ദില്ലിയിൽ നിന്ന് ഗ്രാമത്തിലേക്കുള്ള 300 കി.മീ. നടത്തത്തിനിടെ ഹൃദയംപൊട്ടി മരിച്ച യുവാവ് അവസാനമായി പറഞ്ഞത്

By Web TeamFirst Published Apr 1, 2020, 5:12 AM IST
Highlights

അതും ഒറ്റയടിക്ക് 200 കിലോമീറ്റർ നടക്കാൻ കാണിച്ച ആ ദുസ്സാഹസം. അതാവും അയാളുടെ ദുർബല ശരീരത്തിലെ, അതി ദുർബലമായ ഹൃദയത്തെ അതിന്റെ പരമാവധിയിലേക്ക് കൊണ്ടുചെന്നെത്തിച്ച്, നിലച്ചു പോകാൻ പ്രേരിപ്പിച്ചത്. 


" എന്റെ നെഞ്ചു വല്ലാതെ വേദനിക്കുന്നുണ്ട്, നിനക്ക് പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്ന് എന്നെ കൊണ്ടുപോകൂ..." 

ഇത് ഒരാൾ അവസാനമായി പറഞ്ഞ വാക്കുകളാണ്. ജോലി തേടി ചെന്നുകൂടിയ നഗരം വാതിലുകളെല്ലാം കൊട്ടിയടച്ചപ്പോൾ, അന്യനാട്ടിൽ പട്ടിണി കിടന്നു മടുത്തപ്പോൾ, സ്വന്തം വീട്ടിലേക്ക് നടന്നെങ്കിൽ നടന്നെത്താം എന്ന് കരുതി പുറപ്പെട്ടു പോന്നതാണ് രൺവീർ സിങ്. എന്നാൽ, ഉറ്റവരെക്കാണാനുള്ള ആ നടത്തം മുഴുമിക്കാൻ അയാളുടെ ഹൃദയത്തിന് ത്രാണിയുണ്ടായില്ല. പാതിവഴിയെത്തിയപ്പോഴേക്കും അത് പണിമുടക്കിക്കളഞ്ഞു.

 

 

കഴിഞ്ഞ മൂന്നുകൊല്ലമായി തുഗ്ലക്കാബാദിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്യുകയാണ് രൺവീർ. മധ്യപ്രദേശിലെ മൊറീനാ ജില്ലയിലെ അംബാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബദ്ഫ്ര ഗ്രാമത്തിൽ നിന്നാണ് തൊഴിൽ തേടി അയാൾ 326 കിലോമീറ്റർ അകലെയുള്ള ദില്ലിയിലേക്കെത്തുന്നത്. അങ്ങോട്ട് പോയത് ട്രെയിനിലാണ്. ദില്ലിയിൽ ലോക്ക് ഡൗൺ കാലത്ത് അന്നം മുടങ്ങിയതോടെ തിരികെ ഗ്രാമത്തിലേക്ക് പോകാൻ വേണ്ടി അയാൾ ആദ്യം ചെന്നതും റെയിൽവേ സ്റ്റേഷനിലേക്ക് തന്നെയാണ്. പക്ഷേ, അത് കയർ കെട്ടി അടച്ചിരുന്നു. ബസ് സ്റ്റാൻഡിലെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ടാക്സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന അപൂർവം വണ്ടികൾ കഴുത്തറുപ്പൻ റേറ്റ് പറഞ്ഞതോടെ തന്റെ ചില സ്നേഹിതർക്കൊപ്പം അയാളും ആ കടും കൈ ചെയ്യാൻ തന്നെ തീരുമാനിച്ചു. നാട്ടിലേക്കുള്ള മുന്നൂറോളം കിലോമീറ്റർ ദൂരം നടക്കുക. 

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് തന്റെ പരിചയക്കാർക്കൊപ്പം നടന്നുതുടങ്ങിയതാണ് രൺവീർ. ഏകദേശം 200 കിലോമീറ്റർ പിന്നിട്ട് ആഗ്രയ്ക്ക് അടുത്ത് എത്തിയിരുന്നു. ഇനി 80 കിലോമീറ്റർ കൂടി നടന്നു തീർത്താൽ തന്റെ ഗ്രാമത്തിലെത്തിയേനെ. എന്നാൽ, ' ഇടതടവില്ലാത്ത 200 കിലോമീറ്റർ നടത്തം' എന്ന അത്യദ്ധ്വാനം താങ്ങാനുള്ള കരുത്ത് അയാളുടെ ദുർബലഹൃദയത്തിനുണ്ടായില്ല. നാഷണൽ ഹൈവേ രണ്ടിൽ, ഫരീദാബാദ് എത്തുന്നതിനു തൊട്ടുമുമ്പുള്ള കൈലാഷ് മോഡിനടുത്തുള്ള ലോക്കൽ ഹാർഡ് വെയർ ഷോപ്പിന്റെ വാതിൽക്കൽ വെച്ച് രൺവീർ ബോധം കെട്ടുവീണു. കടക്കാരൻ സഞ്ജയ് ഗുപ്ത അയാളെ എഴുന്നേൽപ്പിച്ച് സ്വന്തം കടയിലെ കാർപ്പെറ്റിൽ കൊണ്ട് കിടത്തി. മുഖത്ത് വെള്ളം തളിച്ചുണർത്തി. 

രൺവീറിന് ബോധം തിരികെ കിട്ടുന്നതിനും മരിച്ചു പോകുന്നതിനും ഇടയിൽ ഏതാനും മിനിറ്റുകളുടെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. പെരുമ്പറയടിക്കുന്ന ഹൃദയവുമായി അയാൾ തന്റെ പെങ്ങൾ പിങ്കിയെ ഫോൺ ചെയ്തു. തലേന്ന് രൺവീർ യാത്ര പുറപ്പെട്ട് അല്പനേരത്തിനുള്ളിൽ പിങ്കി തന്റെ ചേട്ടനോട് ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അയാൾ പറഞ്ഞത് പിങ്കിക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല, " വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുറച്ചു സമയമെടുക്കും ഏതാണ്. എന്താ വൈകുന്നതെന്നോ? ബസ്സും തീവണ്ടിയും ഒന്നും കിട്ടിയില്ല മോളെ, നടന്നാണ് ചേട്ടൻ വരുന്നത്. അപ്പോൾ, കുറച്ചു നേരം വൈകും, വൈകിയാലും അങ്ങെത്തും. പേടിക്കണ്ട." ഫോൺ വെച്ചിട്ടും പിങ്കി കുറേ നേരം അതുതന്നെ ആലോചിച്ചിരുന്നു. നടന്നു വരുന്നു എന്നാണ് ചേട്ടൻ പറഞ്ഞത്. പക്ഷേ, മുന്നൂറു കിലോമീറ്റർ ദൂരം നടക്കുക. അതും ഈ കൊറോണയുള്ള കാലത്ത്, റോഡിലിറങ്ങുന്നവരെ പൊലീസ് ലാത്തികൊണ്ടടിക്കുന്ന കാലത്ത്...

 

 

എന്നാൽ ഫോണിൽ തന്റെ പെങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ അയാൾക്ക് സാധിച്ചില്ല. രാത്രി തന്റെ മരുന്നും കഴിച്ച് കിടന്നുറങ്ങിയ പിങ്കിയെ രാവിലെ അഞ്ചുമണിക്ക് അയാൾ വീണ്ടും ഒരിക്കൽ കൂടി വിളിച്ചുണർത്തി. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ചേട്ടന്റെ ശബ്ദത്തിന് വല്ലാത്ത പതറിച്ച പോലെ. അപ്പോഴാണ് അയാൾ പിങ്കിയോട് പറഞ്ഞത്, " എന്റെ നെഞ്ചു വല്ലാതെ വേദനിക്കുന്നുണ്ട്, നിനക്ക് പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്ന് എന്നെ കൂട്ടിക്കൊണ്ടു..." അതുകേട്ട് ആകെ പരിഭ്രമിച്ചുപോയി എങ്കിലും പിങ്കി പറഞ്ഞു," നെഞ്ചു വേദനയോ... സാരമില്ല. ഒരു കാര്യം ചെയ്യൂ. അവിടെ റോഡരികിൽ എവിടെയെങ്കിലും ഇരിക്കൂ. ഞാൻ ആരോടെങ്കിലും ഫോൺ ചെയ്ത് ഇപ്പോൾ തന്നെ അങ്ങോട്ട് വരാൻ പറയാം." പിങ്കി പറഞ്ഞയച്ച ആളെത്തും മുമ്പുതന്നെ രൺവീറിനെ മരണം തേടിയെത്തിയിരുന്നു. 

നാട്ടിൽ രൺവീറിന് ഭാര്യയും രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട്. നാട്ടിൽ ആകെയുള്ള ഒരിത്തിരി കൃഷി കൊണ്ട് ഒന്നിനും തികയാതെ വന്നപ്പോഴാണ് കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി രൺവീർ എന്ന ആ ചെറുപ്പക്കാരൻ കുടുംബജീവിതം ത്യജിച്ച് ദില്ലിയുടെ തിരക്കിലേക്ക് അലിഞ്ഞു ചേർന്നത്. കൊവിഡ് ഭീതിയിൽ അവിടം ലോക്ക് ഡൗണിലേക്ക് പോയപ്പോൾ, പട്ടിണി കിടന്നു മടുത്താണ് സ്വന്തം ഗ്രാമത്തിലേക്ക്, അമ്മയുടെ, ഭാര്യയുടെ, മക്കളുടെ ഒക്കെ അടുത്തേക്ക് തിരിച്ചു പോകാൻ അയാളുടെ മനസ്സ് പറഞ്ഞത്. നടന്നു തീർക്കാൻ 80 കിലോമീറ്റർ ദൂരം മാത്രം അവശേഷിക്കെ നിലച്ചുപോയ ഹൃദയവുമായി അയാളുടെ ഉയിരറ്റ ദേഹം, ഫരീദാബാദിലെ ലോക്കൽ ഹാർഡ് വെയർ ഷോപ്പിന്റെ കാർപ്പെറ്റിൽ മരവിച്ചുകിടന്നു.

 

സുദീർഘമായ ആ നടത്തം. അതും ഒറ്റയടിക്ക് 200 കിലോമീറ്റർ നടക്കാൻ കാണിച്ച ആ ദുസ്സാഹസം. അതാവും അയാളുടെ ദുർബല ശരീരത്തിലെ, അതി ദുർബലമായ ഹൃദയത്തെ അതിന്റെ പരമാവധിയിലേക്ക് കൊണ്ടുചെന്നെത്തിച്ച്, നിലച്ചു പോകാൻ പ്രേരിപ്പിച്ചത്. കുറച്ചു ദൂരം അയാൾക്ക് ട്രക്കിൽ ലിഫ്റ്റ് കിട്ടിയിരുന്നു എന്നും, ഇങ്ങനെ നടന്നു വീട്ടിലേക്ക് പോകുന്നവർക്ക് കൊടുക്കാൻ വഴിയരികിൽ ഫുഡ് പാക്കറ്റും വെള്ളക്കുപ്പിയും ഒക്കെയായി യുപി പൊലീസിൽ ചിലരെ നിയോഗിച്ചിരുന്നു എന്നുമൊക്കെ അധികാരികൾ പറയുന്നുണ്ട് എങ്കിലും, ലോക്ക് ഡൗൺ സൃഷ്‌ടിച്ച അങ്കലാപ്പിൽ ചെയ്തു പോയ ഒരു കൃത്യം ജീവനെടുത്തത് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെയാണ്.

click me!