വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

Published : Feb 19, 2023, 12:57 PM IST
വ്യഭിചാരം ആരോപിച്ച് രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് ചാട്ടയടി, പരസ്യമായി ശിക്ഷ നടപ്പിലാക്കി താലിബാന്‍

Synopsis

കഴിഞ്ഞ മാസങ്ങളിൽ, താലിബാൻ ഭരണകൂടം കാബൂൾ, ബദക്ഷൻ, ഉറുസ്ഗാൻ, ജവ്‌ജാൻ, പർവാൻ, പക്തിയ അടക്കം വിവിധ പ്രവിശ്യകളില്‍ നിരവധി ആളുകളെ പരസ്യമായി അടിച്ചു കൊണ്ട് ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ രണ്ട് സ്ത്രീകളടക്കം 11 പേര്‍ക്ക് പരസ്യമായി ചാട്ടയടി. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ സ്‌പോർട്‌സ് ഗ്രൗണ്ടിൽ വച്ച് വെള്ളിയാഴ്ചയാണ് ഇവരെ പരസ്യമായി മർദ്ദിച്ചതെന്ന് താലിബാൻ സുപ്രീം കോടതി പറഞ്ഞതായി അഫ്ഗാനിസ്ഥാനിലെ വാർത്താ ഏജൻസിയായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.

സദാചാരക്കുറ്റവും വ്യഭിചാരവും ആരോപിച്ചാണ്, 11 പേരെ താലിബാൻ അധികാരികൾ, പണ്ഡിതന്മാർ, പ്രദേശത്തെ മുതിർന്ന ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തിൽ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ വച്ച് പരസ്യമായി അടിച്ചത്. ഇതിന് മുമ്പ്, താലിബാൻ സുപ്രീം കോടതിയുടെ വിധി പ്രകാരം, തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലെ ഗ്രിഷ്ക് ജില്ലയിൽ 16 പേരെ പരസ്യമായി മർദ്ദിച്ചതായും ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. 

അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിലായി 250 പേരെങ്കിലും വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ താലിബാൻ പരസ്യമായി മര്‍ദ്ദിച്ച് കൊണ്ട് ശിക്ഷിച്ചു കാണും എന്ന് കണക്കുകള്‍ പറയുന്നു. നവംബറിലാണ് താലിബാന്‍ പരസ്യമായി ശിക്ഷ നടപ്പിലാക്കാന്‍ ആരംഭിച്ചത്. പിന്നീട്, താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ കോടതിയോട് ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

കഴിഞ്ഞ മാസങ്ങളിൽ, താലിബാൻ ഭരണകൂടം കാബൂൾ, ബദക്ഷൻ, ഉറുസ്ഗാൻ, ജവ്‌ജാൻ, പർവാൻ, പക്തിയ അടക്കം വിവിധ പ്രവിശ്യകളില്‍ നിരവധി ആളുകളെ പരസ്യമായി അടിച്ചു കൊണ്ട് ശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്. നേരത്തെ താലിബാന്‍ മൂന്നു പേരെ 39 തവണയാണ് ചാട്ടയടിച്ച് ശിക്ഷ നടപ്പിലാക്കിയത്. വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങള്‍ താലിബാന്‍ അംഗീകരിക്കുന്നില്ല, ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരസ്യമായി ശിക്ഷ നല്‍കുകയാണ് താലിബാന്‍ ചെയ്യുന്നത്. 

അതേ സമയം സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം നിര്‍ത്തലാക്കിക്കൊണ്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലൂടെ കടന്നു പോവുകയാണ് അഫ്ഗാന്‍. 

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ചു, പിന്നാലെ പോലീസിനെ വിളിച്ച് ഭാര്യ
ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു