തിരോധാനങ്ങളിൽ 35 എണ്ണം മാത്രമാണ് കുറ്റവാളികളെ ശിക്ഷിക്കാൻ കാരണമായത്. ഒന്നിലും കാര്യമായ അന്വേഷണങ്ങളോ നടപെടിയെടുക്കലുകളോ ഉണ്ടായില്ല എന്നും യുഎൻ പറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇപ്പോൾ തന്നെ കടുത്ത പ്രയാസത്തിലാണ്. അതിനൊപ്പമാണ് അവരെ തിരഞ്ഞുകണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും അവർ തന്നെ അനുഭവിക്കേണ്ടി വരുന്നത് എന്ന് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

'തിരോധാനങ്ങൾ തടയുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമായി സർക്കാർ നയം കൊണ്ടുവരാൻ ഇനിയും എത്രപേരെ കാണാതാവണം' എന്ന് അവകാശ സംഘടനയായ സെൻട്രോ പ്രോഡ് ട്വിറ്ററിൽ ചോദിച്ചു. 

click me!