അന്ന് സ്പാനിഷ് ഫ്ലൂവിനെ അതിജീവിച്ചു, ലോകമഹായുദ്ധകാലത്ത് വളർന്നു, ഇന്ന് കൊവിഡ് 19 -നെയും തോൽപ്പിച്ച് 101 -കാരൻ

By Web TeamFirst Published Apr 1, 2020, 10:19 AM IST
Highlights

എന്നാല്‍, അദ്ദേഹം കൊവിഡിനെ തോല്‍പ്പിച്ചു. രോ​ഗമുക്തനായതോടെ ആശുപത്രി മുഴുവന്‍ സംസാരം അതായി, സന്തോഷവും അതായി. എല്ലാവരും ആ കഥ പറഞ്ഞു നടന്നു. ഭാവിയിലേക്കുള്ളൊരു പ്രതീക്ഷയായിരുന്നു മിസ്റ്റര്‍ പി -യുടെ രോഗമുക്തി. 

കഴിഞ്ഞ ദിവസമാണ് ലോകത്തിനാകെ പ്രതീക്ഷ നൽകുന്നൊരു വാർത്ത ഇറ്റലിയിൽ നിന്നും വന്നത്. 101 വയസ്സുള്ള ഒരാള്‍ കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടിരിക്കുന്നുവെന്നാണ് റിമിനിയിലെ ഡെപ്യൂട്ടി മേയര്‍ അറിയിച്ചത്. മരണസംഖ്യ ക്രമാതീതമായി കൂടുന്ന ഇറ്റലിയില്‍ നിന്നുള്ള ശുഭവാര്‍ത്തയായിരുന്നു ഈ 101 -കാരന്‍റെ അതിജീവനം. മിസ്റ്റര്‍ പി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പരിശോധനയില്‍ പൊസിറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഈ വൃദ്ധനെ റിമിനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് കൊവിഡ് 19 ഭേദമായി അദ്ദേഹം ആശുപത്രി വിട്ടത്. നൂറ് വയസ്സിനു മുകളിലുള്ള ഒരാള്‍ രോഗം ഭേദമായി ആശുപത്രി വിടുകയെന്നത് വളരെയധികം പ്രതീക്ഷ നല്‍കുന്നുവെന്നും മേയര്‍ പറഞ്ഞിരുന്നു. 

മിസ്റ്റര്‍ പി ജനിച്ചത് 1919 -ലാണ്. അതായത് സ്പാനിഷ് ഫ്ലൂ ലോകത്തെയാകെ ഭയത്തിലാഴ്ത്തിയ സമയത്താണ് അദ്ദേഹത്തിന്‍റെ ജനനം എന്നര്‍ത്ഥം. 1918 -ലാണ് സ്പാനിഷ് ഫ്ലു എന്ന മഹാമാരി പൊട്ടിപ്പുറപ്പെടുന്നത്. ലോകത്തിലാകെയായി 30 മുതല്‍ 50 ദശലക്ഷം ആളുകളെ വരെ അത് കൊന്നൊടുക്കിയിരുന്നു. മിസ്റ്റര്‍ പി വളര്‍ന്നത് ലോക മഹായുദ്ധത്തിന്‍റെ സംഘര്‍ങ്ങള്‍ കണ്ടുകൊണ്ടാണ്. ഇപ്പോഴിതാ ഈ പുതിയകാലത്തെ മഹാമാരിയെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നു. കൊവിഡ് 19 -നെ തോല്‍പ്പിച്ച് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന പ്രായംചെന്ന ആളെന്ന വിശേഷണവും ഇപ്പോള്‍ പി -ക്ക് സ്വന്തമായുണ്ട്. 

ഒരു ഇറ്റാലിയന്‍ മാധ്യമമാണ് അടുത്തിടെ ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ മഹാമാരി മിസ്റ്റര്‍ പി -ക്ക് ജീവിതത്തില്‍ ആദ്യത്തേതായിരിക്കില്ല. 1918 -ലെ സ്പാനിഷ് ഫ്ലൂ വിപത്തിന്‍റെ കാലത്ത് അദ്ദേഹം ജനിച്ചിരുന്നുവെന്നും അതില്‍നിന്നും അദ്ദേഹം രക്ഷപ്പെട്ടുവെന്നുമാണ് മാധ്യമത്തില്‍ പറഞ്ഞിരിക്കുന്നത്. 

നൂറ്റാണ്ടിനുശേഷം

100 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാഹാമാരി സമയത്ത് മിസ്റ്റര്‍ പി, പിന്നേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരടക്കം വലിയ ആശങ്കയിലായിരുന്നു. കാരണം, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഈ രോഗത്തില്‍ നിന്നും രക്ഷിച്ചെടുക്കുക എത്രത്തോളം എളുപ്പമാണ് എന്ന ചിന്ത ആരോഗ്യപ്രവര്‍ത്തകരെയാകെ അലട്ടുന്നതാണല്ലോ. പി -ക്കാണെങ്കില്‍ വയസ്സ് 101. 

എന്നാല്‍, അദ്ദേഹം കൊവിഡിനെ തോല്‍പ്പിച്ചു. രോ​ഗമുക്തനായതോടെ ആശുപത്രി മുഴുവന്‍ സംസാരം അതായി, സന്തോഷവും അതായി. എല്ലാവരും ആ കഥ പറഞ്ഞു നടന്നു. ഭാവിയിലേക്കുള്ളൊരു പ്രതീക്ഷയായിരുന്നു മിസ്റ്റര്‍ പി -യുടെ രോഗമുക്തി. രോഗം ഭേദമായ പി -യെ വീട്ടുകാര്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. റിമിനി മേയര്‍ ലിസി പറഞ്ഞത് സ്പാനിഷ് ഫ്ലൂവും ലോക മഹായുദ്ധകാലത്തെ അതിജീവിച്ച, ഇപ്പോള്‍ കൊവിഡ് 19 -നെ തോല്‍പ്പിച്ച ഈ മനുഷ്യന്‍ ഒരു പുതിയ പ്രതീക്ഷയാണ് ലോകത്തിനുതന്നെ നല്‍കിയിരിക്കുന്നത് എന്നാണ്. 

തീര്‍ച്ചയായും ഈ വൃദ്ധന്‍ ലോകത്തിന് പ്രതീക്ഷയാണ്. കാരണം, കൊവിഡ് 19 ബാധിച്ച് ലോകത്തില്‍ മരിക്കുന്നവരിലേറെപ്പേരും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഇറ്റലിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച് മരിക്കുന്നവരില്‍ 86 ശതമാനവും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അവിടെ ഒരു 101 വയസ്സുകാരന്‍ ഈ മഹാമാരിയെ തോൽപ്പിച്ചിരിക്കുന്നു. വരും നാളുകളിൽ ലോകം തന്നെ ഈ മഹാമാരിയെ തോൽപ്പിക്കട്ടെ. 

click me!