40 വർഷമായി തന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ കളിമൺപാത്രം തനിക്ക് 29 ലക്ഷം രൂപ കൊണ്ടുത്തരുമെന്ന് ആരെങ്കിലും കരുതുമോ? അങ്ങനെയൊരു മഹാഭാഗ്യമാണ് തന്‍റെ 91 -ാം പിറന്നാളില്‍ ഈ മുത്തശ്ശിക്കുണ്ടായത്.
91 -ാം പിറന്നാളിന് ഒരു വൻ സർപ്രൈസ് കിട്ടിയതിന്റെ ആവേശത്തിലും അമ്പരപ്പിലുമാണ് അമേരിക്കക്കാരിയായ ലോയിസ് ജർഗൻസ്. 40 വർഷമായി ലോയിസിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന അപൂർവമായ ഒരു കളിമൺപാത്രം ഏകദേശം 29 ലക്ഷം രൂപയ്ക്ക് (32,000 ഡോളർ) ആണ് ഇപ്പോൾ വിറ്റുപോയിരിക്കുന്നത്. പ്രസിദ്ധമായ 'റെഡ് വിംഗ് സ്റ്റോൺവെയർ കമ്പനി' നിർമ്മിച്ച ഈ പാത്രം ഒരു ഗാരേജ് വിൽപ്പനയിൽ വിൽക്കാനായിരുന്നു ലോയിസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, പിന്നീടാണ് അവർ അതിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞത്. ഗാരേജ് വില്പനയിൽ വെറും 50 ഡോളറോ മറ്റോ കിട്ടേണ്ടിയിരുന്ന പാത്രത്തിനാണ് ഇപ്പോൾ 29 ലക്ഷം ലഭിച്ചിരിക്കുന്നത്.
ഗാരേജ് വില്പനയ്ക്ക് കൊണ്ടുപോകും മുമ്പാണ് 'ബ്രാമർ ഓക്ഷൻ ആൻഡ് റിയാലിറ്റി' എന്ന ലേലശാല പുരാതനമായ മൺപാത്രങ്ങളൊക്കെ വിൽക്കുന്ന ഒരു ലേലം സംഘടിപ്പിക്കുന്നതായി ലോയിസ് അറിഞ്ഞത്. അപ്പോൾ തന്നെ അവരെ വിളിച്ച് തന്റെ കയ്യിലൊരു പഴയ മൺപാത്രമുണ്ടെന്നും അതുകൂടി വില്പനയിൽ ഉൾപ്പെടുത്താമോ എന്നും അന്വേഷിക്കുകയായിരുന്നു. ലേലശാലയുടെ ഉടമയായ കെൻ ബ്രാമറിന് അതിൽ സംശയമുണ്ടായിരുന്നു. കാരണം, വില്പനയ്ക്കുള്ള കാര്യങ്ങളെല്ലാം നേരത്തെ തന്നെ റെഡിയായിരുന്നു. പരസ്യവും നേരത്തെ നൽകിയിരുന്നു. എങ്കിലും, ബ്രാമർ ലോയിസിന്റെ വീട്ടിൽ വന്ന് മൺപാത്രം പരിശോധിക്കാൻ തന്നെ തീരുമാനിച്ചു. പാത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ്, അതിന് പിന്നിൽ ഒരു കൂട്ടം നീല ചിത്രശലഭത്തിന്റെ അടയാളങ്ങൾ അദ്ദേഹം കണ്ടത്. അപ്പോൾ തന്നെ അതിന്റെ വിലയും പ്രാധാന്യവും ബ്രാമറിന് മനസിലായി.
'റെഡ് വിംഗ് പോട്ടു'കൾക്കുണ്ടാകുന്ന അടയാളമാണിത്. അപ്പോൾ തന്നെ ബ്രാമർ ലോയിസിനോട് അവർക്കൊരു സർപ്രൈസ് ഈ വില്പനയിലൂടെ ഉണ്ടാകുമെന്നും പറഞ്ഞു. അങ്ങനെയാണ് പാത്രം വില്പനയിൽ ഉൾപ്പെടുന്നതും ലോയിസിന് തന്റെ 91 -ാം പിറന്നാൾദിനം ഒരു മൺപാത്രം കാരണം 25 ലക്ഷം കിട്ടുന്നതും. തന്റെ 91 വർഷക്കാലത്തെ ജീവിതത്തിനിടയിൽ തനിക്കിത്രയും ആവേശം തോന്നിപ്പിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല എന്നാണ് ലോയിസ് പറയുന്നത്.
