
അതിശക്തമായ മഴയാണ് പെയ്തൊഴിയുന്നത്. പ്രത്യേകിച്ചും കേരളം അടക്കമുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍. പല സ്ഥലങ്ങളിലും നദികൾ കരകവിഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ച് പോയെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. മഴക്കെടുതികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കുയ്ക്കപ്പെട്ടു. ഇതിനിടെ പഞ്ചാബില്‍ നിന്നുള്ള മഴക്കെടുതിയുടെ ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. റോഡിലും തോടിനുമിടയിലെ മടപൊട്ടി റോഡ് ഒലിച്ച് പോയപ്പോൾ സ്കൂൾ വിദ്യാര്‍ത്ഥിനികളെയും നാട്ടുകാരെയും കടക്കാന്‍ സഹായിക്കുന്ന യുവാക്കളുടെ വീഡിയോയായിരുന്നു അത്.
ആളുകൾക്ക് കടന്ന് പോകുന്നതിനായി യുവാക്കൾ വെള്ളത്തിന് മീതെ കിടന്നു. ആളുകൾ യുവാക്കളുടെ മുതുകില്‍ ചവിട്ടി കുത്തിയൊഴുകുന്ന വെള്ളത്തെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാം, പഞ്ചാബിലെ മോഗ ജില്ലയിൽ നിന്നുള്ളതായിരുന്നു വീഡിയോ. കനത്ത മഴയിൽ ഒരു ഗ്രാമത്തിലെ റോഡ് ഒലിച്ചു പോവുകയായിരുന്നു. ഇതോടെ കുട്ടികൾ അടക്കമുള്ള യാത്രക്കാര്‍ അക്കരെ പെട്ട് പോയി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്രാമവാസികൾ കുട്ടികളെ ധൈര്യത്തോടെ റോഡിന് കുറുകെ കടക്കാന്‍ സഹായിച്ച് മുന്നോട്ടെത്തി. യുവാക്കൾ യാതൊരു മടിയും കൂടാതെ വെള്ളത്തിന് മീതെ ഒരു പാലം പോലെ കിടക്കുന്നതും കുട്ടികളും മറ്റ് യാത്രക്കാരും ഇവരുടെ മുതുകില്‍ ചവിട്ടി റോഡ് മുറിച്ച് കടക്കുന്നതും വീഡിയോയില്‍ കാണാം. 30 ഓളം കുട്ടികൾ ഇങ്ങനെ റോഡ് മുറിച്ച് കടന്നെന്ന് എക്സില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് റിഷു രാജ് സിംഗ് കുറിച്ചു.
വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ യുവാക്കളെ അഭിനന്ദിച്ച് മുന്നോട്ട് വന്നു. മനുഷ്യത്വം ഇപ്പോഴും അവശേഷിക്കുന്നുവെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ യുവാക്കൾ അഭിനന്ദനം അർഹിക്കുന്നെന്ന് കുറിച്ചു. ചെറിയ ഗ്രാമങ്ങളിൽ ഇപ്പോഴും മനുഷ്യത്വം നിലനിൽക്കുന്നു എന്നതിന്‍റെ ശക്തമായ ഉദാഹരണമാണിത്. ദൈവം ഇരുവരെയും അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.