1,100 വർഷം പഴക്കമുള്ള ശിവക്ഷേത്രവും തായ്‍ലന്‍ഡ് കംബോഡിയ സംഘർഷവും

Published : Jul 26, 2025, 12:35 PM ISTUpdated : Jul 26, 2025, 12:39 PM IST
 Preah Vihear temple

Synopsis

1,100 വർഷം പഴക്കുള്ള ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന 800 കിലോമീറ്റര്‍ നീളുമുള്ള അതിര്‍ത്തിയും കംബോഡിയയെയും തായ്‍ലന്‍ഡിനെയും എന്നും സംഘർഷത്തിന്‍റെ മുൾമുനയില്‍ നിര്‍ത്തുന്നു.

 

1,100 വർഷം പഴക്കമുള്ള ഒരു ശിവ ക്ഷേത്രവും അതിനോട് ചേര്‍ന്നതും ഏതാണ്ട് 800 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഒരു പ്രദേശത്തെയും ചൊല്ലിയുള്ള തര്‍ക്കം ഇന്ന് ഇരുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്‍റെ വക്കോളമെത്താന്‍ സാധ്യതയുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിൽ നടക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെയായി ഏറ്റവും കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടെന്നും 150 ഓളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഏതാണ്ട് ഒരു ലക്ഷത്തിന് മേരെ ആളുകളെ തായ്‍ലന്‍ഡ് തങ്ങളുടെ അതിര്‍ത്തി മേഖലയില്‍ നിന്നും ഒഴിപ്പിച്ചു.

സംഘര്‍ഷത്തിന്‍റെ കാരണങ്ങൾ

തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിലുള്ള ഏകദേശം 800 കിലോമീറ്റർ അതിർത്തി വളരെക്കാലമായി ഇരുരാജ്യങ്ങൾക്കും ഇടയിലൂള്ള ഒരു തര്‍ക്കപ്രദേശമാണ്. പലപ്പോഴും അസ്ഥസ്ഥമാകുന്ന പ്രദേശത്ത് ഇടയ്ക്കൊക്കെ ചെറിയ സംഘര്‍ഷങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. തര്‍ക്കത്തിന് കാരണം അതിര്‍ത്തി തന്നെ. അതോടൊപ്പം അതിര്‍ത്തിയിലെ ഏറ്റവും പ്രധാന ആകര്‍ഷണ കേന്ദ്രമായ 1,100 വര്‍ഷത്തോളം പഴക്കമുള്ള ഒരു ശിവ ക്ഷേത്രവും .

തായ്‌ലൻഡ് - കംബോഡിയ അതിർത്തിയിലെ ഡാങ്രെക് പർവതനിരയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ഹിന്ദു ക്ഷേത്രമാണ് പ്രീഹ് വിഹാർ ക്ഷേത്രം. കംബോഡിയയിലെ പ്രീഹ് വിഹാർ പ്രവിശ്യയ്ക്കും തായ്‌ലൻഡിലെ സിസാകെറ്റ് പ്രവിശ്യയ്ക്കും ഇടയിൽ ഇരു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന ഒരു പർവതപ്രദേശത്താണ് ഈ ക്ഷേത്രമുള്ളത്.

1907-ൽ ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്ത് കംബോഡിയ വരച്ച ഒരു ഭൂപടത്തിൽ ക്ഷേത്രം കംബോഡിയയുടെ ഭാഗമാണ്. എന്നാല്‍ ഭൂപടം വ്യക്തമല്ലെന്നും ഔദ്ധ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും തായ്‍ലന്‍ഡ് വാദിക്കുന്നു. 1962 -ല്‍ കംബോഡിയ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) ഉന്നയിച്ചു. കോടതി കംബോഡിയ്ക്ക് അനുകൂല വിധി പറഞ്ഞു. ഒപ്പം ക്ഷേത്രം കംബോഡിയയ്ക്ക് അവകാശപ്പെട്ടതാണെന്നും വിധിച്ചു. പക്ഷേ, വിട്ടുകൊടുക്കാന്‍ തായ്‍ലന്‍ഡ് തയ്യാറല്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം 4.6 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്‍റെ അധികാരം സംബന്ധിച്ച് തായ്‍ലന്‍ഡ് തര്‍ക്കം ഉന്നയിച്ചു.

 

 

എന്നാല്‍, കംബോഡിയ ഒരു ചുവട് മുന്നോട്ട് വച്ചു. 2008 -ല്‍ പ്രീഹ് വിഹാർ ക്ഷേത്രത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതില്‍ കംബോഡിയ വിജയം കണ്ടു. ഇത് തായ്‍ലന്‍ഡിനെ പ്രകോപിപ്പിച്ചു. ഇതോടെ സംഘര്‍ഷങ്ങൾക്ക് തുടക്കമായി. 2011-ൽ രൂക്ഷമായ ആക്രമണങ്ങൾ നടന്നു. ഇന്ന് 15 പേര്‍ കൊല്ലപ്പെട്ടു. കേസ് വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തി. കോടതി 2013 -ല്‍ ക്ഷേത്രം കംബോഡിയയുടെ ഉടമസ്ഥതയിലാണെന്ന് വിധിച്ചു. ചുറ്റമുള്ള ഭൂമിയുടെ അവകാശവും കംബോഡിയയ്ക്ക് നല്‍കിയ കോടതി പ്രദേശം ഒരു സൈനികരഹിത മേഖലയാക്കാൻ നിര്‍ദ്ദേശിച്ചു. പക്ഷേ, ആ തീരുമാനം നടപ്പായില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാരണം വിധി അംഗീകരിക്കാന്‍ തായ്‍ലന്‍ഡ് തയ്യാറായില്ലെന്നത് തന്നെ.

ജൂലൈ 24 -നാണ് പുതിയ സംഘര്‍ഷങ്ങളുടെ തുടക്കം. പ്രീഹ് വിഹാർ ക്ഷേത്രത്തിന് സമീപം കംബോഡിയന്‍ സൈന്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും ഇവര്‍ തായ്‍ലന്‍ഡിന് നേരെ വെടിയുതിര്‍ത്തതായും ആരോപിച്ച് തായ്‍ലന്‍ഡ് ആക്രമണം ആരംഭിച്ചു. പിന്നാലെ ഇരു സൈനിക വിഭാഗങ്ങളും തമ്മില്‍ റോക്കറ്റ് ലോഞ്ചറുകൾ തൊടുത്തുവിടുകയായിരുന്നു.

പ്രീഹ് വിഹാർ ക്ഷേത്രം

എ.ഡി. 9-ാം നൂറ്റാണ്ടിലാണ് പ്രീഹ് വിഹാർ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് കാണുന്ന പ്രധാന ഘടന 11 നൂറ്റാണ്ടില്‍ ഖെമർ സാമ്രാജ്യമാണ് നിര്‍മ്മിച്ചത്. സൂര്യവർമ്മൻ ഒന്നാമൻ രാജാവിന്‍റെ (1002–1050) കീഴിൽ നിർമ്മാണം ആരംഭിച്ച ക്ഷേത്രം, സൂര്യവർമ്മൻ രണ്ടാമൻ രാജാവിന്‍റെ (1113–1150) കാലത്ത് വികസിപ്പിച്ചു. ശിവനാണ് പ്രധാന പ്രതിഷ്ഠ. ക്ലാസിക്കൽ ഖെമർ വാസ്തുവിദ്യയുടെ ഒരു മികച്ച ഉദാഹരണമാണ് ഈ ക്ഷേത്രം.

പ്രധാന ആരാധനാലയമായ പ്രസാത് ത മുയെൻ തോം മണൽക്കല്ലിൽ നിർമ്മിച്ചതാണ്, ക്ഷേത്രത്തില്‍ ആരാധനയ്ക്കായി ശിവലിംഗ പ്രതിഷ്ഠ നടത്തിയിരുന്നു. ഈ ക്ഷേത്രത്തോടൊപ്പം ഒരു വലിയ ലൈബ്രറിയും ഒരു ആശുപത്രിയും അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇവ രണ്ടും പിന്നീട് പ്രദേശത്ത് ശക്തി പ്രാപിച്ച മഹായാന ബുദ്ധമതാനുയായികളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനായി ഇന്ത്യ 2018 -ല്‍ കംബോഡിയയുമായി ധാരണാപത്രത്തില് ഒപ്പിട്ടിരുന്നു.

കംബോഡിയയെ സംബന്ധിച്ച് തങ്ങളുടെ ചരിത്രത്തിന്‍റെ ഭാഗമാണ് ക്ഷേത്രം. ഖെമർ ചരിത്രവും സംസ്കാരവും കംബോഡിയയുടെ ചരിത്രവുമായി ഇഴ പിരിഞ്ഞ് കിടക്കുന്നു. രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായി കംബോധിയ ക്ഷേത്രത്തെ കാണുന്നു. എന്നാല്‍, തായ്‍ലഡിലെ തീവ്രദേശീയ വാദികൾ ക്ഷേത്രം തായ്‍ലന്‍ഡിന്‍റേതാണെന്ന് വാദിക്കുന്നു. അതേസമയം ഈ പ്രദേശത്ത് കൃത്യമായ ഒരു അതിര്‍ത്തിയില്ലെന്നത് പ്രശ്നം രൂക്ഷമാക്കുന്നു. നിരവധി ചര്‍ച്ചകൾ ഈ വിഷയത്തില്‍ ഇരുരാജ്യങ്ങളും നടത്തിയെങ്കിലും ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകൾ പലപ്പോഴും അലസിപ്പിരിയാറ്. ഇരു രാജ്യങ്ങളും പ്രദേശത്ത് സൈന്യത്തെ പട്രോളിംഗിനായി അയക്കുന്നത് സംഘര്‍ഷം എന്നും സജീവമായി നിലനിര്‍ത്താന്‍ മാത്രമാണ് ഉപകരിച്ചിട്ടുള്ളതും. ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കവും അത് തന്നെ.

 

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ